Ticker

6/recent/ticker-posts

Header Ads Widget

കലോത്സവം: ഇക്കുറി അപ്പീലുകളുടെ എണ്ണം പകുതിയായി

കോഴിക്കോട്: സംസ്ഥാന കലോത്സവത്തിന് അപ്പീലുകള്‍ അനുവദിക്കുന്ന സംവിധാനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി നിലപാട് കടുപ്പിച്ചതോടെ ഇക്കുറി അപ്പീലുകളുടെ എണ്ണം പകുതിയിലേക്ക് കുറഞ്ഞു.


2020-ല്‍ കാഞ്ഞങ്ങാട്ടുനടന്ന സംസ്ഥാനകലോത്സവത്തില്‍ മൊത്തം 632 അപ്പീലുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ മൊത്തം അപ്പീലുകള്‍ 300 കടക്കില്ലെന്നുറപ്പായി. 14 ജില്ലകളിലെയും ഡി.ഡി.മാര്‍ ഇക്കുറി അനുവദിച്ചത് 256 എണ്ണമാണ്. ലോകായുക്തയില്‍നിന്ന് 34 എണ്ണം മാത്രമാണ് അനുവദിച്ചത്. മുന്‍സിഫ് കോടതികളില്‍നിന്ന് ഇരുപതോളംമാത്രമേയുള്ളൂവെന്നാണ് വിവരം.

ബാലാവകാശകമ്മിഷനാണ് അപ്പീല്‍ നിയന്ത്രണത്തിന് സംസ്ഥാനകലോത്സവത്തില്‍ തുടക്കമിട്ടത്. 2018-ല്‍ തൃശ്ശൂരില്‍നടന്ന കലോത്സവത്തില്‍ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ പ്രചരിച്ചതാണ് കാരണമായത്. അപ്പീല്‍ തേടിയുള്ള അപേക്ഷകളില്‍ ബാലാവകാശലംഘനങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു.

ബാലാവകാശ കമ്മിഷനുമുന്നില്‍വന്ന നൂറുകണക്കിന് അപേക്ഷകളില്‍ മൂന്നെണ്ണത്തില്‍ നീതിനിഷേധം നടന്നതായി സംശയമുള്ളതിനാല്‍ അത് പരിഗണിക്കണമെന്നുകാണിച്ച് അതത് ഡി.ഡി.മാര്‍ക്ക് നിര്‍ദേശം നല്‍കുകമാത്രമാണ് ചെയ്തത്.

വാരിക്കോരി അപ്പീലുകള്‍ അനുവദിക്കുന്ന ഏര്‍പ്പാട് നിര്‍ത്തണമെന്ന തീരുമാനം ലോകായുക്തയും ഇക്കൊല്ലമെടുത്തിരുന്നു. അപ്പീല്‍ അപേക്ഷകളില്‍ 10 ശതമാനംമാത്രം അനുവദിച്ചാല്‍മതിയെന്ന് ഡി.ഡി.മാര്‍ക്ക് വിദ്യാഭ്യാസവകുപ്പില്‍നിന്ന് അനൗദ്യോഗികനിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കപ്പെട്ടതോടെ ഒഴുക്കും കുറഞ്ഞു.
കഴിഞ്ഞയാഴ്ച ഹൈക്കോടതി കൂട്ടത്തോടെ അപ്പീലുകള്‍ തള്ളിയത്, സംസ്ഥാനത്തെ മുന്‍സിഫ് കോടതികളും അപ്പീല്‍ അനുവദിക്കലിന് നിയന്ത്രണംവെച്ചു.

കലോത്സവം നടന്നുകൊണ്ടിരിക്കുമ്പോള്‍, അവസാനനിമിഷം കോടതിയില്‍നിന്നുള്ള അപ്പീലുകളുമായി വരുന്ന രീതിക്കും ഇത്തവണ കുറവുണ്ടാകും. അപ്പീലുകളുടെ എണ്ണം കുറയുന്നതോടെ മത്സരങ്ങള്‍ അനിശ്ചിതമായി നീളുന്നത് ഒഴിവാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.

Post a Comment

0 Comments