ടിക്കറ്റ് എടുക്കുമ്പോൾ സൗജന്യമായി ടൂറിസ്റ്റ് വിസ നൽകുന്ന സേവനവുമായി സൗദി എയർലൈൻസ്. സൗജന്യ വിസാ സേവനം ഉടനെ ആരംഭിക്കുമെന്ന് സൗദി എയർലൈൻസ് വക്താവ് അബ്ദുല്ല അൽശഹ്റാനിയാണ് അറിയിച്ചത്. ടിക്കറ്റ് വാങ്ങുമ്പാൾ മറ്റ് ഫീസൊന്നും ഇടാക്കാതെ ടൂറിസ്റ്റ് വിസ കൂടി നൽകുന്ന സേവനം ഏതാനും ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്നാണ് അറിയിപ്പ്.
‘നിങ്ങളുടെ ടിക്കറ്റ് തന്നെയാണ് വിസ’ എന്ന പേരിലാണ് സൗദി എയര്‍ലൈന്‍സിന്റെ ഓഫര്‍. സൗദിയിൽ പ്രവേശിച്ച് 96 മണിക്കൂർ (നാല് ദിവസം) ചെലവഴിക്കാനുള്ള സൗകര്യമായിരിക്കും ഈ വിസയിലൂടെ ലഭിക്കുക. ഈ സമയത്തിനുള്ളിൽ രാജ്യത്തിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിക്കാനും ഉംറ നിർവഹിക്കാനും യാത്രക്കാർക്ക് കഴിയും.
വിനോദസഞ്ചാരത്തിനും ഉംറ തീര്‍ത്ഥാടനത്തിനും സൗദി അറേബ്യയിലേക്ക് വരുന്നവർക്കായിരിക്കും പുതിയ സേവനം ഏറെ പ്രയോജനപ്പെടുക. സൗദി എയർലൈൻസിന്റെ പുതിയ ടിക്കറ്റിങ് സംവിധാനത്തിൽ യാത്രക്കാരന് ടിക്കറ്റ് ബുക്കിങ്ങിനൊപ്പം വിസക്ക് കൂടി അപേക്ഷിക്കാവുന്ന സൗകര്യം ഒരുക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വിസ ആവശ്യമുണ്ടോ എന്ന ചോദ്യം കൂടിയുണ്ടാവും. വിസ വേണ്ടവര്‍ക്ക് മൂന്ന് മിനിറ്റിനുള്ളിൽ അതിന്റെ നടപടിക്രമങ്ങളും പൂർത്തിയാക്കാനാവും.
വിസയ്ക്കായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കുന്ന സംവിധാനമാണ് ചില രാജ്യങ്ങളില്‍ ഉള്ളത്. എന്നാല്‍ സൗദി എയര്‍ലൈന്‍സിന്റെ സംവിധാനത്തില്‍ ഇതിന്റെ ആവശ്യമില്ലെന്നും കമ്പനി വക്താവ് പറഞ്ഞു. പുതിയ സംവിധാനം സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകളുടെ ഡിമാൻഡ് വര്‍ദ്ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍. അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ ആവശ്യം 40 ശതമാനം വർധിപ്പിക്കുന്നതിനുള്ള നടപ്പുവർഷത്തെ പദ്ധതിക്ക് സൗദി എയർലൈൻസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക്സൗദി എയര്‍ലൈന്‍സ് ഉടന്‍ തന്നെ സർവീസ് ആരംഭിക്കും. അവ ഏതൊക്കെ നഗരങ്ങളിലേക്ക് ആണെന്ന് ഉടൻ പ്രഖ്യാപിക്കുമെന്നും വക്താവ് പറഞ്ഞു. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവരുടെ നിരന്തരമായ ആവശ്യമാണ് ടിക്കറ്റുമായി ബന്ധിപ്പിച്ച് ഇത്തരമൊരു വിസ സംവിധാനം ആരംഭിക്കാൻ പ്രധാന പ്രേരണയായതെന്നും വക്താവ് പറഞ്ഞു. ടിക്കറ്റിനൊപ്പമുള്ള വിസ ഉപയോഗപ്പെടുത്തി ജിദ്ദ വിമാനത്താവളത്തിൽ മാത്രമല്ല, രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇറങ്ങാം. സന്ദർശനം പൂർത്തിയാക്കി സൗകര്യപ്പെട്ട വിമാനത്താവളത്തിൽനിന്ന് മടങ്ങാനും കഴിയും.
സൗദിയിലെ വ്യക്തിഗത മൊബൈല്‍ ആപ്ലിക്കേഷനായ ‘തവക്കൽന’യിൽ സംശയ നിവാരണത്തിന് ചാറ്റ് സർവീസ്.
സൗദി അറേബ്യയിലെ സ്വദേശികൾക്കും വിദേശികൾക്കും വിവിധ ആവശ്യങ്ങൾക്ക് സഹായകരമായി സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രൂപകൽപ്പന ചെയ്ത തവക്കൽന മൊബൈൽ ആപ്ലിക്കേഷനിൽ പുതിയ ചാറ്റ് സേവനം ആരംഭിച്ചു. ഗുണഭോക്താക്കൾക്ക് നേരിട്ട് അധികൃതരുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് സഹായകമാകുന്നതാണ് ചാറ്റ് സേവനം.
ചാറ്റ് സംവിധാനം എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ച് അധികൃതർ വിശദീകരിച്ചിട്ടുണ്ട്. ആപ്ലിക്കേഷെൻറ പുതിയ പതിപ്പായ ‘തവക്കൽനാ ഖിദ്മാത്ത്’ (തവക്കൽനാ സേവനങ്ങൾ) തുറന്ന് സ്ക്രീനിന്റെ മുകൾ ഭാഗത്തുള്ള ഗുണഭോക്താവിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് ലഭിക്കുന്ന സ്ക്രീനിൽനിന്നും അവസാന ടാബ് ആയ ‘Contact Us’ ക്ലിക്ക് ചെയ്യണം. തുടർന്ന് ‘ഡയറക്ട് ചാറ്റ്' തെരഞ്ഞെടുത്ത് ചാറ്റിങ് തുടങ്ങാം. സംശയങ്ങൾക്ക് തത്സമയം മറുപടി ലഭിക്കും എന്നതാണ് പുതിയ സേവനത്തിന്റെ പ്രത്യേകത. പുതിയ സേവനം ലഭിക്കുന്നതിന് ആപ്ലിക്കേഷെൻറ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
0 Comments