Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ ചില പ്രധാന വിദേശ വാർത്തകൾ


🇸🇦താത്കാലിക തൊഴിൽ വിസക്കാർക്ക് ഇഖാമയും വർക്ക് പെർമിറ്റും വേണ്ട.

✒️സൗദിയിലേക്ക് താത്കാലിക തൊഴിൽ വിസയിൽ വരുന്നവർക്ക് ഇഖാമയും (റെസിഡൻറ് പെർമിറ്റ്) വർക്ക് പെർമിറ്റും വേണ്ടെന്ന് ഖിവ പ്ലാറ്റ്ഫോം വ്യക്തമാക്കി. ഒരാൾ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഖിവ പ്ലാറ്റ്ഫോം ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം വിസക്കാരെ രാജ്യത്തെ പ്രവാസിയായി പരിഗണിക്കില്ല.

താത്കാലിക തൊഴിൽ വിസയിൽ വരുന്നയാൾക്ക് ഒരു നിശ്ചിത കാലയളവിൽ മാത്രമേ രാജ്യത്ത് ജോലി ചെയ്യാൻ അനുവാദമുണ്ടാവുകയുള്ളൂ. അത് നൽകുന്നത് സ്ഥാപനത്തിന്റെ നിതാഖാത് പദവിയെയും ബാധിക്കില്ല. സ്വദേശിവത്കരണം പാലിക്കുന്നത് ഉയർന്ന തോതിലെത്തുമ്പോൾ മാത്രമാണ് തത്കാലിക വിസകൾ നൽകാറ്. അത്തരം വിസകൾ സമാനമായ കാലയളവിൽ നീട്ടാനും സാധിക്കുമെന്നും ഖിവ പ്ലാറ്റ്ഫോം പറഞ്ഞു.

🎙️വാഹനാപകടത്തിൽ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്‍തു.

✒️വാഹനാപകടത്തിൽ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കുള്ള ഇന്‍ഷുറന്‍സ് തുക നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ കൈമാറി. നോർക്ക പ്രവാസി ഐ.ഡി. കാര്‍ഡ് എടുത്തവർക്ക് നാലു ലക്ഷം രൂപ വീതം 16 ലക്ഷം രൂപയും, അപകട ഇൻഷുറൻസ് ഇനത്തിൽ ഒരു ലക്ഷവും, പ്രവാസിരക്ഷാ ഇന്‍ഷുറന്‍സിന്റെ ഭാഗമായി ഒരു ലക്ഷവും ഉള്‍പ്പടെ 18 ലക്ഷം രൂപയാണ് ആറു പേർക്ക് കൈമാറിയത്. നോർക്ക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി എന്നിവർ പങ്കെടുത്തു.

2022 ജനുവരി മുതല്‍ 2023 ജനുവരി വരെ നോര്‍ക്ക റൂട്സ് പ്രവാസി ഐ.ഡി കാര്‍ഡ്‌ മുഖേന ഇന്‍ഷുറന്‍സ് തുകയായി 66,80,000 രൂപയാണ് 25 പേര്‍ക്ക് അനുവദിച്ചത്. നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ഐ.ഡി കാര്‍ഡ്‌ ഉടമകള്‍ക്ക് അപകട മരണം സംഭവിച്ചാൽ ആശ്രിതർക്ക് നാല് ലക്ഷം രൂപയുടെയും, അംഗവൈകല്യം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയുടെയും പരിരക്ഷ ലഭിക്കും.

മൂന്ന് വര്‍ഷമാണ് പ്രവാസി ഐ ഡി കാര്‍ഡിന്റെ കാലാവധി. 18 മുതല്‍ 70 വയസു വരെയുള്ള പ്രവാസികള്‍ക്ക് കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്.
ഇതു കൂടാതെ പ്രവാസികള്‍ക്ക് നോര്‍ക്ക പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി മുഖാന്തിരം 13 ഗുരുതര അസുഖങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടേയും രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഒരു വര്‍ഷമാണ് പ്രവാസി രക്ഷാ ഇന്‍ഷുറന്‍സിന്റെ കാലാവധി. 18 മുതല്‍ 60 വയസ്സുവരെയുള്ള പ്രവാസികള്‍ക്ക് പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാണ്. ഇതിനായി നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ (www.norkaroots.org) സന്ദര്‍ശിക്കാവുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്തിലെ ഐ.ഡി കാർഡ് വിഭാഗത്തിലെ 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

🇰🇼കുവൈറ്റ് നാഷണല്‍ ഗാര്‍ഡില്‍ വിവിധ തസ്തികകളില്‍ തൊഴില്‍ അവസരം; റിക്രൂട്ട്‌മെന്റ് അടുത്തയാഴ്ച എറണാകുളത്ത്.

✒️നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റ് നാഷണൽ ഗാർഡ്സിന്റെ (പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക്) റിക്രൂട്ട്മെന്റ് ഫെബ്രുവരി ആറാം തീയ്യതി മുതൽ പത്താം തീയ്യതി വരെ എറണാകുളത്ത് നടക്കും. കുവൈറ്റിന്റെ രാജ്യസുരക്ഷാ ചുമതലയുള്ള സംവിധാനമാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാർ, പാരാമെഡിക്സ്, ബയോ മെഡിക്കൽ എഞ്ചിനീയർ, ലാബ് ടെക്നിഷ്യന്‍, റേഡിയോഗ്രാഫേഴ്‌സ്, ഫാര്‍മസിസ്‌റ്, ഫിസിയോ തെറാപ്പിസ്റ്റ്‌, ഡയറ്റീഷ്യന്‍, നഴ്സ് തുടങ്ങി 23 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിയമമനുസരിച്ച് ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായ പരിധി ഡോക്ടര്‍, ഫിസിയോതെറാപ്പിസ്റ്റ്‌, ഡയറ്റീഷ്യന്‍ എന്നിവർക്ക് 45 വയസ്സ്. മറ്റ് തസ്തികകള്‍ക്ക് 35. റിട്ടയര്‍മെന്റ് പ്രായം ഡോക്ടർമാർക്ക് 75 വയസ്സും മറ്റ് തസ്തികകൾക്ക് 60 വയസുമാണ്.

ജനറല്‍ പ്രാക്റ്റീഷണർ, ഇന്റേണൽ മെഡിസിൻ, ജനറൽ സര്‍ജറി, യൂറോളജിസ്റ്റ് സര്‍ജറി, കാര്‍ഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ.എന്‍.ടി, ഡെര്‍മ്മറ്റോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, റെസ്‍പിറോളജിസ്റ്റ്, അലര്‍ജിസ്റ്റ്, ഡയബറ്റോളജിസ്റ്റ്, ഒഫ്‍താല്‍മോളജിസ്റ്റ്, ഓര്‍ത്തോപീഡിക്‌സ്, എമര്‍ജന്‍സി മെഡിസിന്‍, നെഫ്രോളജിസ്റ്റ്, ഇന്‍ഫെക്ഷ്യസ് ഡിസീസസ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗങ്ങളിലാണ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍. ആവശ്യമായ രേഖകൾ സമര്‍പ്പിച്ചിട്ടില്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്.

ഒഴിവുകളില്‍ അവസരം പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായിരിക്കും. താത്പര്യമുള്ള പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ വെബ്‌സൈറ്റിൽ (www.norkaroots.org) നല്‍കിയിരിക്കുന്ന ലിങ്ക് മുഖേന 2023 ഫെബ്രുവരി നാലാം തീയ്യതി വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് നോര്‍ക്ക റൂട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

നോര്‍ക്ക റൂട്ട്സ് വഴി കുവൈറ്റ് നാഷണൽ ഗാര്‍ഡിലെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം (പുരുഷന്മാരുടെ) 2022 ഓഗസ്റ്റ് മാസം ഓണ്‍ലൈന്‍ മുഖേന നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ച ഡോക്ടര്‍മാർ, ലാബ് ടെക്നിഷ്യന്‍, റേഡിയോഗ്രാഫേഴ്‌സ്, ഫര്‍മസിസ്‌റ്റ്, ഫിസിയോതെറാപ്പിസ്റ്റ്‌, ഡയറ്റീഷ്യന്‍, നഴ്സ് വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവും തൊഴില്‍ കരാറും കൈമാറുന്ന ചടങ്ങും റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 18004253939 (ഇന്ത്യയില്‍ നിന്നും) +91- 8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

🇸🇦സൗദിയിലേക്ക് വിമാന ടിക്കറ്റിനൊപ്പം സന്ദർശന വിസയും സൗജന്യമായി നൽകിത്തുടങ്ങി.

✒️സൗദി എയർലൈൻസ്, ഫ്ലൈനാസ് വിമാനങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക് നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് സന്ദർശന വിസ നൽകുന്ന സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച (ജനുവരി 30) മുതലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ വകുപ്പുകളുടെയും ദേശീയ വിമാനക്കമ്പനികളുടെയും സഹകരണത്തോടെയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. 

ഏത് ആവശ്യത്തിനും സൗദിയിലേക്ക് വിദേശികൾക്ക് വരാൻ സൗകര്യമൊരുക്കുക, പ്രവേശന വിസ നടപടിക്രമങ്ങൾ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി. ഈ ഹ്രസകാല വിസയിൽ വരുന്നവർക്ക് ഉംറ നിർവഹിക്കാനും മദീനയിലെ മസ്ജിദുന്നബവി സന്ദർശിക്കാനും രാജ്യത്ത് നടക്കുന്ന വിവിധ വിനോദ പരിപാടികളിൽ പങ്കെടുക്കാനും വിനോദസഞ്ചാരം നടത്താനും കഴിയുമെന്ന് മന്ത്രാലയം വിശദീകരിച്ചു.

സൗദി എയർലൈൻസിന്റെയും ഫ്ലൈനാസിന്റെയും ഓൺലൈൻ സംവിധാനങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ വിസക്ക് കൂടി അപേക്ഷിച്ച് വിസ നേടാൻ കഴിയുക. ഓൺലൈനിൽ ആവശ്യമായ വിവരം പൂരിപ്പിച്ച് സമർപ്പിക്കുന്ന അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിലെ വിസകൾക്കായുള്ള പോർട്ടലിലേക്കാണ് പോവുക. ഉടൻ തന്നെ വിസ ഇഷ്യൂ ചെയ്യുകയും ഇ-മെയിൽ വഴി അപേക്ഷകന് അത് ലഭിക്കുകയും ചെയ്യും. ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ ഡിജിറ്റൽ ട്രാൻസിറ്റ് വിസ സേവനം സഹായിക്കുമെന്നാണ് കരുതുന്നത്.

🇶🇦ഹയ്യ കാര്‍ഡിന്റെ കാലാവധി നീട്ടി; ഫുട്ബോള്‍ ആരാധകര്‍ക്ക് ഇനി ഒരു വര്‍ഷം കൂടി ഖത്തറിലേക്ക് വരാന്‍ അനുമതി.

✒️ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‍ബോള്‍ മത്സരത്തിനായി ഹയ്യ കാര്‍ഡ് എടുത്തവര്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശനാനുമതി ലഭിക്കും. ആരാധകര്‍ക്കും സംഘാടര്‍ക്കും അനുവദിച്ചിരുന്ന ഫാന്‍സ്, ഓര്‍ഗനൈസര്‍ വിഭാഗങ്ങളിലെ ഹയ്യാ കാര്‍ഡുകളുടെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

ലോകകപ്പ് ആരാധകര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് കൂടിയായിരുന്ന ഹയ്യാ കാര്‍ഡുകളുടെ കാലാവധി 2023 ജനുവരി 23 വരെയായിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഹയ്യ കാര്‍ഡ് ഉടമകളായ ഏതാണ്ടെല്ലാവരും ഇതിനോടകം തന്നെ രാജ്യംവിട്ടുപോയിട്ടുണ്ട്. പുതിയ പ്രഖ്യാപനത്തോടെ ഇവര്‍ക്ക് ആവശ്യമെങ്കില്‍ ഒരു വര്‍ഷം കൂടി ഖത്തറില്‍ പ്രവേശിക്കാം. എത്ര തവണ വേണമെങ്കിലും രാജ്യത്ത് പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക.

കാര്‍ഡിന്റെ കാലാവധി നീട്ടാനായി പ്രത്യേക ഫീസ് നല്‍കുകയോ അപേക്ഷ നല്‍കുകയോ ചെയ്യേണ്ടതില്ല. ഹയ്യാ കാര്‍ഡ് ഉടമകളായ ഓരോരുത്തര്‍ക്കും മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കൂടി രാജ്യത്തേക്ക് ക്ഷണിക്കാനുമാവും. ഖത്തറിലേക്കുള്ള പ്രവേശനത്തിനും മടക്കയാത്രയ്ക്കും ഇ-ഗേറ്റ് സംവിധാനം ഉപയോഗിക്കാനും ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സാധിക്കും.

അതേസമയം രാജ്യത്തേക്കുള്ള പ്രവേശനത്തിന് ബാധകമാവുന്ന നിബന്ധനകളും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഖത്തറില്‍ താമസിക്കാനുള്ള ഹോട്ടല്‍ റിസര്‍വേഷന്റെ തെളിവോ അല്ലെങ്കില്‍ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഒപ്പം താമസിക്കുന്നതിന്റെ വിവരങ്ങളോ നല്‍കണം. രാജ്യത്ത് പ്രവേശിക്കുമ്പോള്‍ പാസ്‍പോര്‍ട്ടിന് കുറഞ്ഞത് മൂന്ന് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. രാജ്യത്ത് തങ്ങുന്ന കാലയളവിലേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും എടുത്തിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്.

ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടം 2023 ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരികയാണ്. ഇതനുസരിച്ച് ഒന്നാം തീയ്യതി മുതല്‍ ഖത്തറിലേക്ക് വരുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാണ്. ഹയ്യാ കാര്‍ഡ് ഉപയോഗിച്ച് ഖത്തറില്‍ എത്തുന്നവര്‍ക്കും ഇത് ബാധകമായിരിക്കും.

🇦🇪യുഎഇയിലെ വിസാ നിയമത്തില്‍ പുതിയ മാറ്റം; ദീര്‍ഘനാളായി നാട്ടില്‍ നില്‍ക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാകും.

✒️യുഎഇയിലെ വിസാ നിയമത്തില്‍ പ്രഖ്യാപിച്ച പുതിയ മാറ്റം ദീര്‍ഘനാളായി നാട്ടില്‍ നില്‍ക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാവും. ആറ് മാസത്തിലധികം യുഎഇയ്ക്ക് പുറത്ത് താമസിച്ചതിന്റെ പേരില്‍ വിസ റദ്ദായവര്‍ക്ക് പുതിയ നിയമപ്രകാരം അതേ വിസയില്‍ തന്നെ രാജ്യത്തേക്ക് മടങ്ങിയെത്താം. ഇതിനായി അവര്‍ക്ക് റീഎന്‍ട്രിയ്ക്ക് അപേക്ഷ നല്‍കാനാവും. എന്നാല്‍ രാജ്യത്തിന് പുറത്ത് തങ്ങേണ്ടി വന്ന കാരണം വിശദീകരിക്കുകയും ഒപ്പം കാലാവധി കഴിഞ്ഞും യുഎഇക്ക് പുറത്ത് താമസിച്ച കാലയളവ് കണക്കാക്കി പിഴ അടയ്ക്കുകയും വേണം.

വിസാ നിയമത്തിലെ സുപ്രധാന മാറ്റം സംബന്ധിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) ആണ് കഴിഞ്ഞ ദിവസം അറിയിപ്പ് പുറപ്പെടുവിച്ചത്. ഐസിപി വെബ്‍സൈറ്റിലെ സ്മാര്‍ട്ട് സര്‍വീസസ് എന്ന മെനു വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ഐസിപി അത് പരിശോധിച്ച് റീഎന്‍ട്രി അനുവദിച്ചുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശം അയക്കും. ഇതിന് അഞ്ച് പ്രവൃത്തി ദിവസം വരെ സമയമെടുക്കും.

യുഎഇയിലെ താമസ വിസക്കാര്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ചാല്‍ വിസ റദ്ദാവുമെന്നാണ് നിയമം. ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ വിസ റദ്ദായവര്‍ക്ക് പുതിയ പ്രഖ്യാപനം ആശ്വാസകരമാണ്. റീഎന്‍ട്രി അനുമതി ലഭിച്ചാല്‍ 30 ദിവസത്തിനകം യുഎഇയില്‍ പ്രവേശിക്കണം. രാജ്യത്തിന് പുറത്തു താമസിച്ച ഓരോ 30 ദിവസത്തിനും 100 ദിര്‍ഹം വീതം പിഴ അടയ്ക്കുകയും വേണം. 150 ദിര്‍ഹമാണ് ഐസിപിയുടെ ഫീസ്. അപേക്ഷ നിരസിച്ചാല്‍ ഫീസ് തുക തിരികെ ലഭിക്കും.

🇦🇪യുഎഇയില്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചു; പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍.

✒️യുഎഇയില്‍ ഫെബ്രുവരി മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. നാഷണല്‍ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ വില വിവരം അനുസരിച്ച് രാജ്യത്ത് ഫെബ്രുവരി ഒന്നു മുതല്‍ പെട്രോളിനും ഡീസലിനും വില കൂടും.  

സൂപ്പര്‍ 98 പെട്രോളിന് നിലവില്‍ 2.78 ദിര്‍ഹമാണെങ്കില്‍ ഒന്നാം തീയ്യതി മുതല്‍ അത് 3.05 ദിര്‍ഹമായി വര്‍ദ്ധിക്കും. സ്‍പെഷ്യല്‍ 95 പെട്രോളിന് ഇപ്പോഴുള്ള 2.67 ദിര്‍ഹത്തിന് പകരം 2.93 ദിര്‍ഹമായിരിക്കും പുതിയ വില. ഇ - പ്ലസ് 91 പെട്രോളിന് ഫെബ്രുവരിയില്‍ 2.86 ദിര്‍ഹമായിരിക്കും വില. നിലവില്‍ 2.59 ദിര്‍ഹമാണ് ഇ-പ്ലസ് 91 പെട്രോളിന്റെ വില. ഡീസല്‍ വിലയിലും അടുത്ത മാസം വര്‍ദ്ധനവുണ്ടാകും. ഇപ്പോഴുള്ള 3.29 ദിര്‍ഹത്തില്‍ നിന്ന് 3.38 ദിര്‍ഹമായാണ് ഡീസല്‍ വില വര്‍ദ്ധിക്കുക. നിലവില്‍ 27 ഫില്‍സ് വരെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ദ്ധനവ് വന്നത്. എന്നാല്‍ ജനുവരിയില്‍ ഇന്ധന വിലയില്‍ 52 ഫില്‍സ് വരെ കുറവ് വരുത്തിയിരുന്നു.

🇸🇦സൗദി അറേബ്യ: സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതിനുള്ള ഇ-സേവനം ആരംഭിച്ചു; ട്രാൻസിറ്റ് യാത്രികർക്ക് ഉംറ അനുഷ്ഠിക്കാൻ അവസരം.

✒️രാജ്യത്തേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതിനുള്ള ഇ-സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2023 ജനുവരി 30-ന് വൈകീട്ടാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ വിവിധ വകുപ്പുകളുമായും, എയർലൈൻ കമ്പനികളുമായും സഹകരിച്ചാണ് സൗദി വിദേശകാര്യ മന്ത്രാലയം ഈ സേവനം നടപ്പിലാക്കുന്നത്. ഈ സേവനം സൗദി അറേബ്യയിലേക്ക് വ്യോമമാർഗ്ഗം പ്രവേശിക്കുന്ന യാത്രികർക്കാണ് ലഭ്യമാക്കുന്നത്.

ഇതോടെ സൗദി അറേബ്യയിലൂടെ സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നവർക്ക് എൻട്രി വിസ നേടുന്നതിന് സാധിക്കുന്നതാണ്. ഇത്തരം യാത്രികർക്ക് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ ഉപയോഗിച്ച് കൊണ്ട് ഉംറ അനുഷ്ഠിക്കുന്നതിനും, പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നതിനും, സൗദി അറേബ്യയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും സാധിക്കുന്നതാണ്.

ഈ സേവനം 2023 ജനുവരി 30, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. യാത്രികർക്ക് ഇത്തരം വിസകൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ സൗദിയ എയർലൈൻസ്, ഫ്ലൈനാസ് എന്നിവയുടെ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ സമർപ്പിക്കാവുന്നതാണ്.

ഇത്തരം അപേക്ഷകൾ സ്വയമേവ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ യൂണിഫൈഡ് നാഷണൽ വിസ സംവിധാനത്തിലേക്ക് കൈമാറുന്നതും, ഇവയിൽ തുടർനടപടികൾ സ്വീകരിക്കുന്നതുമാണ്. കാലതാമസം കൂടാതെ അനുവദിക്കുന്ന ഇത്തരം ഡിജിറ്റൽ വിസകൾ യാത്രികർക്ക് ഇ-മെയിലിലൂടെ ലഭിക്കുന്നതാണ്.

സൗദി വിഷൻ 2030-ന്റെ ഭാഗമായി, സൗദി അറേബ്യയിലേക്ക് കൂടുതൽ വിദേശികളെ ആകർഷിക്കുന്നതിനും, വൻകരകൾക്കിടയിലെ യാത്രകളിലെ ഒരു പ്രധാന കേന്ദ്രമായി സൗദി അറേബ്യയെ വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു സേവനം ആരംഭിച്ചിരിക്കുന്നത്.

ഇത്തരം വിസകൾ സൗജന്യമായാണ് നൽകുന്നത്. വിമാനടിക്കറ്റിനൊപ്പം ലഭിക്കുന്ന ഇത്തരം വിസകൾ ഉപയോഗിച്ച് കൊണ്ട് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികർക്ക് നാല് ദിവസം വരെ സൗദി അറേബ്യയിൽ താമസിക്കാൻ അനുമതി ലഭിക്കുന്നതാണ്.

വിമാനടിക്കറ്റ് എടുക്കുന്നവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ടൂറിസ്റ്റ് വിസ സൗജന്യമായി നൽകുന്ന ഒരു പദ്ധതി ഉടൻ തന്നെ ആരംഭിക്കുമെന്ന് സൗദിയ നേരത്തെ അറിയിച്ചിരുന്നു.

🇦🇪ദുബായ്: 100% SAF ഇന്ധനം ഉപയോഗിക്കുന്ന വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമാക്കി എമിറേറ്റ്സ്.

✒️കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി, 100% സസ്‌റ്റൈനബിൾ ഏവിയേഷൻ ഫ്യുവൽ (SAF) ഉപയോഗിക്കുന്ന വിമാനത്തിന്റെ പരീക്ഷണ പറക്കൽ എമിറേറ്റ്സ് വിജയകരമാക്കി പൂർത്തിയാക്കി. 2023 ജനുവരി 30-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ പ്രദർശന പറക്കലിന് വേണ്ടി, ഒരു എഞ്ചിൻ പൂർണ്ണമായും സസ്‌റ്റൈനബിൾ ഏവിയേഷൻ ഫ്യുവൽ ഉപയോഗിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഒരു ബോയിങ്ങ് 777-300ER വിമാനമാണ് എമിറേറ്റ്സ് ഉപയോഗിച്ചത്.

ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഈ വിമാനം ദുബായിയുടെ തീരമേഖലയിലൂടെ ഒരു മണിക്കൂറിലധികം സഞ്ചരിച്ചു.

പശ്ചിമേഷ്യന്‍, നോർത്ത് ആഫ്രിക്കൻ പ്രദേശങ്ങളിൽ ആദ്യമായാണ് ഇത്തരം ഒരു പരീക്ഷണ പറത്തൽ നടത്തുന്നത്.

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും, സസ്‌റ്റൈനബിൾ ഏവിയേഷൻ ഫ്യുവലിന്റെ ഉപയോഗം വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനായാണ് എമിറേറ്റ്സ് ഈ പരീക്ഷണം നടത്തിയത്.

“ഈ പരീക്ഷണ പറക്കലിന്റെ വിജയം, സുസ്ഥിരമായ വിമാനയാത്രയിലേക്ക് വ്യോമയാന മേഖലയെ നയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയാകുന്ന യു എ ഇ, ഇതിന്റെ ഭാഗമായി 2023-നെ സുസ്ഥിരതയുടെ വർഷമായാണ് കണക്കാക്കുന്നത്; ഇതുമായി ബന്ധപ്പെട്ട് രാജ്യം മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് എമിറേറ്റ്സിന്റെ ഈ നടപടി.”, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും, ദുബായ് എയർപോർട്ട്സ് ചെയർമാനും, എമിറേറ്റ്സ് എയർലൈൻ സി ഇ ഓയുമായ H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ സയീദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.

🇴🇲ഒമാൻ: ബിദിയ ഡെസേർട്ട് ഫെസ്റ്റിവൽ ആരംഭിച്ചു

✒️ബിദിയ വിലായത്തിൽ നടക്കുന്ന ഡെസേർട്ട് അഡ്വെഞ്ചർ ഫെസ്റ്റിവലിന് 2023 ജനുവരി 29, ഞായറാഴ്‌ച തുടക്കമായി. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്.

നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ ഗവർണറുടെ ഓഫീസ്, സർക്കാർ വകുപ്പുകൾ എന്നിവയുമായി ചേർന്നാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഈ മേള സംഘടിപ്പിക്കുന്നത്. ബിദിയ ഡെസേർട്ട് ഫെസ്റ്റിവൽ 2023 ഫെബ്രുവരി 3 വരെ തുടരും.

ബിദിയ ഡെസേർട്ട് ഫെസ്റ്റിവലിന്റെ ഉദ്‌ഘാടന ചടങ്ങിൽ നോർത്ത് അൽ ശർഖിയ ഗവർണർ ഷെയ്ഖ് അലി ബിൻ അഹ്‌മദ്‌ അൽ ഷംസി പങ്കെടുത്തു. ശീതകാല ടൂറിസം പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു മേള ബിദിയയിൽ സംഘടിപ്പിക്കുന്നത്.

മരുഭൂ പ്രദേശങ്ങളിൽ നടത്തുന്ന സാഹസിക പ്രവർത്തനങ്ങൾ, കാർ റേസ്, ബലൂൺ റൈഡ്, പാരാഗ്ലൈഡിങ് മുതലായവ ഈ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന ലേസർ ഷോകൾ, ഒട്ടകപ്പുറത്തുള്ള സവാരി മുതലായവയും ബിദിയ ഡെസേർട്ട് ഫെസ്റ്റിവലിന്റെ ഭാഗമാണ്.

സ്വർണ്ണ വർണ്ണത്തിലുള്ള മരുഭൂപ്രദേശങ്ങൾക്കും, മണൽക്കുന്നുകൾക്കും ഏറെ പ്രശസ്തമാണ് ബിദിയ. ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഏതാനം പ്രാചീന കോട്ടകളും ഇവിടെയുണ്ട്.


Post a Comment

0 Comments