പ്രവാസികള്‍ ശ്രദ്ധിക്കുക; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ മാറ്റം.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ മാറ്റം. ഡിസംബര്‍ 12 തിങ്കളാഴ്‍ച മുതല്‍ സര്‍വീസുകള്‍ രണ്ടാം ടെര്‍മിനലിലേക്ക് മാറ്റുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഉച്ചയ്‍ക്ക് 12 മണി മുതല്‍ ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തില്‍ വരും.
റിയാദ് വിമാനത്താവളത്തില്‍ പുതിയ രണ്ട് ടെര്‍മിനലുകള്‍ കൂടി തുറന്നതോടെ നടപ്പാക്കുന്ന ടെര്‍മിനല്‍ മാറ്റങ്ങളുടെ ഭാഗമായാണ് ഇത്. ഡിസംബര്‍ 12 തിങ്കളാഴ്‍ച റിയാദില്‍ നിന്നുള്ള എഐ 921 മുംബൈ - ഡല്‍ഹി സര്‍വീസുകള്‍ രണ്ടാം ടെര്‍മിനലില്‍ നിന്നും, റിയാദില്‍ നിന്നുള്ള എഐ 941 ഹൈദരാബാദ് - മുംബൈ സര്‍വീസ് ഒന്നാം ടെര്‍മിനലില്‍ നിന്നുമായിരിക്കും പുറുപ്പെടുകയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
റിയാദ് കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തില്‍ വന്നു തുടങ്ങിയിട്ടുണ്ട്. നിലവില്‍ രണ്ടാം ടെര്‍മിനലില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സര്‍വീസുകള്‍ മൂന്ന്, നാല് ടെര്‍മിനലുകളിലേക്കാണ് മാറ്റുന്നത്. ഡിസംബര്‍ നാലിന് ഉച്ച മുതല്‍ ടെര്‍മിനല്‍ മാറ്റം തുടങ്ങി. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ആറാം തീയ്യതി മുതലാണ് മാറുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
അബുദാബി, ബഹ്റൈന്‍, ബെയ്‍റൂത്ത്, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ ഞായറാഴ്ച ഉച്ചയോടെ നാലാം ടെര്‍മിനലിലേക്ക് മാറി. ദുബൈ, കെയ്‍റോ, ശറം അല്‍ഖൈശ്, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ തിങ്കളാഴ്ച മുതലാണ് നാലാം ടെര്‍മിനലിലേക്ക് മാറിയത്.
സൗദിയിൽ 25 വയസ് പൂർത്തിയായ ആശ്രിത വിസയിലുള്ളവർ സ്പോൺസർഷിപ്പ് മാറ്റണം.
സൗദി അറേബ്യയിൽ മാതാവിന്റെയോ പിതാവിന്റെയോ ആശ്രിത വിസയിൽ കഴിയുന്ന 25 വയസ് പൂർത്തിയായ ആൺമക്കൾ നിർബന്ധമായും സ്ഥാപനങ്ങളുടെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റണമെന്ന് സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ട്രേറ്റ്. ആശ്രിത വിസയിലുള്ള 21 വയസിന് മുകളിലുള്ളവരുടെ ഇഖാമ പുതുക്കുമ്പോൾ വിദ്യാർഥിയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
21 വയസുകഴിഞ്ഞവർ വിദ്യാർഥികളാണെങ്കിൽ മാത്രമേ ആശ്രിത വിസയിൽ തുടരാൻ കഴിയൂ. 25 വയസ് കഴിഞ്ഞാൽ തൊഴിൽ വിസയിൽ മാത്രമേ രാജ്യത്ത് തുടരാനാവൂ. അതുകൊണ്ടാണ് വിദേശിയുടെ ആശ്രിതരായി കുടുംബ വിസയിൽ സൗദിയിൽ കഴിയുന്ന ആണുങ്ങളിൽ 21 വയസുകഴിഞ്ഞവർ ഇഖാമ പുതുക്കാൻ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്നും 25 വയസ് പൂർത്തിയായവർ തൊഴിൽ സ്ഥാപനത്തിന്റെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റണമെന്നും വ്യവസ്ഥ വെക്കുന്നതെന്ന് ജവാസത് വിശദീകരിച്ചു. സ്ത്രീകളാണെങ്കിൽ ആശ്രിത വിസയിൽ തുടരാം. എന്നാൽ ഇഖാമ പുതുക്കുന്നതിന് വിവാഹിത അല്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം. വിവാഹിതയാണെങ്കിൽ ഭർത്താവിന്റെ സ്പോൺസർഷിപ്പിലേക്ക് മാറേണ്ടിവരും. സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാക്കാൻ ഗുണഭോക്താവ് സൗദി അറേബ്യയിൽ ഉണ്ടായിരിക്കണമെന്നും ഡയറക്ട്രേറ്റ് വ്യക്തമാക്കി.
സൗദി അറേബ്യയില്‍ ഹെഡ് നഴ്‌സ് നിയമനം; നോര്‍ക്ക റൂട്ട്സ് മുഖേന ഇപ്പോള്‍ അപേക്ഷിക്കാം.
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഹെഡ് നഴ്‌സുമാരുടെ ഒഴിവിലേയ്ക്ക് നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ ഹെഡ് നേഴ്‌സ് തസ്തികയിലെ പ്രവര്‍ത്തി പരിചയവുമുള്ള വർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്‌സൈറ്റ് (www.norkaroots.org) വഴി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ശമ്പളം 6000 സൗദി റിയാല്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 1800 425 3939 (ഇന്ത്യയില്‍ നിന്നും), +91- 8802 012345 ( വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).
ഖത്തർ: ഹയ്യ കാർഡ് ഇല്ലാതെ ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി.
ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ഹയ്യ കാർഡ് കൂടാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഡിസംബർ 6-ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹയ്യ കാർഡ് ഇല്ലാത്ത ജി സി സി നിവാസികൾക്ക് 2022 ഡിസംബർ 6 മുതൽ വിമാനമാർഗം ഖത്തറിലേക്ക് പ്രവേശിക്കാവുന്നതാണ്. ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റില്ലാത്ത ഫുട്ബാൾ ആരാധകർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഖത്തറിലെ വിമാനത്താവളങ്ങളിലൂടെയാണ് ഇത്തരം യാത്രികർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാജ്യത്തിന്റെ കര അതിർത്തികളിലൂടെ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡിസംബർ 8 മുതൽ ഇതിനുള്ള അനുമതി നൽകുന്നതാണ്.
എന്നാൽ കര അതിർത്തികളിലൂടെ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ, രാജ്യത്തേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന സമയത്തിന് 12 മണിക്കൂർ മുൻപെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിലൂടെ എൻട്രി പെർമിറ്റ് നേടിയിരിക്കണം. ഇത്തരം എൻട്രി പെർമിറ്റുകൾക്ക് ഫീസ് ഏർപ്പെടുത്തിയിട്ടില്ല.
0 Comments