Ticker

6/recent/ticker-posts

Header Ads Widget

ബസ് കാത്തുനിന്ന കൂട്ടുകാരനെയും കൂടെക്കൂട്ടി അവര്‍ ഒന്നിച്ച് യാത്രയായത് മരണത്തിലേക്ക്

അമ്പലപ്പുഴ: കല്യാണവീട്ടിലേക്കെന്നുപറഞ്ഞ് യാത്രതിരിച്ചവര്‍ വഴിയില്‍ ബസ് കാത്തുനിന്ന കൂട്ടുകാരനെയും കൂടെക്കൂട്ടി യാത്രയായത് മരണത്തിലേക്ക്. തിങ്കളാഴ്ച പുലര്‍ച്ചേ ഒന്നേമുക്കാലോടെ നടന്ന വലിയ ദുരന്തത്തില്‍ ആദ്യം ഓടിയെത്തിയ സമീപവാസികള്‍ കണ്ടത് വിറങ്ങലിച്ചു പോകുന്ന ദൃശ്യം. വലിയ ലോറിയില്‍ ഇടിച്ചുതകര്‍ന്ന കാറില്‍നിന്ന് ഒരോരുത്തരെയായി അവര്‍ പുറത്തെടുത്തപ്പോഴേക്കും ഒരാളൊഴികെ നാലുപേരും മരിച്ചിരുന്നു. ശേഷിച്ചയാള്‍ ഒന്നര മണിക്കൂറിനുശേഷം ആശുപത്രിയില്‍ മരിച്ചു.


ദേശീയപാത 66-ല്‍ അമ്പലപ്പുഴ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിനു സമീപമാണ് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു ജീവനുകള്‍ പൊലിഞ്ഞത്. തിരുവനന്തപുരം ആനാവൂര്‍ ആലത്തൂര്‍ സ്വദേശികളായ കാപ്പുകാട്ടുകുളത്തിന്‍കര മോഹനന്റെയും അനിതയുടെയും മകന്‍ മനുമോഹന്‍ (24), മച്ചക്കുന്നുമേലെ പുത്തന്‍വീട്ടില്‍ യേശുദാസിന്റെയും ഷീജയുടെയും മകന്‍ വൈ. ഷിജിന്‍ദാസ് (24), അമ്പനാട് അനിഴത്തില്‍ ഗോപകുമാറിന്റെയും ബിന്ദുവിന്റെയും മകന്‍ ജി. പ്രസാദ് (24), കൊല്ലം പെരിങ്ങളം കിടപ്രം വടക്ക് അരുണ്‍നിവാസില്‍ പരേതനായ അനിരുദ്ധന്റെയും രാധാമണിയുടെയും മകന്‍ അമല്‍ (28), കോട്ടയം മഞ്ഞാമറ്റത്തില്‍ (കുതിരക്കാട്ടില്‍) ചാക്കോയുടെ മകന്‍ സുമോദ് (42) എന്നിവരാണു മരിച്ചത്.

ഷിജിന്‍ദാസ്, പ്രസാദ്, അമല്‍, സുമോദ് എന്നിവര്‍ തിരുവനന്തപുരം വേളി ഐ.എസ്.ആര്‍.ഒ. കാന്റീനിലെ കരാര്‍ ജീവനക്കാരാണ്. ഷിജിന്‍ദാസിന്റെയും പ്രസാദിന്റെയും കൂട്ടുകാരനാണ് എറണാകുളം ഇടപ്പള്ളിയിലെ അപ്പാര്‍ട്ട്മെന്റില്‍ ജോലിചെയ്യുന്ന മനുമോഹന്‍.

മനുമോഹന്‍, ഷിജിന്‍ ദാസ്, പ്രസാദ്, അമല്‍, സുമോദ്‌

കഴക്കൂട്ടത്ത് കല്യാണത്തിനു പോകാനെന്നു പറഞ്ഞാണ് ഇവര്‍ പ്രസാദിന്റെ അമ്മാവന്റെ മകന്‍ ഹരിശങ്കറിന്റെ കാറുമായി തിരിച്ചത്. പ്രസാദാണ് കാര്‍ ഓടിച്ചത്.
എറണാകുളത്തേക്കു ബസില്‍പോകാന്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന മനുമോഹനെ സുഹൃത്തുക്കള്‍ കാറില്‍ വിളിച്ചുകയറ്റുകയായിരുന്നു.

 എറണാകുളത്താക്കാനായി പോകുമ്പോഴായിരുന്നു അപകടം.
കാര്‍ മേല്‍പ്പാലമിറങ്ങിവരവേ, ആന്ധ്രയില്‍നിന്ന് അരി കയറ്റി കായംകുളത്തേക്കു പോകുന്ന ലോറിയുമായി കൂട്ടിയിടിച്ചു. കാറോടിച്ചയാള്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമികനിഗമനം
ശബ്ദം കേട്ടെത്തിയവര്‍ പിന്‍സീറ്റിലുണ്ടായിരുന്ന മൂന്നുപേരെ ആദ്യം പുറത്തെടുത്തു. അമ്പലപ്പുഴ പോലീസും അഗ്‌നിരക്ഷാസേനയുമെത്തി കാര്‍ വെട്ടിപ്പൊളിച്ചാണു മുന്നില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. അമല്‍ ഒഴികെ നാലുപേരും സംഭവസ്ഥലത്തു മരിച്ചു.

സുമോദ് ഒഴികെ നാലുപേരും അവിവാഹിതരാണ്. . ഭാര്യ: തിരുവനന്തപുരത്ത് വിജിലന്‍സ് ഓഫീസ് ജീവനക്കാരിയായ ജസ്മി എം. ജോസ്. മകള്‍: അക്‌സ (പ്ലസ്ടു വിദ്യാര്‍ഥിനി). സംസ്‌കാരം ചൊവ്വാഴ്ച കോട്ടയം യഹോവ സാക്ഷികളുടെ ഹാളിലെ ശുശ്രൂഷയ്ക്കുശേഷം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട്ടിലുള്ള സെമിത്തേരിയില്‍.അമലിന്റെ സഹോദരന്‍: മൈനാഗപ്പള്ളിയില്‍ എസ്.സി. പ്രൊമോട്ടറായ അരുണ്‍. മനുമോഹന്റെ സഹോദരി: നീതു മോഹന്‍.

മനുമോഹനെ വിളിച്ചുകയറ്റിയത് കൂട്ടമരണത്തിലേക്ക്

അമ്പലപ്പുഴ: എറണാകുളത്തേക്കു ബസില്‍ പോകാന്‍ നെയ്യാറ്റിന്‍കരയില്‍നിന്ന മനുമോഹനെ കൂട്ടുകാരായ ഷിജിന്‍ദാസും പ്രസാദും കാറില്‍ വിളിച്ചുകയറ്റുകയായിരുന്നു. എറണാകുളത്തു കൊണ്ടുവിടാമെന്നു പറഞ്ഞായിരുന്നു ഇത്. ഷിജിന്‍ദാസിന്റെയും പ്രസാദിന്റെയും സഹപ്രവര്‍ത്തകരായ അമലും സുമോദും കാറിലുണ്ടായിരുന്നു.

സന്തോഷത്തോടെ തുടങ്ങിയ രാത്രിയാത്ര പാതിവഴിയില്‍ കൂട്ടമരണത്തില്‍ കലാശിച്ചപ്പോള്‍ അഞ്ചുകുടുംബങ്ങളാണ് തീരാദുഃഖത്തിലായത്.
നാലുമാസം മുന്‍പാണ് മനുമോഹന്‍ എറണാകുളം ഇടപ്പള്ളിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ജോലിക്കുകയറിയത്. ഈസ്റ്ററിനു വീട്ടിലെത്താമെന്നാണു തീരുമാനിച്ചിരുന്നത്. അതിനിടെ ഇടുക്കിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ സഹോദരി നീതുമോഹന് പനിയാണെന്നറിഞ്ഞു.

ഇടുക്കിയില്‍പ്പോയി സഹോദരിയെ കൂട്ടി വീട്ടിലെത്തിച്ച് ഒരുദിവസം കുടുംബത്തിനൊപ്പം നിന്നശേഷം ജോലിസ്ഥലത്തേക്കു മടങ്ങുമ്പോഴാണ് ദുരന്തത്തില്‍പ്പെട്ടത്.
വീട്ടിനടുത്ത് ബസ് കിട്ടാത്തതുകൊണ്ട് മനുവിനെ ഒരു കൂട്ടുകാരന്‍ ബൈക്കില്‍ നെയ്യാറ്റിന്‍കരയില്‍ എത്തിക്കുകയായിരുന്നുവെന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധു നിക്‌സണ്‍ ആനാവൂര്‍ പറഞ്ഞു.

തിരുവനന്തപുരം കഴക്കൂട്ടത്തുള്ള കൂട്ടുകാരന്റെ കല്യാണത്തിനു പോകുന്നെന്നാണ് ഷിജിന്‍ദാസും പ്രസാദും അമലും സുമോദും ഐ.എസ്.ആര്‍.ഒ. കാന്റീനിലെ സഹപ്രവര്‍ത്തകരോടു പറഞ്ഞത്. പ്രസാദിന്റെ അമ്മാവന്റെ മകന്‍ ഹരിശങ്കറിന്റെ കാറിലായിരുന്നു യാത്ര. കല്യാണത്തിനു പോകാനെന്നു പറഞ്ഞാണ് പ്രസാദ് കാര്‍ കൊണ്ടുപോയതെന്നു ഹരിശങ്കര്‍ പറഞ്ഞു.

ഐ.എസ്.ആര്‍.ഒ. സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍. പ്രമോദ്, സെക്രട്ടറി എം. വിപിന്‍, ജോയിന്റ് സെക്രട്ടറി വി. ബിനു, കാന്റീന്‍ മേധാവി എം. ഹരികുമാര്‍, മാനേജര്‍ എസ്. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിയിരുന്നു.
കെ.സി. വേണുഗോപാല്‍ എം.പി.യുടെ നിര്‍ദേശപ്രകാരം രണ്ടു മൃതദേഹങ്ങള്‍ തിരുവനന്തപുരത്തെത്തിക്കാനുള്ള ആംബുലന്‍സിന്റെ ചെലവ് കോണ്‍ഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റിയാണു വഹിച്ചത്.

Post a Comment

0 Comments