Ticker

6/recent/ticker-posts

Header Ads Widget

കീമോചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ ആഗ്രഹമനുസരിച്ച് സ്വന്തംചെലവില്‍ സ്മാര്‍ട്ട്ക്ലാസൊരുക്കി ടീച്ചര്‍



ബാലുശ്ശേരി: ''ടീച്ചറേ, മ്മളെ ക്ലാസും സ്മാര്‍ട്ടാക്കണം'' -അത്തോളി മൊടക്കല്ലൂര്‍ എ.യു.പി. സ്‌കൂള്‍ ആറ് ബിയിലെ കാശിനാഥിന്റെ ആവശ്യം 'നോക്കാം' എന്ന ഒഴുക്കന്‍ മറുപടിയോടെ നീട്ടിവെച്ചതില്‍ ക്ലാസ്ടീച്ചറായ ദീപയ്ക്ക് സങ്കടമടക്കാനാവുന്നില്ല.

 മാസങ്ങള്‍കഴിഞ്ഞ്, അവന്റെ ആഗ്രഹപ്രകാരം സ്വന്തംചെലവില്‍ ടീച്ചറൊരുക്കിയ സ്മാര്‍ട്ട് ക്ലാസ്‌റൂമിലേക്ക് തിങ്കളാഴ്ച കാശിനാഥെത്തിയത് രോഗക്കിടക്കയില്‍നിന്നാണ്. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍സെന്ററിലെ കീമോചികിത്സയുടെ ഇടവേളയിലാണവന്‍ കുറച്ചുനേരം സ്‌കൂളിലെത്തി ടീച്ചര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പമിരുന്നത്.

അമ്മയെപ്പോലെ പ്രിയങ്കരിയായ ക്ലാസ്ടീച്ചര്‍ കരുവണ്ണൂര്‍ കല്ലങ്ങല്‍ ദീപയോട് ജൂലായിലാണ് മുതുകില്‍ കുഞ്ഞുമുഴയുള്ള കാര്യം കാശിനാഥ് ആദ്യംപറയുന്നത്. ദീപ പറഞ്ഞതനുസരിച്ച് അച്ഛനുമമ്മയും അവനെ ഡോക്ടറെ കാണിച്ചെങ്കിലും ഗൗരവമുള്ളതൊന്നും കണ്ടെത്തിയില്ല.

ഡിസംബര്‍ പകുതിവരെയും മുടങ്ങാതെ സ്‌കൂളിലെത്തിയ കാശിനാഥിന് പെട്ടെന്നാണ് രോഗം കലശലായത്. കുട്ടികളില്‍ അപൂര്‍വമായി കാണുന്ന അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞതോടെ ആര്‍.സി.സി.യില്‍ പ്രവേശിപ്പിച്ചു. രോഗവിവരമറിഞ്ഞപ്പോള്‍ വല്ലാത്തൊരു കുറ്റബോധം തന്നെപൊതിഞ്ഞതായി ദീപ പറയുന്നു. 

എത്രയുംവേഗം കാശിനാഥ് സ്വപ്നംകണ്ട സൗകര്യങ്ങളോടെയുള്ള ക്ലാസ്‌റൂമൊരുക്കാനുള്ള തിടുക്കത്തിലായിരുന്നു പിന്നീടവര്‍. 65,000 രൂപയാണ് ദീപ ഇതിനായി ചെലവഴിച്ചത്.
വെള്ളിയാഴ്ച നടന്ന ക്ലാസ്‌റൂം ഉദ്ഘാടനച്ചടങ്ങില്‍ ഓണ്‍ലൈന്‍വഴി ആശുപത്രിക്കിടക്കയില്‍ക്കിടന്ന് കാശിനാഥും പങ്കെടുത്തു. കീമോയുടെ വേദനയും ക്ഷീണവും വിട്ടൊഴിയുന്ന ദിവസങ്ങളില്‍ ഗൂഗിള്‍മീറ്റുവഴി ക്ലാസില്‍ കാശിനാഥുമുണ്ടാവുമെന്ന ആശ്വാസത്തിലാണ് ദീപയിപ്പോള്‍.

ഓട്ടോത്തൊഴിലാളിയായ കൂനഞ്ചേരി ആലോക്കണ്ടി അനീഷ് കുമാറിനും ഷിജിലയ്ക്കും എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുഞ്ഞാണ് കാശിനാഥ്. അനിയത്തി ശ്രീഭദ്ര ഇതേ സ്‌കൂളില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. അനീഷ് മകനൊപ്പം ആശുപത്രിയിലായതിനാല്‍ ഓട്ടോവഴി കിട്ടിയിരുന്ന വരുമാനവും നിലച്ച് നിസ്സഹായാവസ്ഥയിലാണ് ഇപ്പോള്‍ ഈ കുടുംബം.

Post a Comment

0 Comments