Ticker

6/recent/ticker-posts

Header Ads Widget

2 മാസം ജീവനുവേണ്ടി പോരാട്ടം; ആംബുലന്‍സില്‍ സ്‌കൂളിലെത്തി, വീല്‍ച്ചെയറിലിരുന്ന് പരീക്ഷയെഴുതി അഷ്ഹദ്



കൊക്കയാര്‍ (ഇടുക്കി): വെന്റിലേറ്ററിലും ഐ.സി.യു.വിലുമായി രണ്ട് മാസത്തിലധികമായി ജീവനുവേണ്ടിയുള്ള പോരാട്ടം. ഇപ്പോഴും എഴുന്നേറ്റ് നടക്കാനായിട്ടില്ല. എന്നിട്ടും അഷ്ഹദ് എന്ന കൊച്ചുമിടുക്കന്‍ ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ സ്‌കൂളിലെത്തി പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷയെഴുതി മടങ്ങി.


ഇടുക്കി കൊക്കയാര്‍ സ്വദേശിയും കുറ്റിപ്ലാങ്ങാട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായി അഷ്ഹദ് അയൂബാണ് ചികിത്സ തുടരവേ പാലാ മാര്‍സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍നിന്ന് പരീക്ഷയെഴുതാന്‍ എത്തിയത്. നവംബര്‍ 26-നാണ് കൂട്ടിക്കല്‍ ചപ്പാത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ അഷ്ഹദിന് ഗുരുതരമായ പരിക്കേറ്റത്.

കൂട്ടിക്കല്‍ ടൗണില്‍നിന്ന് വീട്ടിലേയ്ക്ക് സൈക്കിളില്‍ വരികയായിരുന്ന അഷ്ഹദിനെ എതിര്‍ദിശയില്‍ എത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയോട്ടി പൊട്ടിപ്പിളര്‍ന്നിരുന്നു, തുടയെല്ല് പൊട്ടി, നട്ടെല്ലിനും ക്ഷതമേറ്റ് ആഴ്ചകളോളം വെന്റിലേറ്ററില്‍ കഴിഞ്ഞു. നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. എങ്കിലും ഇതുവരെ കാല്‍ നിലത്തുകുത്താനോ നടക്കാനോ കഴിഞ്ഞിട്ടില്ല.

ഇതിനിടെയാണ് അഷ്ഹദ് പരീക്ഷയെഴുതാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. മാതാപിതാക്കള്‍ ഈ വിവരം സ്‌കൂള്‍ അധികൃതരുമായും ഡോക്ടറോടും പങ്കുവെച്ചു. തുടര്‍ന്ന് ഐ.സി.യു. സംവിധാനമുള്ള ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ സൗകര്യമൊരുക്കി. കുട്ടിക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങള്‍ സ്‌കൂള്‍ അധികൃതരും ഒരുക്കി.

അഷ്ഹദ് വീല്‍ചെയറിലാണ് പരീക്ഷാഹാളിലേക്ക് എത്തിയത്. മാസങ്ങള്‍ക്കുശേഷം പരീക്ഷയില്‍ പങ്കെടുത്ത ആത്മവിശ്വാസത്തോടെ വീല്‍ചെയറിലിരുന്ന് കൂട്ടുകാരോടും അധ്യാപകരോടും കുശലംപറഞ്ഞശേഷം വീണ്ടും ആശുപത്രിയിലേക്ക് മടങ്ങി. ഫെബ്രുവരി 13-ന് അടുത്ത പരീക്ഷ എഴുതാനുള്ള ഒരുക്കത്തിലാണ് അഷ്ഹദ്. നാരകംപുഴ കട്ടുപ്ലാക്കല്‍ അയ്യൂബ് ഖാന്‍- അനീസ ദമ്പതിമാരുടെ മകനാണ്.

Post a Comment

0 Comments