ലോകകപ്പ് ഫുട്ബോൾ കഴിഞ്ഞതോടെ ഖത്തറിലേക്കുള്ള സൗദി പൗരന്മാരുടെ യാത്രാനടപടി പഴയ രീതിയിലേക്ക് മാറ്റി. ലോകകപ്പിന് മുമ്പുണ്ടായിരുന്ന പതിവ് നടപടിക്രമങ്ങളിലേക്ക് മാറ്റിയെന്ന് സൗദി ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു. പാസ്‌പോർട്ടോ ദേശീയ ഐഡിയോ ഉപയോഗിച്ച് പൗരന്മാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം. ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന സൗദി പൗരന്മാരുടെ പാസ്പോർട്ടുകളിൽ മൂന്നു മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം. പാസ്പോർട്ടുകൾ എല്ലാവരും നന്നായി സൂക്ഷിക്കണം. ഇവ പണയം വെക്കാനോ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വെക്കാനോ പാടില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ഗൾഫ് പൗരന്മാർക്ക് തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കാൻ നേരത്തെ മുതൽ അനുമതിയുണ്ട്. എന്നാൽ ലോകകപ്പ് പ്രമാണിച്ചുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഗൾഫ് പൗരന്മാർ തിരിച്ചറിയൽ കാർഡിൽ ഖത്തറിൽ പ്രവേശിക്കുന്നത് താൽക്കാലികമായി വിലക്കുകയായിരുന്നു. ഫുട്ബാൾ മത്സരത്തിെൻറ ടിക്കറ്റും ‘ഹയ്യാ’ കാർഡും നേടി പാസ്പോർട്ടുകൾ ഉപയോഗിച്ച് ഖത്തറിൽ പ്രവേശിക്കണമെന്നായിരുന്നു വ്യവസ്ഥ. ടിക്കറ്റില്ലാതെ ‘ഹയ്യാ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തു മാത്രം ഖത്തറിൽ പ്രവേശിക്കാനും പിന്നീട് അനുമതി നൽകിയിരുന്നു.
അതേസമയം ലോകകപ്പ് അവസാനിച്ചതോടെ ഖത്തറിലേക്കുള്ള വിസ നടപടികള്‍ പുനഃസ്ഥാപിച്ചു. ഓണ്‍ അറൈവല്‍ സംവിധാനം വഴി വിദേശികള്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാം. ഇന്ത്യ, പാകിസ്ഥാന്‍, തായ്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഓണ്‍ അറൈവല്‍ കാലയളവിലേക്ക് ഡിസ്‌കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ബുക്കിങും നിര്‍ബന്ധമാണ്.
ഓണ്‍ അറൈവല്‍ വിസാ കാലാവധി പരമാവധി 30 ദിവസമാണ്. ഖത്തറില്‍ തുടരുന്ന കാലയളവ് വരെ ഹോട്ടല്‍ ബുക്കിങ് ആവശ്യമാണ്. ഹോട്ടല്‍ ബുക്കിങ് എത്ര ദിവസം എന്നത് അനുസരിച്ചാണ് വിസ അനുവദിക്കുന്നത്. എല്ലാ വിമാന കമ്പനികള്‍ക്കും യാത്രാ ഏജന്‍സികള്‍ക്കും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നല്‍കിയിട്ടുണ്ട്. ഓണ്‍ അറൈവല്‍ വിസയില്‍ എത്തുന്നവരുടെ കൈവശം ആറുമാസം കാലയളവുള്ള പാസ്‌പോര്‍ട്ട്, സ്ഥിരീകരിച്ച റിട്ടേണ്‍ ടിക്കറ്റ്, സ്ഥിരീകരിച്ച ഹോട്ടല്‍ ബുക്കിങ് എന്നിവ ഉണ്ടായിരിക്കണം.
സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15305 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15305 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 ഡിസംബർ 15 മുതൽ 2022 ഡിസംബർ 21 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2022 ഡിസംബർ 24-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 8816 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2554 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 3935 പേരെയാണ് അറസ്റ്റ് ചെയ്തത്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
2022 ഡിസംബർ 8 മുതൽ 2022 ഡിസംബർ 14 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14821 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
0 Comments