ഇറാനിലെ മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിരയാവുന്നവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഒരു രാജ്യം ലോകത്തിനൊപ്പം സഞ്ചരിക്കാന്‍ കൂട്ടാക്കാതെ, സ്വന്തം ജനങ്ങളെ പീഡിപ്പിച്ചുകൊല്ലുന്ന കാഴ്ചകള്‍ നമ്മള്‍ സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നു. ജീവന്‍ പോയാലും വരുംതലമുറയെങ്കിലും രക്ഷപ്പെടണം എന്ന ചിന്തയോടെ അനവധി യുവത്വങ്ങള്‍ തങ്ങളുടെ ജീവനെ മതാധിഷ്ഠിത ഭരണകൂടത്തിന് ബലിയര്‍പ്പിക്കുന്നു. എഴുത്തുകാരിയും ഗവേഷകയുമായ ഹരിത സാവിത്രി ഇവിടെ തുറന്നുകാട്ടുന്നത് ഇറാന്‍ ഭരണകൂടത്തിന്റെ ക്രൂരതയ്ക്കിരയായി കഴിഞ്ഞ 13 വര്‍ഷമായി തടവില്‍ക്കഴിയുന്ന മറിയം അക്ബാരി മോണ്‍ഫരെദ് എന്ന മൂന്നു പെണ്‍കുട്ടികളുടെ അമ്മ എഴുതിയ കത്തിന്റെ പരിഭാഷയാണ്. രാജ്യമേതായാലും മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന മനസ്സുകളില്‍ നോവായി, കുറ്റബോധമായി മാറുന്നു ഈ കത്ത്. ഹരിത സാവിത്രിയുടെ എഴുത്തിലേക്ക്.
ഇറാനിലെ സെമ്‌നാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷമായി തുറുങ്കിലടയ്ക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയ തടവുകാരിയായ മറിയം അക്ബാരി മോണ്‍ഫരെദ് രാജ്യവ്യാപകമായി കത്തിപ്പടരുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഈയിടെ ഒരു കത്ത് എഴുതി. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ 'പീപ്പിള്‍സ് മുജാഹിദീന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാനെ' (പി.എം..ഒ.ഐ.) പിന്തുണച്ചതിനാണ് അവരെ ഇറാനിലെ ഭരണകൂടം തടവിലാക്കിയത്. ആംനസ്റ്റി ഇന്റര്‍നാഷണലും ഇറാനിലെ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും ഉള്‍പ്പെടെയുള്ള ജീവകാരുണ്യ സംഘടനകള്‍ മറിയത്തിന്റെ മോചനത്തിനായി ദീര്‍ഘനാളുകളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായില്ല.
കസ്റ്റഡിയില്‍ എടുത്തതിനു ശേഷം അഞ്ച് മാസത്തേക്ക് അവര്‍ എവിടെയാണെന്ന് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. അവസാനം 2010 മെയ് മാസത്തില്‍ പോലീസ് മറിയത്തെ ഒരു സദാചാരക്കോടതിയില്‍ ഹാജരാക്കി. 'ദൈവവിദ്വേഷം' (മൊഹരീബെ) ഉള്‍പ്പെടെയുള്ള നിരവധി കുറ്റങ്ങള്‍ ചുമത്തി. 15 വര്‍ഷത്തെ തടവിന് കോടതി അവരെ ശിക്ഷിച്ചു.
മറിയത്തിനു എതിരെയുള്ള കേസിലെ ജുഡീഷ്യല്‍ നടപടികള്‍ അങ്ങേയറ്റം അനീതി നിറഞ്ഞതായിരുന്നു.
പി.എം.ഒ..ഐയിലെ അംഗങ്ങളായ തന്റെ സഹോദരങ്ങളെ ഫോണ്‍ വിളിച്ചിരുന്നതും ഒരിക്കല്‍ അവരെ സന്ദര്‍ശിക്കാനായി ഇറാഖിലെ ക്യാമ്പ് അഷ്‌റഫ് സന്ദര്‍ശിച്ചതുമായിരുന്നു മറിയം ചെയ്ത കുറ്റം. അറസ്റ്റിനു ശേഷമുള്ള ആദ്യ 43 ദിവസങ്ങളില്‍ അഭിഭാഷകരെപ്പോലും നിഷേധിച്ചുകൊണ്ട് ഏകാന്ത തടവിലിട്ട് തീവ്രവും ക്രൂരവുമായ ചോദ്യംചെയ്യലിനു മറിയത്തെ വിധേയയാക്കി. അവസാനം വിചാരണാവേളയില്‍ ഭരണകൂടം അനുവദിച്ച അഭിഭാഷകനാകട്ടെ തന്റെ കക്ഷിയ്ക്ക് ആവശ്യമായ നിയമസഹായം നല്‍കിയതുമില്ല. മറിയം അക്ബരി മൊണാഫ്രഡിന്റെ വിചാരണയ്ക്കിടയില്‍ ജഡ്ജി ഇങ്ങനെ പറഞ്ഞു: ''പ്രതിപക്ഷ പാര്‍ട്ടിയുമായി ചേര്‍ന്ന് അവളുടെ സഹോദരങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അവള്‍ വില നല്‍കുകയായിരുന്നു. അവളുടെ കുട്ടികളെ കൂടി ഹാജരാക്ക്. അവര്‍ കരയുന്നത് നമുക്ക് കണ്ടു രസിക്കാം.''
ജഡ്ജി പരാമര്‍ശിച്ച അവരുടെ മൂന്നു സഹോദരന്മാരെയും ഒരു സഹോദരിയെയും ഗവണ്മെന്റ് വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു.
മൂന്നു പെണ്‍കുട്ടികളുടെ അമ്മയായ മറിയം ഒരു ദിവസം പോലും പരോള്‍ ലഭിക്കാതെയാണ് ഇക്കാലമത്രയും ജയിലില്‍ കഴിഞ്ഞത്. അവരുടെ ഭര്‍ത്താവ് ഹസ്സന്‍ ജഫാരി ഭാര്യയുടെ അനാരോഗ്യത്തെക്കുറിച്ചും അവര്‍ ജയില്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനും ലോകസംഘടനകളെ വിഷയത്തില്‍ ഇടപെടുത്താനും തന്റെയും കുടുംബത്തിന്റെയും സുരക്ഷ പോലും കണക്കിലെടുക്കാതെ അസാമാന്യമായ പോരാട്ടമാണ് നടത്തിയത്.
ഏറ്റവും അവസാനം മറിയത്തിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത് 2022 ഓഗസ്റ്റ് മാസത്തിലാണ്. മൂടുപടം ധരിക്കാതെ ജയിലിൽ അമ്മയെ സന്ദര്‍ശിക്കാനുള്ള അവകാശം അവരുടെ പെണ്‍മക്കള്‍ക്ക് നിഷേധിച്ചതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് മറിയത്തെ ഭീകരമായി മര്‍ദ്ദിച്ചത്തിനു ശേഷം ജയിലില്‍ കലാപം നടത്താന്‍ ശ്രമിച്ചു എന്ന ആരോപണം അവര്‍ക്കും ഭര്‍ത്താവിനും എതിരെ പോലീസ് ഉയര്‍ത്തി. കുട്ടികളുടെ മുന്നിലിട്ട് മറിയത്തെ തല്ലിച്ചതയ്ക്കുകയും ശ്വാസം മുട്ടിച്ചു ബോധം കെടുത്തുകയും ചെയ്തു. മര്‍ദ്ദനത്തില്‍ കഴുത്തിലെ എല്ലിന് കേടുപാട് സംഭവിക്കുകയും ശരീരമാസകലം ചതവുകളുണ്ടാവുകയും ചെയ്തുവെങ്കിലും ജയില്‍ വാര്‍ഡന്‍ നടപടികള്‍ ഒന്നുമെടുക്കാതെ കേസ് അവസാനിപ്പിക്കുകയാണുണ്ടായത്.
2022 ഡിസംബര്‍ 28-ന് പുറത്തു വന്ന മറിയത്തിന്റെ കത്തിന്റെ പൂര്‍ണരൂപം ഇപ്രകാരമാണ്:
'ജയിലിലെ എന്റെ 14-ാം വര്‍ഷം തുടങ്ങുന്നതിന് മുന്‍പുള്ള സന്ധ്യയാണിത്. നിങ്ങള്‍ ഈ വായിക്കുന്നത് വെറുമൊരു കഥയല്ല; നരകയാതന അനുഭവിക്കുന്ന എണ്‍പത്തിയഞ്ച് ദശലക്ഷം ജനങ്ങളില്‍ ഒരാളുടെ മാത്രം രക്തം പുരണ്ട വേദനയാണിത്.
13 വര്‍ഷം ജയിലില്‍ കഴിഞ്ഞ എന്നെ സംബന്ധിച്ചിടത്തോളം തടവില്‍ ചിലവഴിച്ച ദിവസങ്ങളും മാസങ്ങളും എണ്ണുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ എന്നോടും എന്റെ കുടുംബത്തോടും ആ കടുത്ത അനീതി നടന്ന ആ ഇരുണ്ട അര്‍ദ്ധരാത്രി ഞാന്‍ എങ്ങനെ മറക്കും? 1980-കള്‍ മുതല്‍ ഞങ്ങളുടെ കുടുംബത്തിന് നേരെ ഭരണകൂടം നടത്തിവരുന്ന അടിച്ചമര്‍ത്തലുകള്‍ ഞാന്‍ എങ്ങനെ മറക്കും?
2022 ഡിസംബര്‍ 29-ലെ ആ ശൈത്യകാല രാത്രിയില്‍ നാലു വയസ്സുള്ള സാറയില്‍നിന്നും 12 വയസ്സുള്ള രണ്ട് പെണ്‍മക്കളില്‍നിന്നും എന്നെ വേര്‍പിരിച്ചിട്ട് പതിമൂന്ന് വര്‍ഷം കഴിഞ്ഞു.
പ്രിയപ്പെട്ടവരോട് വിടപറയാന്‍ അവസരം തരാതെ, വിശദീകരണങ്ങള്‍ നല്‍കാന്‍ എന്നെ അനുവദിക്കാതെ അവര്‍ എവിന്‍ ജയിലിലേക്ക് കൊണ്ടുപോയി, ''രാവിലെ നിങ്ങള്‍ കുട്ടികളുടെ അടുത്തേക്ക് മടങ്ങും'' എന്ന പരിഹാസ്യമായ വാഗ്ദാനം അവര്‍ എനിക്ക് നല്‍കിയിട്ട് ഇന്നേക്ക് പതിമൂന്ന് വര്‍ഷം കഴിഞ്ഞു- 2009 ഡിസംബര്‍ 29 മുതല്‍ 2022 ഡിസംബര്‍ 29 വരെ!
ഈ കാലയളവിലെ ഓരോ സെക്കന്‍ഡും ചെലവഴിക്കുക എന്നത് ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള ഒരു പോരാട്ടമായിരുന്നു.
ഈ കാലയളവിലെ ഓരോ സെക്കന്‍ഡും ചെലവഴിക്കുക എന്നത് ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള ഒരു പോരാട്ടമായിരുന്നു.
13 വര്‍ഷങ്ങള്‍, അതായത് 4745 ദിവസങ്ങള്‍! അത് എണ്ണുന്നത് പോലും ഒരാളെ തളര്‍ത്തിക്കളയും. അത് പോട്ടെ, സമാനതകളില്ലാത്ത ഈ യുദ്ധത്തിനിടയില്‍ 4745 ദിവസങ്ങള്‍ ഒറ്റയ്ക്ക് ഒരാള്‍ ഓരോന്നോരോന്നായി ചെലവഴിക്കേണ്ടി വന്നതിനെപ്പറ്റി ചിന്തിച്ചുനോക്കൂ!
ഇത് 4,000 പേജുള്ള ഒരു കഥയല്ല, മറിച്ച്, വഴങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ അടിച്ചേല്‍പ്പിച്ച ഫാസിസ്റ്റ് ആധിപത്യത്തിനു കീഴിലുള്ള ജീവിതത്തിലെ കലര്‍പ്പില്ലാത്ത സത്യമാണ്.
ഇത് 4,000 പേജുള്ള ഒരു കഥയല്ല, മറിച്ച്, വഴങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ അടിച്ചേല്‍പ്പിച്ച ഫാസിസ്റ്റ് ആധിപത്യത്തിനു കീഴിലുള്ള ജീവിതത്തിലെ കലര്‍പ്പില്ലാത്ത സത്യമാണ്.
എന്റെ കുട്ടികളോടൊപ്പമാവാന്‍ ഈ ശരീരത്തിലെ എല്ലാ കോശങ്ങളും കൊണ്ട് ആഗ്രഹിക്കുന്നുവെങ്കിലും (ഏത് അമ്മയാണ് അത് ആഗ്രഹിക്കാത്തത്...!) ഞാന്‍ ഖേദിക്കുന്നില്ല. അതിനു പകരം ഈ പാതയിലൂടെ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഔപചാരികവും അനൗപചാരികവുമായ എല്ലാ ചോദ്യംചെയ്യലുകളിലും ഞാന്‍ ഇതുതന്നെ എല്ലാ തവണയും തുറന്നുപറഞ്ഞിട്ടുണ്ട്, അത് ആവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്!
13 വര്‍ഷമാണ് ഞാന്‍ എന്റെ കുട്ടികളില്‍നിന്നും അടര്‍ന്ന് കഴിഞ്ഞത്. പക്ഷേ, ഈ കാലയളവില്‍ എന്റെ സ്വന്തം കണ്ണുകള്‍ ധാരാളം കുറ്റകൃത്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
13 വര്‍ഷമാണ് ഞാന്‍ എന്റെ കുട്ടികളില്‍നിന്നും അടര്‍ന്ന് കഴിഞ്ഞത്. പക്ഷേ, ഈ കാലയളവില്‍ എന്റെ സ്വന്തം കണ്ണുകള്‍ ധാരാളം കുറ്റകൃത്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
അതെല്ലാം എന്റെ ചെറുത്തുനില്‍പ്പിനെ ശക്തമാക്കുകയാണ് ചെയ്തത്. ഇരുമ്പഴികളുടെ ഇപ്പുറത്ത്, പീഡനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഈ ഇരുണ്ട മരുഭൂമിയില്‍, ഒരാള്‍ക്ക് കാണാന്‍ കഴിയുന്നിടത്തോളം, അല്ലെങ്കില്‍ കാണാന്‍ കഴിയാത്തിടത്ത് പോലും നിന്ദ്യതയും ക്രൂരതയും മാത്രമേയുള്ളൂ! സ്ത്രീകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുകളുടെ ഒരു നിശബ്ദ ഡോക്യുമെന്ററിയാണ് ഇവിടെ നടക്കുന്നത്. അതിലൊന്നുപോലും കേള്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. പീഡനമനുഭവിക്കുന്നവരുടെ നൂറുകണക്കിന് പ്രതീകങ്ങളുമായി ജീവിക്കുക, അവരുടെ വേദന ഹൃദയവും ആത്മാവും കൊണ്ട് അനുഭവിക്കുക, അതേപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ!
13 വര്‍ഷമായി.
13 വര്‍ഷമായി.
എന്റെ പെണ്‍മക്കളുടെ അതേ പ്രായത്തിലുള്ള ഡസന്‍ കണക്കിന് കുട്ടികളെയും നൂറുകണക്കിന് കൗമാരപ്രായക്കാരെയും യുവാക്കളെയും ഞാന്‍ കണ്ടു. ഞാന്‍ അവരെ തഴുകി, അവരോട് സംസാരിച്ചു, അവരുടെ നിശബ്ദതയും ഏകാന്തതയും താങ്ങാനാവാതെ കോപം കൊണ്ട് പല്ലിറുമ്മി, ഞങ്ങളെ അടിച്ചമര്‍ത്തുന്നവരുടെ സംഘത്തിലുള്ള എല്ലാവര്‍ക്കുമെതിരെ അവര്‍ക്കുവേണ്ടി വാ തുറന്ന് അലറി.
ഈ 13 വര്‍ഷത്തിനിടയില്‍ എന്റെ മക്കള്‍ക്ക് എന്തൊക്കെ സംഭവിച്ചുവെന്നത് എനിക്കജ്ഞാതമാണ്. ഈ 13 വര്‍ഷത്തിനിടയില്‍ ഞാന്‍ ഉള്‍പ്പെടാത്ത അവരുടെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ അവര്‍ വളരെ ശക്തമായി കൈകാര്യം ചെയ്തു. അവരുമായുള്ള ഓരോ കൂടിക്കാഴ്ചയിലും ആ പ്രശ്നങ്ങളുടെ കൊടുങ്കാറ്റ് എനിക്ക് ഊര്‍ജ്ജസ്ഫോടനമായി മാറി.
പീഡനത്തിന്റെയും തളര്‍ച്ചയുടെയും ഈ ഇരുട്ട് ഞാന്‍ എങ്ങനെ അതിജീവിച്ചുവെന്ന് നിങ്ങള്‍ ചോദിച്ചാല്‍, എന്റെ ഹൃദയത്തിലെ വിശ്വാസത്തിന്റെ ജ്വലിക്കുന്ന ജ്വാലയാണ് എന്നെ മുന്നോട്ട് നയിച്ചതെന്ന് ഞാന്‍ പറയും.
അറസ്റ്റിന്റെ ആദ്യനിമിഷങ്ങള്‍ മുതല്‍ ശൂന്യമായ കൈകളോടെ ഏകാന്തതയുടെ നടുവില്‍ കഴിയുന്ന കാലമത്രയും, തടവുകാരുടെ സ്വത്വവും ആത്മാവും മരവിപ്പിക്കാനും കീഴടക്കാനുമാണ് ചോദ്യം ചെയ്യുന്നവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്.
എന്നാല്‍ 13 വര്‍ഷത്തോളം എന്റെ ആത്മാവിനെ നോവിച്ചതും ഞാന്‍ സാക്ഷ്യം വഹിച്ചതുമായ പീഡനങ്ങളോടുള്ള അമര്‍ഷമുണ്ടാക്കിയ വിശുദ്ധമായ കോപം ആ അഗ്നിയെ ജ്വലിപ്പിച്ചു നിറുത്താന്‍ എന്നെ സഹായിച്ചു. ചെറുത്തുനില്‍ക്കാന്‍ വേണ്ടി ഞാന്‍ പുഞ്ചിരിച്ചു, കൂടുതല്‍ കൂടുതല്‍ പുഞ്ചിരിച്ചു, കാരണം ചെറുത്തുനില്‍പ്പ് നമ്മുടെ ഹൃദയമാണ്.
എന്റെ സഹോദരന്‍മാരും സഹോദരികളും എന്തിനു വേണ്ടിയാണോ മരിച്ചത്, അവരുടെ വഴിയിലുള്ള വിശ്വാസം, ഞാന്‍ പാദങ്ങളൂന്നി നില്‍ക്കുന്ന പാതയിലുള്ള വിശ്വാസം, സ്വേച്ഛാധിപത്യത്തിനെതിരെ ജീവന്‍ ബലിയര്‍പ്പിച്ച് തെരുവില്‍ നില്‍ക്കുന്ന യുവാക്കളുടെ മുഷ്ടിയിലും ഉറച്ച ചുവടുകളിലുമുള്ള വിശ്വാസം, ഇതൊക്കെയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. മരിച്ചതായി ഞാന്‍ ഒരിക്കലും കരുതിയിട്ടില്ലാത്ത എന്റെ സഹോദരീ സഹോദരന്മാരുടെ നിരപരാധിത്വത്തിലുള്ള വിശ്വാസം മൂലം അവരായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ജീവനുണ്ടായിരുന്നവര്‍. ജയിലിലെ എന്റെ ഓരോ നിമിഷത്തിലും അവര്‍ എന്റെ കൈപിടിച്ചു.
ഇപ്പോള്‍ ഞാന്‍ അവരെ ഇറാന്റെ തെരുവുകളിലും കാണുന്നു. 1981-ല്‍ ഭരണകൂടം വധിച്ച അലിരെസയെ നാസിയാബാദിലെ ആ യുവാവിന്റെ ചുരുട്ടിയ മുഷ്ടിയില്‍ ഞാന്‍ കണ്ടു. 1988-ലെ വേനല്‍ക്കാലത്ത് എവിന്‍ ജയിലില്‍ വെച്ച് വധിക്കപ്പെട്ട റുഖിയെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സിനെതിരെ മുന്‍നിരയില്‍ നിര്‍ഭയയായി നില്‍ക്കുന്നതും ഞാന്‍ കാണുന്നു. 1988-ലെ വേനല്‍ക്കാലത്ത് ഗോഹര്‍ദാഷ്ത് ജയിലില്‍ വെച്ച് വധിക്കപ്പെട്ട അബ്ദുല്‍രെസയുടെ ശബ്ദം അവന്റെ സുഹൃത്തുക്കളുടെ സ്വാതന്ത്ര്യത്തിനായുള്ള തുടര്‍ച്ചയായ നിലവിളിയില്‍ ഞാന്‍ കേള്‍ക്കുന്നു. 1985-ല്‍ എവിന്‍ ജയിലില്‍ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സിന്റെ പീഡനത്തിനിരയായി രക്തസാക്ഷിയായ ഗുലാംരെസയെ തല്ലുകൊണ്ടും വെടിയേറ്റും തെരുവില്‍ സ്വാതന്ത്ര്യത്തിനായി മരണം വരിക്കുന്ന യുവാക്കളുടെ കൂട്ടത്തില്‍ ഞാന്‍ കാണുന്നു.
അവരെ അജ്ഞാതരായി കുഴിച്ചുമൂടാന്‍ ഭരണകൂടം ആഗ്രഹിച്ചു. എന്നാല്‍ ഖൊമേയ്നിക്ക് മുന്നില്‍ തലകുനിക്കാത്ത ആ യുവാക്കളുടെ പാത ധീരരായ അടുത്ത തലമുറ എങ്ങനെ പിന്തുടരുന്നു എന്നതിന് ഇപ്പോള്‍ നാം സാക്ഷ്യം വഹിക്കുകയാണ്.
നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നുകളഞ്ഞാല്‍ ശാശ്വതമായി അധികാരത്തിലിരിക്കാം എന്നവര്‍ കരുതി. പക്ഷേ, എന്തൊരു അസംബന്ധമാണത്. കാരണം നമ്മുടെ രക്തസാക്ഷികള്‍ ഇറാന്റെ തെരുവുകളില്‍ തീജ്വാലകള്‍ക്ക് നടുവില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. കാറ്റ് ഈ നഗരത്തിലെ നടപ്പാതകളില്‍ വിതറിയ അവരുടെ ചാരത്തില്‍നിന്ന് നിര്‍ഭയരായ പുരുഷന്മാരും സ്ത്രീകളും ഉയര്‍ന്നുവരികയാണ്! ശോഭയുള്ള ഭാവി ദിനങ്ങളിലെ വെയിലും മഴയും നിറഞ്ഞ ജീവിതം സ്വപനം കാണുന്ന ധീരരായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും നാല്‍പ്പത്തി മൂന്നു വര്‍ഷം നമ്മെ അടിച്ചമര്‍ത്തിയ സ്വേച്ഛാധിപതികളായ കുറ്റവാളികള്‍ക്ക് എതിരെ രോഷം പ്രകടിപ്പിക്കുകയും പോരാടുകയും ചെയ്യുന്നു,അവരുടെ സാന്നിധ്യത്തെ ഇരുട്ട് ഭയപ്പെടുന്നു! അവരുടെ സാന്നിധ്യത്തില്‍ എന്റെ വിശ്വാസം വര്‍ദ്ധിക്കുന്നു!
മതഭരണത്തിന്റെ ഇരുമ്പ് കവാടങ്ങള്‍ തകര്‍ക്കുകയാണ് സ്വാതന്ത്ര്യത്തിന്റെ ഏക പ്രതീക്ഷയെന്ന് കരുതുന്ന സ്ത്രീകളുടെ ഹൃദയങ്ങളില്‍ ഓരോ പ്രതിഷേധത്തിന്റെയും ഓരോ പ്രക്ഷോഭത്തിന്റെയും വാര്‍ത്തകള്‍ക്കൊപ്പം, ഈ കലാപജ്വാലയുടെ തീപ്പൊരികള്‍ക്കൊപ്പം പ്രത്യാശയുടെ പ്രകാശം നിറയുന്നു.
തെരുവിലിറങ്ങുന്ന എന്റെ ധീരരായ പെണ്‍മക്കളോടും ആണ്‍മക്കളോടും ഞാന്‍ പറയുന്നു. നിങ്ങളെ അറസ്റ്റ് ചെയ്താല്‍ ചോദ്യം ചെയ്യുന്നവരെ ഒരു തരിപോലും വിശ്വസിക്കരുത്. അവര്‍ നമ്മുടെ തരത്തിലുള്ളവരല്ല. എല്ലാ സമയത്തും ശത്രു ശത്രു മാത്രമാണ്! നിങ്ങളുടെ പാതയില്‍ കഴിയുന്നത്ര വിശ്വാസമര്‍പ്പിക്കുക. ഏകാന്ത തടവില്‍ നിങ്ങളെ ഇത് മാത്രമേ സഹായിക്കൂ.
തടവുകാരുടെ കുടുംബങ്ങളോട് ഞാന്‍ പറയുന്നു, വാഗ്ദാനങ്ങളും ഭീഷണികളും ഭയപ്പെടുത്തലുകളും കണക്കിലെടുക്കരുത്. പേരുകള്‍ വീണ്ടും വീണ്ടും വിളിച്ചുപറയാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയൂ. ചോദ്യം ചെയ്യുന്ന ഒരാളും നിങ്ങളെ സഹായിക്കില്ല.
സംസാരിക്കരുത്, പകരം നിലവിളിക്കുക!
പ്രിയപ്പെട്ടവരെ നഷ്ടമായ ദുഃഖിതരായ ഓരോ കുടുംബങ്ങളോടും മക്കളെ ബലിയര്‍പ്പിച്ച ഓരോ അമ്മയോടും രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന സഹോദരീ സഹോദരന്മാരോടും ഞാന്‍ പറയുന്നു: നിങ്ങളുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. ഇവിടെയിരുന്നു കൊണ്ട് നിങ്ങള്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. നീതിക്കുവേണ്ടി മുമ്പത്തേക്കാള്‍ ശക്തയായി ഉറച്ചുനില്‍ക്കുന്നു.
പ്രിയപ്പെട്ടവരെ നഷ്ടമായ ദുഃഖിതരായ ഓരോ കുടുംബങ്ങളോടും മക്കളെ ബലിയര്‍പ്പിച്ച ഓരോ അമ്മയോടും രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന സഹോദരീ സഹോദരന്മാരോടും ഞാന്‍ പറയുന്നു: നിങ്ങളുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. ഇവിടെയിരുന്നു കൊണ്ട് നിങ്ങള്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. നീതിക്കുവേണ്ടി മുമ്പത്തേക്കാള്‍ ശക്തയായി ഉറച്ചുനില്‍ക്കുന്നു.
13 വര്‍ഷത്തെ നിലയ്ക്കാത്ത പോരാട്ടത്തെക്കുറിച്ചാണ് ഞാന്‍ ഇതുവരെ പറഞ്ഞത്. എന്നാല്‍ ചുരുക്കത്തില്‍, ഞാന്‍ ഇതാണ് പറയാന്‍ ഉദ്ദേശിച്ചത്: 'ഒരു ദിവസം ഞാന്‍ സൂര്യനെപ്പോലെ ഒരു പര്‍വതത്തിന്റെ മുകളില്‍നിന്ന് വിജയഗീതം ആലപിക്കും.'
0 Comments