Ticker

6/recent/ticker-posts

Header Ads Widget

ഡി.ജെ. പാര്‍ട്ടികളില്‍ ചട്ടം ലംഘിച്ച് മദ്യം വിളമ്പി; എക്‌സൈസ് റെയ്ഡ്, രണ്ടുഹോട്ടലുകള്‍ക്കെതിരേ നടപടി

പുതുവത്സര ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ പോലീസും എക്‌സൈസും നഗരത്തില്‍ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


കൊച്ചി: നിയമങ്ങള്‍ കാറ്റില്‍ പറത്തി ഡി.ജെ. പാര്‍ട്ടി നടത്തുകയും ചട്ടം ലംഘിച്ച് മദ്യം വിളമ്പുകയും ചെയ്ത രണ്ട് ഹോട്ടലുകള്‍ക്കെതിരേ എക്‌സൈസ് കേസെടുത്തു. ഒരു ഹോട്ടലില്‍നിന്ന് 50 ലിറ്റര്‍ മദ്യവും കസ്റ്റഡിയിലെടുത്തു.

കൊച്ചി നഗരത്തില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് എക്‌സൈസ് സംഘം രണ്ട് ഹോട്ടലുകള്‍ക്കെതിരേ നടപടിയെടുത്തത്.
എറണാകുളം നോര്‍ത്തിലെ ഒരു ഹോട്ടലില്‍നിന്നാണ് 50 ലിറ്റര്‍ മദ്യം കസ്റ്റഡിയിലെടുത്തത്. ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഡി.ജെ. പാര്‍ട്ടിയും മദ്യസത്കാരവും ഒരുമിച്ചായിരുന്നു.

എന്നാല്‍ ഇവിടെ മദ്യം വിളമ്പാനോ പ്രദര്‍ശിപ്പിക്കാനോ അനുമതിയുണ്ടായിരുന്നില്ല. സംഭവത്തില്‍ ഹോട്ടല്‍ മാനേജറെ അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന് പിഴയും ചുമത്തി.
പുതുവത്സര ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ പോലീസും എക്‌സൈസും നഗരത്തില്‍ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

അതേസമയം, ചില ഹോട്ടലുകള്‍ പുതുവത്സരദിനത്തിലെ മദ്യവില്പന ലക്ഷ്യമിട്ട് ഡി.ജെ. പാര്‍ട്ടിക്കൊപ്പം വന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കപ്പിള്‍സിനും വനിതകള്‍ക്കും സൗജന്യ പ്രവേശനം, സൗജന്യ മദ്യം തുടങ്ങിയ ഓഫറുകളാണ് പല ഹോട്ടലുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം ഹോട്ടലുകളെ എക്‌സൈസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. പുതുവത്സരത്തോട് അനുബന്ധിച്ചുള്ള ലഹരിയൊഴുക്ക് തടയാന്‍ നഗരത്തില്‍ മഫ്തിയിലും പോലീസ് നിരീക്ഷണമുണ്ട്.

Post a Comment

0 Comments