🎙️ഉംറ തീർത്ഥാടകർക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാം, എവിടെ നിന്നും തിരിച്ചുപോകാം.
✒️ഉംറ വിസയിൽ എത്തുന്ന വിദേശികളെ രാജ്യത്തെ ഏത് വിമാനത്താവളത്തിലും ഇറങ്ങാനും തിരിച്ചുപോകാനും അനുവദിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക) അറിയിച്ചു. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്കും തിരിച്ചും സർവിസ് നടത്തുന്ന അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉംറ തീർഥാടകരെ ഏത് വിമാനത്താവളത്തിലും ഇറക്കാനും തിരികെ കൊണ്ടുപോകാനും കമ്പനികൾ ബാധ്യസ്ഥരാണ്. ഇത് പാലിക്കാത്ത വിമാന കമ്പനികൾക്കെതിരെ നിയമാനുസൃത നടപടികളുണ്ടാകും.
നേരത്തെ തീർഥാടകർക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ മാത്രമേ ഇറങ്ങാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അതിൽ മാറ്റം വരുത്തി പുതിയ തീരുമാനം ഉണ്ടായത് കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് ഏത് വിമാനത്താവളത്തിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാനും തിരിച്ചുപോകാനും കഴിയുമെന്ന് അന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തതിനാൽ പല വിമാന കമ്പനികളും ജിദ്ദയും മദീനയും ഒഴികെ സൗദിയിലെ മറ്റ് വിമാനത്താവളങ്ങളിലേക്കുള്ള ഉംറ യാത്രക്കാരെ കൊണ്ടുവരാൻ മടിച്ചിരുന്നു. ഇത്തരത്തിൽ പലരുടെയും യാത്ര മുടങ്ങുകയും ചെയ്തിരുന്നു.
സൗദി അറേബ്യക്ക് പുറത്തുനിന്നുള്ള ഉംറ തീർഥാടകർക്ക് നിശ്ചിത വിമാനത്താവളങ്ങളില്ലെന്ന് മന്ത്രാലയം നിലപാട് വ്യക്തമാക്കിയെങ്കിലും 'ഗാക'യുടെ സർക്കുലർ ലഭിക്കാത്തതിനാൽ പല വിമാന കമ്പനികളും പുതിയ നിയമം പാലിച്ചിരുന്നില്ല. ഉംറ തീർഥാടകന് രാജ്യത്തെ ഏതെങ്കിലും അന്താരാഷ്ട്രീയമോ പ്രാദേശികമോ ആയ വിമാനത്താവളത്തിലുടെ പ്രവേശിക്കാനും പോകാനും കഴിയുമെന്നും ഈ തീരുമാനം കർശനമായി വിമാന കമ്പനികൾ പാലിക്കണമെന്നും പുതിയ അറിയിപ്പിൽ അതോറിറ്റി വ്യക്തമാക്കുന്നു.
🎙️ഒമാൻ: ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്‌ട്രേഷൻ 2023 ഫെബ്രുവരി 21-ന് ആരംഭിക്കും.
✒️ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസി തീർത്ഥാടകർ ഉൾപ്പടെയുള്ളവർക്കുള്ള ഇ-രജിസ്‌ട്രേഷൻ 2023 ഫെബ്രുവരി 21-ന് ആരംഭിക്കും. ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സാണ് 2023 ഫെബ്രുവരി 14-ന് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ പ്രവാസികൾക്കും, പൗരന്മാർക്കുമുള്ള ഹജ്ജ് ഓൺലൈൻ രജിസ്‌ട്രേഷൻ 2023 ഫെബ്രുവരി 21, ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നതാണ്. ഈ രജിസ്‌ട്രേഷൻ 2023 മാർച്ച് 4 വരെ നീണ്ട് നിൽക്കും.
https://hajj.om/ എന്ന വിലാസത്തിൽ നിന്ന് ഈ ഇ-രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.
🎙️2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകും.
✒️2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു. 2023 ഫെബ്രുവരി 14-ന് രാത്രിയാണ് ഫിഫ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഫെബ്രുവരി 14-ന് നടന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് സൗദി അറേബ്യയെ 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റ് വേദിയായി തിരഞ്ഞെടുത്തതായി ഫെഡറേഷൻ അറിയിച്ചത്. 2023 ഡിസംബർ 12 മുതൽ 22 വരെയാണ് 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകുന്നതോടെ രാജ്യത്തെ ഫുട്ബോൾ മേഖലയിൽ അടുത്തിടെ ദൃശ്യമായിട്ടുള്ള പുത്തൻ ഉണർവിന് കൂടുതൽ ശക്തിയാർജ്ജിക്കുമെന്നത് ഉറപ്പാണ്.
2027 ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) 2023 ഫെബ്രുവരി 1-ന് സ്ഥിരീകരിച്ചിരുന്നു.
2023 ഫെബ്രുവരി 12-ന് നടന്ന 2022 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റ് (2022-ൽ നടക്കേണ്ടിയിരുന്ന ഈ ടൂർണമെന്റ്റ് 2023-ലേക്ക് നീട്ടിവെക്കുകയായിരുന്നു) ഫൈനലിൽ സൗദി ടീമായ അൽ ഹിലാൽ റയൽ മാഡ്രിഡുമായി ഏറ്റുമുട്ടിയിരുന്നു. മൊറോക്കോയിലെ പ്രിൻസ് മൗലായ് അബ്ദെല്ല സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഈ മത്സരത്തിൽ റയൽ മാഡ്രിഡ് മൂന്നിനെതിരെ അഞ്ച് ഗോളിന് അൽ ഹിലാലിനെ പരാജയപ്പെടുത്തിയിരുന്നു.
0 Comments