Ticker

6/recent/ticker-posts

Header Ads Widget

GULF NEWS TODAY

🇦🇪യുഎഇയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നതിന്റെ നിബന്ധനകള്‍ വ്യക്തമാക്കി അധികൃതര്‍.

✒️യുഎഇയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നിതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. രാജ്യത്തെ തൊഴിലുടമകള്‍ക്ക് തൊഴിലാളികളോട് ഓവര്‍ടൈം ജോലി ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണെന്നും എന്നാല്‍ അതിന് ബാധകമായ തൊഴില്‍ നിയമത്തിലെയും മറ്റ് ചട്ടങ്ങളിലെയും നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

ഓവര്‍ ടൈം ജോലി ഒരു ദിവസം രണ്ട് മണിക്കൂറില്‍ കവിയാന്‍ പാടില്ലെന്നതാണ് പ്രധാന നിബന്ധന. എന്നാല്‍ കമ്പനിക്ക് ഉണ്ടായേക്കാവുന്ന നഷ്ടം തടയാനോ അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും പ്രതികൂല സാഹചര്യങ്ങളോ അവയുടെ അനന്തര ഫലങ്ങളോ മറികടക്കാന്‍ വേണ്ടി രണ്ട് മണിക്കൂറിലധികവും ഓവര്‍ ടൈം ജോലി ചെയ്യാന്‍ തൊഴിലുടമയ്ക്ക് തൊഴിലാളികളോട് ആവശ്യപ്പെടാന്‍ അവകാശമുണ്ട്. എന്നിരുന്നാലും ഒരു തൊഴിലാളിയുടെ ആകെ ജോലി സമയം കണക്കാക്കുമ്പോള്‍ മൂന്ന് ആഴ്ചയില്‍ പരമാവധി 144 മണിക്കൂറുകള്‍ കവിയാന്‍ പാടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അറിയിപ്പില്‍ യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സൂചിപ്പിക്കുന്നു.

യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി 2023 ജനുവരി ഒന്നു മുതല്‍ പ്രബാല്യത്തില്‍ വന്നു. പദ്ധതിയിലെ അംഗത്വം എല്ലാ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. പദ്ധതി പ്രാബല്യത്തില്‍ വന്നതോടെ ഇനിയും ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് പിഴ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്‍കീം നടപ്പാക്കിയിരിക്കുന്നത്. ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ ഒരു മാസം അഞ്ച് ദിര്‍ഹം വീതം പ്രതിവര്‍ഷം 60 ദിര്‍ഹമായിരിക്കും ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കേണ്ടത്.

🛫കോഴിക്കോടേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്നശേഷം തിരിച്ചിറക്കി.

✒️ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കി. ഇന്നലെ രാത്രി 11.45ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എഐ 998 വിമാനമാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി ടെര്‍മിനലിലേക്ക് മാറ്റി. വിമാനം പുറപ്പെടുമ്പോള്‍ തന്നെ അസാധാരണമായ ശബ്‍ദമുണ്ടായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

യാത്ര പുറപ്പെട്ട് ഏതാണ്ട് ഒരു മണിക്കൂറോളം ആയപ്പോഴാണ് വിമാനത്തിന് സാങ്കേതിക തകരാറുള്ള വിവരം പൈലറ്റ് യാത്രക്കാരെ അറിയിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം ലാന്റ് ചെയ്യുകയും ചെയ്‍തു. അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പുറപ്പെട്ടവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ യാത്രക്കാരിലുണ്ടായിരുന്നു. ഏതാനും ദിവസത്തെ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോയി ഉടനെ തിരികെ വരാന്‍ പദ്ധതിയിട്ടിരുന്നവരും വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. നാട്ടിലേക്ക് കൊണ്ടുപോയ ഒരു മൃതദേഹവും മരിച്ചയാളുടെ ബന്ധുക്കളും ഈ വിമാനത്തിലുണ്ടായിരുന്നു.


യാത്ര മുടങ്ങി ദുരിതത്തിലായ യാത്രക്കാര്‍ക്ക് രാവിലെ വരെ ഭക്ഷണം നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല. യുഎഇയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പലരും വളരെ നേരത്തെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അടുത്തുള്ള ഹോട്ടലുകളില്‍ ഒഴിവില്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞതെന്ന് യാത്രക്കാര്‍ അറിയിച്ചു. മൃതദേഹം മറ്റ് വിമാനത്തില്‍ അയക്കുന്നതിന് സാങ്കേതിക തടസമുണ്ടെന്നും പറ‍ഞ്ഞു.

രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എന്തായാലും ആ സമയം കഴിയാതെ നാട്ടിലെത്തില്ലെന്ന് ഉറപ്പായതോടെ ദീര്‍ഘനേരം വിമാനത്താവളത്തില്‍ ഇരിക്കേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്ക്. ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും നല്‍കാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ടെങ്കിലും മറ്റ് വിമാനങ്ങളില്‍ ഈ സമയം ടിക്കറ്റ് തരപ്പെടുത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നതിനാല്‍ പലര്‍ക്കും അത് സാധ്യമല്ല. വിമാനത്താവളത്തിന് അടുത്ത് താമസ സ്ഥലമുള്ളവര്‍ക്ക് താമസ സ്ഥലങ്ങളിലേക്ക് മടങ്ങാന്‍ ടാക്സി ചാര്‍ജ് നല്‍കാമെന്നും വിമാനം പുറപ്പെടാന്‍ സമയത്ത് ഫോണില്‍ അറിയിക്കാമെന്നും അധികൃതര്‍ പറഞ്ഞതായി യാത്രക്കാര്‍ അറിയിച്ചു. 

🇸🇦പ്രവാസികളും ജോലി തേടി വരുന്നവരും രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍.

✒️സൗദിയിലേക്ക് ജോലിതേടി വരുന്നവർ ട്രാവൽ ഏജൻറുകളുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരാൻ ജാഗ്രത പുലർത്തണമെന്ന് സ്ഥാനമേറ്റെടുത്ത അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. അങ്ങനെ വരുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഇ-മൈഗ്രേറ്റ്’, ‘മദാദ്’ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണം. ഭാവിയിൽ തൊഴിൽദാതാക്കളുമായി കേസോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ അത് ആവശ്യമാണ്. പുതിയതായി ചുമതലയേറ്റ അംബാസഡര്‍ എംബസിയിൽ ഇന്ത്യൻ മാധ്യമ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു.

നിലവിൽ സൗദിയിലുള്ള ഇന്ത്യാക്കാരോടും എംബസിയുടെ വെബ്‍സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ അംബാസഡർ ആവശ്യപ്പെട്ടു. പ്രവാസികളുടെ ആവശ്യഘട്ടങ്ങളിൽ വിവിധ തരത്തിലുള്ള സഹായങ്ങൾ എത്തിക്കാൻ അത് എംബസിക്ക് സഹായമായി മാറും.
ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഏറ്റവും ഊഷ്മളമായ ബന്ധമാണുള്ളതെന്നും അംബാസഡർ പറഞ്ഞു. ജി-20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നതിനാല്‍ അടുത്ത മാസങ്ങളില്‍ കൂടുതല്‍ ഉന്നതതല സന്ദര്‍ശനങ്ങളുണ്ടാകും. 


ഇരുരാജ്യങ്ങളും വ്യാപാര വാണിജ്യമേഖലയില്‍ സഹകരണമുണ്ട്. ഇന്ത്യയിലെ പെട്രോ കെമിക്കല്‍, അടിസ്ഥാന വികസനം, പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളില്‍ സൗദി വ്യവസായികൾ നിക്ഷേപം നടത്തിയിട്ടുണ്ട്. ആകെ 36 ശതകോടി ഡോളറിന്റെ നിക്ഷേപം സൗദിയില്‍ നിന്നും ഇന്ത്യയിലെത്തി. ഇന്ത്യന്‍ വ്യാപാരികളും സൗദിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിവരികയാണ്. നിക്ഷേപ സൗഹൃദ രാജ്യമായതിനാല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ സൗദിയില്‍ നിക്ഷേപത്തിന് ഒരുക്കമാണെന്നും അംബാസഡര്‍ പറഞ്ഞു.

🇸🇦ഇന്ത്യൻ എംബസി എല്ലാദിവസവും പ്രവാസികള്‍ക്കുള്ള ‘ഓപൺ ഹൗസ്’ ആണെന്ന് അംബാസഡർ.

✒️പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും ഇന്ത്യൻ എംബസി എല്ലായിപ്പോഴും ‘ഓപൺ ഹൗസാ’യാണ് പ്രവർത്തിക്കുന്നതെന്ന് അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. പുതിയതായി ചുമതലയേറ്റ അദ്ദേഹം എംബസിയിൽ ഇന്ത്യൻ മാധ്യമ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു. 2013 കാലഘട്ടത്തിൽ എംബസി നടത്തിയിരുന്ന ഓപൺ ഹൗസ് പുനരാരംഭിക്കുമോ എന്ന ചോദ്യത്തിനാണ് എന്തിനാണ് മാസത്തിലൊരു ദിവസം ഓപൺ ഹൗസ് എന്ന് മറുചോദ്യം ഉന്നയിച്ച അംബാസഡർ പ്രവാസികൾക്കായി എല്ലാദിവസവും എംബസിയുടെ വാതിലുകൾ തുറന്നുകിടക്കുകയാണെന്ന് വ്യക്തമാക്കിയത്.

ഇന്ത്യക്കാര്‍ക്ക് വേണ്ടി എംബസിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. 25 ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ ദിനംപ്രതി എംബസിയുടെ ശ്രദ്ധയിലെത്തുന്നുണ്ട്. പരാതികളും പ്രശ്‌നങ്ങളും തീര്‍ക്കാനും പരിഹരിക്കാനും ആവശ്യമായ സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബായും നാട്ടിലേക്ക് പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായവര്‍ക്ക് ഇപ്പോഴും എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കുന്നുണ്ട്. എംബസിയുടെ മേല്‍നോട്ടത്തിലുള്ള സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വിവിധ വിഷയങ്ങളില്‍ ഇടപെടാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്.

ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബിലകപ്പെട്ടും നാട്ടില്‍ പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായ 10,376 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കാന്‍ സാധിച്ചു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ആതിഥേയ രാജ്യത്തിന്റെ നിയമ പരിധിയില്‍ നിന്ന് ചെയ്യാനാവുന്നതെല്ലാം ചെയ്യുന്നുണ്ട്. എംബസി സാമൂഹികക്ഷേമ വിഭാഗം ഇക്കാര്യത്തില്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അംബാസഡര്‍ വ്യക്തമാക്കി.

🚔പൊലീസില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ച് തട്ടിപ്പ്; പ്രവാസി മലയാളിക്ക് വന്‍തുക നഷ്ടമായി.

✒️പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത് വന്‍തുക. ഭീഷണിപ്പെടുത്തി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കിയ തട്ടിപ്പുകാര്‍ 14,600 ദിര്‍ഹത്തിലധികം തുക പിന്‍വലിച്ച ശേഷമാണ് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിച്ചത്. വിവിധ രേഖകള്‍ ചോദിച്ച ശേഷം പലതവണ വിളിച്ചും ഏറ്റവുമൊടുവില്‍ ഭീഷണിപ്പെടുത്തിയുമാണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കിയത്.

ദുബൈയില്‍ താമസിക്കുന്ന ഒരു മലയാളി കുടുംബത്തിലെ അംഗമായ യുവതിക്കാണ് ഫോണ്‍ കോള്‍ ലഭിച്ചത്. ദുബൈ പൊലീസില്‍ നിന്നാണെന്നും ചില സുരക്ഷാ പദ്ധതികളുടെ ഭാഗമായി വിവരങ്ങള്‍ അന്വേഷിക്കാനാണെന്നും പറഞ്ഞു. ഇത് സംബന്ധിച്ച മെസേജ് അയച്ചിരുന്നുവെന്ന് കൂടി പറഞ്ഞ ശേഷം വിവരശേഖരണത്തിനായി പാസ്‍പോര്‍ട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങിയവയുടെ വിവരങ്ങള്‍ ചോദിച്ചു. ഈ രേഖകളെല്ലാം തന്റെ ഭര്‍ത്താവിന്റെ കൈവശമാണെന്നും അദ്ദേഹം ഇപ്പോള്‍ മറ്റൊരിടത്താണെന്നും പറഞ്ഞപ്പോള്‍ എന്ത് രേഖയാണ് കൈയില്‍ ഉള്ളതെന്നായി ചോദ്യം. ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ സ്വരം ഭീഷണിയുടേതായി മാറി.


ഇപ്പോള്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ട് എല്ലാവരെയും നാടുകടത്തുമെന്നും വിളിച്ചയാള്‍ പറഞ്ഞു. തുടര്‍ന്ന് താമസം സംബന്ധിച്ച വിവരങ്ങള്‍ ചോദിക്കുകയും ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. താന്‍ ഭര്‍ത്താവിന്റെ കാര്‍ഡുകളാണ് ഉപയോഗിക്കുന്നതെന്ന് യുവതി പറഞ്ഞപ്പോള്‍ അതിന്റെ വിശദ വിവരങ്ങള്‍ വേണമെന്നായി അടുത്ത ആവശ്യം. അതിന് വഴങ്ങാതെ യുവതി കോള്‍ കട്ട് ചെയ്തു.

എന്നാല്‍ പിന്നെ നിരവധിതവണ പൊലീസില്‍ നിന്നെന്ന് അവകാശപ്പെട്ട് ഫോണ്‍കോളുകള്‍ വന്നു. ഇതിനിടെ ഭര്‍ത്താവിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ജോലിത്തിരക്കുകളിലായിരുന്നതിനാല്‍ അദ്ദേഹത്തിന് ഫോണെടുക്കാന്‍ സാധിച്ചില്ല. പലതവണ കോള്‍ വന്നപ്പോള്‍ യുവതി വീണ്ടും അറ്റന്‍ഡ് ചെയ്‍തു. മറുതലയ്ക്കലില്‍ നിന്ന് ദേഷ്യത്തോടെയുള്ള സംസാരവും തുടര്‍ന്ന് കാര്‍ഡിന്റെ വിവരങ്ങളും അന്വേഷിച്ചു. ഇവ പറഞ്ഞുകൊടുത്തതിന് തൊട്ടു പിന്നാലെ ദുബൈ സ്‍മാര്‍ട്ട് ഗവണ്‍മെന്റിലേക്ക് പണം പിന്‍വലിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള മെസേജ് കാര്‍ഡ് ഉടമയായ ഭര്‍ത്താവിന്റെ ഫോണിലേക്ക് എത്തി. 

ഒടിപി പോലും ആവശ്യപ്പെടാതെ കാര്‍ഡില്‍ നിന്ന് തുടരെതുടരെ പണം പിന്‍വലിക്കപ്പെടാന്‍ തുടങ്ങിയതോടെ ബാങ്കില്‍ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യിച്ചു. എന്നാല്‍ അതിനോടകം തന്നെ 14,600 ദിര്‍ഹം തട്ടിപ്പുകാര്‍ കൈക്കലാക്കി കഴിഞ്ഞിരുന്നു. ബാങ്കിനും പൊലീസിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments