Ticker

6/recent/ticker-posts

Header Ads Widget

കാടുപിടിച്ച ക്വാര്‍ട്ടേഴ്സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളേജിന് എതിര്‍വശത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ യുവതിയുടെ ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

അഞ്ചല്‍ സ്വദേശിയായ നാസു(24)വിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മങ്ങാട് ടി.കെ.എം.സി. പൗര്‍ണമി നഗര്‍-63 വയലില്‍ പുത്തന്‍വീട്ടില്‍ പ്രസന്നന്റെയും ഉദയമ്മയുടെയും മകള്‍ മാമൂട് മുണ്ടഞ്ചിറ മാടന്‍കാവ് വീട്ടില്‍ വാടകയ്ക്കുതാമസിക്കുന്ന ഉമ പ്രസന്നന്‍ (32) ആണ് മരിച്ചത്.

പൂര്‍ണനഗ്‌നമായനിലയിലായിരുന്നു മൃതദേഹം. യുവതിയുടെ തലയുടെ ഇടതുഭാഗത്തും മാറിനുതാഴെയുമായി രണ്ട് മുറിവുകളുമുണ്ട്.
ഇരുവരും കഴിഞ്ഞ 29-ന് റെയില്‍വേ ക്വാര്‍ട്ടേഴ്സിലെത്തിയെന്നും അവിടെവെച്ച് യുവതിക്ക് അപസ്മാരമുണ്ടായെന്നും കസ്റ്റഡിയിലായ നാസു പോലീസിനു മൊഴിനല്‍കി. യുവതി മരിച്ചതോടെ പുറത്തിറങ്ങി ബ്ലേഡ് വാങ്ങിവന്നാണ് അവരുടെ ശരീരത്തില്‍ മുറിവുണ്ടാക്കിയതെന്നും നാസു പോലീസിനോടു പറഞ്ഞു. പോലീസ് ഈ മൊഴി പൂര്‍ണമായി വിശ്വസിക്കുന്നില്ല. ബുധനാഴ്ച രാത്രി വൈകിയും ഇയാളെ ചോദ്യംചെയ്യുകയാണ്.

ഉമയുടെ ഫോണ്‍ കണ്ടെത്തിയത് വാഹനപരിശോധനയ്ക്കിടെ

പുതുവത്സര രാത്രിയില്‍ കൊട്ടിയം പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ സംശയകരമായി കണ്ട നാസു(24)വിന്റെ പക്കല്‍നിന്നാണ് ഉമയുടെ ഫോണ്‍ കണ്ടെത്തിയത്. ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് അന്ന് ഇയാള്‍ പോലീസിനു നല്‍കിയ വിശദീകരണം. ഫോണ്‍ വാങ്ങിവെച്ചശേഷം യുവാവിനെ വിട്ടയച്ചു.

തുടര്‍ന്ന് ഫോണിലുണ്ടായിരുന്ന ഉമയുടെ അമ്മയുടെ നമ്പരില്‍ ബന്ധപ്പെട്ടു. യുവതിയെ കാണാതായെന്ന് കുണ്ടറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഉദയമ്മ അറിയിച്ചതോടെ ഫോണ്‍ കുണ്ടറ പോലീസിനു കൈമാറി. യുവതിയുടെ മരണവിവരം അറിഞ്ഞശേഷം ബുധനാഴ്ച നാസുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സൗന്ദര്യവര്‍ധകവസ്തുക്കള്‍ വീടുകളില്‍ വില്‍പ്പന നടത്തുകയായിരുന്ന ഉമയെ കഴിഞ്ഞമാസം 29 മുതല്‍ കാണാനില്ലെന്നുകാട്ടി അമ്മ ഉദയമ്മ കുണ്ടറ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടത്. ബലപ്രയോഗം നടന്നതിന് സൂചനകളില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധന നടത്തിയ രണ്ടു യുവാക്കളാണ് മൃതദേഹം കണ്ട് ഈസ്റ്റ് പോലീസിനെ വിവരമറിയിച്ചത്. രാത്രിതന്നെ പോലീസെത്തി പ്രാഥമിക പരിശോധന നടത്തി. തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ കൂടുതല്‍ പോലീസും ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരുമെത്തി. ശരീരത്തിന്റെ ചിലഭാഗങ്ങള്‍ അഴുകിയനിലയിലായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്ന് യുവതിയുടെ ബാഗും ലെഗ്ഗിങ്‌സും അടിവസ്ത്രവും കണ്ടെത്തി. 

ബാഗില്‍ വില്‍പ്പനയ്ക്കായുള്ള സൗന്ദര്യവസ്തുക്കളും തിരിച്ചറിയല്‍ കാര്‍ഡ്, രണ്ട് ഡയറി, കുട, പേനകള്‍, ഫോട്ടോകള്‍ തുടങ്ങിയവയുമുണ്ടായിരുന്നു. യുവതിയുടെ മറ്റ് വസ്ത്രങ്ങള്‍ കണ്ടെത്തിയിട്ടില്ല. കെട്ടിടത്തിനു സമീപത്തെ കിണറ്റില്‍ സ്‌കൂബ ടീമിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായതൊന്നും കണ്ടില്ല. ഉമയുടെ ഭര്‍ത്താവ് ബിജു മൂന്നുവര്‍ഷംമുമ്പ് അപകടത്തില്‍ മരിച്ചു. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പമാണ് ഉമ വാടകയ്ക്കു താമസിച്ചിരുന്നത്. മക്കള്‍: നന്ദന, നിധി. 

പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ദിവസവും രാത്രി ഏഴിന് വീട്ടിലെത്തുമെന്ന് അമ്മ

:മൂന്നുമാസംമുമ്പുവരെ നടന്ന് ലോട്ടറി വില്‍പ്പനയായിരുന്നു ഉമയ്ക്ക് ജോലി. അതിനുശേഷമാണ് സൗന്ദര്യവര്‍ധകവസ്തുക്കള്‍ വീടുകളിലെത്തിച്ചു വില്‍പ്പന നടത്താന്‍ തുടങ്ങിയത്. ദിവസവും രാത്രി ഏഴിന് വീട്ടിലെത്തുമായിരുന്നെന്ന് അമ്മ ഉദയമ്മ. 29-ന് രാത്രി 9.30 ആയിട്ടും വീട്ടിലെത്തിയില്ല. ഫോണ്‍ വിളിച്ചപ്പോള്‍ മറ്റാരുടെയോ അവ്യക്തമായ സംസാരമാണ് കേട്ടത്. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായി. ബന്ധുവീടുകളില്‍ പോയിരിക്കാമെന്ന ധാരണയില്‍ അന്വേഷണം നടത്തിയിട്ടും വിവരം ലഭിച്ചില്ല.

പിന്നീടാണ് കുണ്ടറ പോലീസില്‍ പരാതി നല്‍കിയത്. 31-ന് ഫോണ്‍ കൊട്ടിയം പോലീസിനു ലഭിച്ചതായി വിവരം ലഭിച്ചെന്നും ഉദയമ്മ പറഞ്ഞു.

Post a Comment

0 Comments