യുഎഇയില്‍ പുതിയ ഫീസ് പ്രാബല്യത്തില്‍; വിസകള്‍ക്കും എമിറേറ്റ്സ് ഐഡിയ്ക്കും ഇനി ചെലവേറും.
യുഎഇയില്‍ വിസകളും എമിറേറ്റ്സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചു. പുതിയ ഫീസ് പ്രാബല്യത്തില്‍ വന്നതായി ടൈപ്പിങ് സെന്ററുകള്‍ അറിയിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) വിഭാഗത്തിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു. ഫീസില്‍ 100 ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ദുബൈയില്‍ ഇഷ്യൂ ചെയ്യുന്ന വിസകളുടെ ഫീസിന് വര്‍ദ്ധനവുണ്ടാകുമോയെന്ന് വ്യക്തമല്ല. എമിറേറ്റ്സ് ഐഡി ഇഷ്യൂ ചെയ്യുന്നതിന് നേരത്തെ ഈടാക്കിയിരുന്ന ഫീസ് 270 ദിര്‍ഹമായിരുന്നു. ഇത് ഇനി മുതല്‍ 370 ദിര്‍ഹമായിരിക്കും.
ഒരു മാസം കാലാവധിയുള്ള സന്ദര്‍ശക വിസയുടെ ഫീസും 270 ദിര്‍ഹത്തില്‍ നിന്ന് 370 ദിര്‍ഹമായി ഉയരും. ഫൈഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഇലക്ട്രോണിക് സേവന പ്ലാറ്റ്ഫോമുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ പുതിയ ഫീസ് നിരക്കാണ് ഈടാക്കുന്നതെന്ന് ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ അറിയിച്ചു.
യുഎഇയില്‍ വിസ, താമസ മേഖലകളില്‍ അടുത്തിടെ പ്രാബല്യത്തില്‍ വന്ന നിരവധി മാറ്റങ്ങളുടെ ഭാഗമാണ് ഫീസ് നിരക്കുകളിലും ഉണ്ടായിരിക്കുന്നത്. നിലവില്‍ വിസിറ്റ് വിസകള്‍ രാജ്യത്തിന് പുറത്തുപോകാതെ പുതുക്കാനുള്ള സംവിധാനം നിര്‍ത്തലാക്കിയിട്ടുണ്ട്. ഇതിന് പുറമെ വിസാകാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് താമസിക്കുന്നവര്‍ക്കുള്ള ഓവര്‍ സ്റ്റേ ഫൈനുകളും 50 ദിര്‍ഹമാക്കി ഏകീകരിച്ചു. ടൂറിസ്റ്റ് വിസകളില്‍ രാജ്യത്ത് വരുന്നവര്‍ക്ക് നേരത്തെ 100 ദിര്‍ഹമായിരുന്നു ഓവര്‍സ്റ്റേ ഫൈന്‍ എങ്കില്‍ ഇപ്പോള്‍ അത് 50 ദിര്‍ഹമാക്കി കുറച്ചിട്ടുണ്ട്. എന്നാല്‍ തൊഴില്‍ വിസകളിലുള്ളവരുടെ ഓവര്‍ സ്റ്റേ ഫൈന്‍ 25 ദിര്‍ഹത്തില്‍ നിന്ന് 50 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്‍തു. വിസാ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് തങ്ങുന്ന ഓരോ ദിവസത്തിനും ഈ നിരക്കില്‍ ഫീസ് നല്‍കണം.
ഗോള്‍ഡന്‍ വിസാ സംവിധാനത്തില്‍ വന്ന മാറ്റങ്ങള്‍, അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസകള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍, തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിസകള്‍ തുടങ്ങിയവയെല്ലാം പുതിയ പരിഷ്‍കാരങ്ങളുടെ ഭാഗമായി വന്നതാണ്.
അംബാസഡറെ നേരിൽ കണ്ട് പരാതികൾ അറിയിക്കാൻ പ്രവാസികൾക്ക് അവസരം.
ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജനുവരി 20ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയുമെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു.
വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ 15,734 പ്രവാസികൾ കൂടി പിടിയിൽ.
ഒരാഴ്ചയ്ക്കിടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 15,734 പേരെ അറസ്റ്റ് ചെയ്തു. ഈ മാസം അഞ്ച് മുതൽ 11 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത റെയ്ഡുകളിലാണ് അറസ്റ്റ്.
പിടിയിലായവരില്‍ 8,732 താമസ നിയമ ലംഘകരും 4,180 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 2,822 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 620 പേരെ അറസ്റ്റ് ചെയ്തു. അതിൽ 65 ശതമാനം യമൻ പൗരന്മാരും 30 ശതമാനം എത്യോപ്യക്കാരും അഞ്ച് ശതമാനം മറ്റ് രാജ്യക്കാരുമാണ്. രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 73 നിയമലംഘകർ പിടിക്കപ്പെട്ടു.
താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും മറച്ചുവെക്കുകയും ചെയ്ത 16 പേർ അറസ്റ്റിലായി. മൊത്തം 31,892 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 29,890 പുരുഷന്മാരും 1,635 സ്ത്രീകളുമാണ്. ഇവരിൽ 22,445 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 1,816 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. 11,840 നിയമലംഘകരെ നാടുകടത്തി.
കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ.
സൗദി അറേബ്യയില്‍ കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്ന് ആവർത്തിച്ച് ട്രാഫിക് വകുപ്പ്. വാഹനത്തിന്റെ മുൻസീറ്റിൽ കുട്ടിയെ മുതിർന്ന ഒരാൾ എടുത്ത നിലയിൽ ഇരുന്നാൽ പോലും ലംഘനമായി കണക്കാക്കും. കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണം.
മുൻസീറ്റിൽ ആര് കൂടെയുണ്ടെങ്കിലും കുട്ടികളെ ഇരുത്തരുത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നിയന്ത്രണം. കുട്ടിക്ക് കൂടെ ഒരാൾ ആവശ്യമുണ്ടെങ്കിൽ പിന്നിലെ നിശ്ചിത സീറ്റിൽ ഇരുത്തിയ ശേഷം അവർക്ക് അടുത്തുള്ള പിൻസീറ്റ് ഉപയോഗിക്കാമെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.
10 വയസിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുൻവശത്ത് ഇരുത്തുന്നത് നിയമലംഘനമാണെന്ന് ട്രാഫിക് വകുപ്പ് നേരത്തെ വ്യക്തമാക്കിയതാണ്. സുരക്ഷ മുൻനിർത്തി കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റ് ഒരുക്കണമെന്നും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ട്രാഫിക് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
അബ്ഷിർ വഴി ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണെന്നും മറ്റ് ലൈസൻസുകൾ പുതുക്കുന്നതിന് അടുത്തുള്ള ട്രാഫിക് ലൈസൻസ് ഓഫീസ് സന്ദർശിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ലൈസൻസ് ഫീസും മെഡിക്കൽ പരിശോധനയും കഴിഞ്ഞിട്ടും ഹെവി ട്രാൻസ്‌പോർട്ട് ലൈസൻസ് ‘അബ്ഷിർ’ വഴി പുതുക്കാൻ കഴിയാത്തത് സംബന്ധിച്ചുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസിയുടെ യാത്ര തടഞ്ഞു; ഗള്‍ഫ് എയര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം.
യാത്രാരേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാനയാത്ര മുടക്കിയതിന് ഗള്‍ഫ് എയര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടന്‍ അബ്ദുസ്സലാം നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. വിസയിലും പാസ്‌പോര്‍ട്ടിലും വിവരങ്ങള്‍ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാന കമ്പനി അബ്ദുസ്സലാമിന്‍റെ യാത്ര നിഷേധിച്ചത്.
പരാതിക്കാരനായ അബ്ദുസ്സലാം 20 വര്‍ഷമായി വിദേശത്ത് ഡ്രൈവര്‍ ജോലി ചെയ്തുവരുന്നയാളാണ്. ഇദ്ദേഹത്തിന്‍റെ പാസ്‌പോര്‍ട്ടിലെ ചില വിവരങ്ങളില്‍ പിഴവുണ്ടായിരുന്നു. ഇത് നിയമാനുസൃതം തിരുത്തിയശേഷം പുതിയ പാസ്‌പോര്‍ട്ടും പഴയ പാസ്‌പോര്‍ട്ടുമായാണ് യാത്രക്കായി വിമാനത്താവളത്തിലെത്തിയത്. റദ്ദാക്കപ്പെട്ടത് പഴയ പാസ്‌പോര്‍ട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇത് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയെങ്കിലും അംഗീകരിക്കാന്‍ ഗള്‍ഫ് എയര്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല.
സഊദി അറേബ്യയിലെ ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും അവരും യാത്രാരേഖകള്‍ ശരിയല്ലെങ്കില്‍ അനുമതി നല്‍കരുതെന്നാണ് അറിയിച്ചതെന്നുമാണ് ഗള്‍ഫ് എയര്‍ ഉപഭോക്തൃ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചത്. എന്നാല്‍ പരാതിക്കാരന്റെ രേഖകള്‍ ശരിയാം വിധം പരിശോധിച്ച് വ്യക്തത വരുത്താതെയാണ് ഗള്‍ഫ് എയര്‍ കമ്പനി യാത്ര തടഞ്ഞതെന്നും ആയത് സേവനത്തിലെ വീഴ്ചയാണെന്നും കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മാഈല്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. നഷ്ടപരിഹാരത്തുക കൂടാതെ വിമാന ടിക്കറ്റിന്റെ തുകയായ 24,000 രൂപയും കോടതി ചെലവായി 20,000 രൂപയും വിമാന കമ്പനി നല്‍കണം. വിധി പകര്‍പ്പ് കിട്ടി ഒരു മാസത്തിനകം സംഖ്യ നല്‍കാത്തപക്ഷം തുക നല്‍കുന്നതുവരെയും ഒമ്പത് ശതമാനം പലിശയും നല്‍കണം
0 Comments