Ticker

6/recent/ticker-posts

Header Ads Widget

ബസുകളില്‍ ഇനി ക്യാമറ നിര്‍ബന്ധം; ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരും ബസില്‍ വേണം


ക്യാമറ വാങ്ങാനുള്ള തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും.

സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ നിര്‍ബന്ധമാക്കി സര്‍ക്കാര്‍. മത്സരയോട്ടവും നിയമലംഘനങ്ങളും തടയാന്‍ ഫെബ്രുവരി 28-നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും രണ്ടുവീതം ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കണം. ഗതാഗതമന്ത്രി ആന്റണി രാജു കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലേതാണ് ഈ തീരുമാനങ്ങള്‍.


ക്യാമറ വാങ്ങാനുള്ള തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. കെ.എസ്.ആര്‍.ടി.സി. ബസുകളിലും ക്യാമറ സ്ഥാപിക്കും. കൊച്ചി നഗരത്തില്‍ നിയമലംഘനം അറിയിക്കാന്‍ വാട്സാപ്പ് നമ്പറും നിലവില്‍ വന്നു. 6238100100 എന്ന നമ്പറിലാണ് പരാതികള്‍ അറിയിക്കേണ്ടത്.

സേഫ് കേരള പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച 826 ക്യാമറകള്‍ ഉടനെ പ്രവര്‍ത്തനം തുടങ്ങും. . സ്വകാര്യബസുകളുടെ മേല്‍നോട്ടച്ചുമതല മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകമായി നിശ്ചയിച്ച് നല്‍കും.യാത്രക്കാര്‍ക്ക് പരാതിനല്‍കാന്‍, ചുമതലയുള്ള മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥന്റെ നമ്പറും പ്രദര്‍ശിപ്പിക്കണം.

വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് വഴി സംസ്ഥാനതലത്തിലും നിരീക്ഷണം ഏര്‍പ്പെടുത്തും. മത്സരയോട്ടം തടയാന്‍ ഒരേറൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ ക്ലസ്റ്റര്‍ രൂപവത്കരിച്ച് വരുമാനം പങ്കുവെക്കുന്നത് ചര്‍ച്ചചെയ്ത് തീരുമാനം അറിയിക്കാന്‍ ബസ്സുടമകളോട് മന്ത്രി ആവശ്യപ്പെട്ടു.

ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ആറുമാസത്തിലൊരിക്കല്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യപരിശീലനവും കൗണ്‍സലിങ്ങും നല്‍കും.

പ്രധാന നിര്‍ദേശങ്ങള്‍

- ബസില്‍നിന്ന് റോഡിന്റെ മുന്‍വശവും അകവും കാണാവുന്ന തരത്തില്‍ രണ്ടു ക്യാമറ സ്ഥാപിക്കണം.

- ഡ്രൈവറുടെയും കണ്ടക്ടറുടെയും പേര്, വിലാസം, ലൈസന്‍സ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിന് നല്‍കണം. ബസ്സിനകത്തും പ്രദര്‍ശിപ്പിക്കണം.

- ലഹരിക്കടത്തിന് ഉപയോഗിക്കുന്ന ബസുകള്‍ പിടിച്ചെടുക്കും.

Post a Comment

0 Comments