Ticker

6/recent/ticker-posts

Header Ads Widget

കൂടത്തായിയിൽ വിവാഹസത്‌കാരത്തിന് എത്തിയയാൾ സർവീസ് ലിഫ്റ്റിൽ തലകുടുങ്ങി മരിച്ചു

സദ്യയ്ക്ക് ആവശ്യമായ പപ്പടവുമായി മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്ന ലിഫ്റ്റിൽ ചാടിക്കയറാൻ ശ്രമിക്കവേ തെന്നിവീണാണ് സമീപത്തെ ഇരുമ്പ് കമ്പിക്കും ചങ്ങലയ്ക്കിടയിലും തല കുടുങ്ങിയത്.


ഓമശ്ശേരി: വിവാഹ സത്കാരത്തിന് എത്തിയയാൾ ഓഡിറ്റോറിയത്തിലെ സർവീസ് ലിഫ്റ്റിൽ ചാടിക്കയറാൻ ശ്രമിക്കവേ തലകുടുങ്ങി മരിച്ചു. കൂടത്തായി ചക്കികാവ് പുറായിൽ കാഞ്ഞിരാപറമ്പിൽ ദാസൻ (53) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കൂടത്തായിയിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം. അയൽവാസിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു.

സദ്യയ്ക്ക് ആവശ്യമായ പപ്പടവുമായി മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്ന ലിഫ്റ്റിൽ ചാടിക്കയറാൻ ശ്രമിക്കവേ തെന്നിവീണാണ് സമീപത്തെ ഇരുമ്പ് കമ്പിക്കും ചങ്ങലയ്ക്കിടയിലും തല കുടുങ്ങിയത്. ഇതിനിടെ, ലിഫ്റ്റ് ഉയർന്നു തുടങ്ങിയിരുന്നു.

ഒരാൾ പൊക്കത്തിൽ ഉയർന്ന ലിഫ്റ്റ് ഉടൻതന്നെ താഴെയിറക്കി. ഗുരുതരമായി പരിക്കേറ്റ ദാസനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓഡിറ്റോറിയത്തിലെ സദ്യക്കാവശ്യമായ വിഭവങ്ങൾ മുകളിലെത്തിക്കാൻ ഉപയോഗിക്കുന്ന സർവീസ് ലിഫ്റ്റിന് മറ്റ് ലിഫ്റ്റുകളുടെ സുരക്ഷാസൗകര്യങ്ങളില്ല. സംഭവത്തിൽ കോടഞ്ചേരി പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

അച്ഛൻ: കാഞ്ഞിരാപറമ്പിൽ പരേതനായ ശങ്കരൻ. അമ്മ: പരേതയായ ദേവകി. ഭാര്യ: അജിത. മക്കൾ: ആദിൽഷ, ആജിൻഷ. മരുമകൻ: സുജീഷ് മറിവീട്ടിൽതാഴം. സഹോദരങ്ങൾ: ലീല, രാധ, രാജൻ, രാജേഷ്.

Post a Comment

0 Comments