🇦🇪സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാത്തവര്‍ക്കെതിരെ കേസും വിലക്കും വരുമെന്ന് മുന്നറിയിപ്പ്.
✒️സന്ദര്‍ശക വിസയില്‍ യുഎഇയില്‍ പ്രവേശിച്ച ശേഷം വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടു പോകാത്തവര്‍ക്ക് മുന്നറിയിപ്പുമായി ട്രാവല്‍ ഏജന്‍സികള്‍. ഇത്തരക്കാര്‍ക്കെതിരെ ട്രാവല്‍ ഏജന്‍സികള്‍ കേസ് ഫയല്‍ ചെയ്യുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമൂലം സന്ദര്‍ശകര്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാനും ഭാവിയില്‍ യുഎഇയിലോ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലോ പ്രവേശിക്കുന്നതില്‍ വിലക്ക് നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിസാ കാലാവധി കഴിഞ്ഞ് അഞ്ച് ദിവസത്തിനകം രാജ്യംവിട്ടു പോകാത്തവരാണ് ഈ നടപടികള്‍ക്ക് വിധേയരാകേണ്ടി വരിക.
വിസാ കാലാവധി കഴിഞ്ഞ് ഒരു ദിവസമെങ്കിലും അധികമായി യുഎഇയില്‍ താമസിക്കുന്നവര്‍ ഇത്തരം നടപടികള്‍ക്ക് വിധേയരായേക്കാമെന്നും ഇക്കാര്യത്തില്‍ മറ്റ് മുന്നറിയിപ്പുകള്‍ ഉണ്ടാവില്ലെന്നുമാണ് ട്രാവല്‍ ഏജന്‍സികളുടെ നിലപാട്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ വിസ പുതുക്കുകയോ അല്ലെങ്കില്‍ രാജ്യം വിട്ടു പോവുകയോ വേണമെന്ന് അറിയിപ്പില്‍ പറയുന്നു. വിസാ കാലാവധി കഴിഞ്ഞ് അഞ്ച് ദിവസത്തിലധികം രാജ്യത്ത് താമസിക്കുന്നവര്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് മറ്റൊരു ട്രാവല്‍ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പിലുള്ളത്.
ട്രാവല്‍ ഏജന്‍സികള്‍ വഴി എടുക്കുന്ന സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ തങ്ങളുടെ സ്‍പോണ്‍സര്‍ഷിപ്പില്‍ ആയിരിക്കുമെന്നതിനാല്‍, അവര്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിച്ചാല്‍ അതിന് തങ്ങള്‍ കൂടി ഉത്തരവാദികളാവുമെന്നും ഈ സാഹചര്യം ഒഴിവാക്കാന്‍ തങ്ങള്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണെന്നും ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ വിശദീകരിക്കുന്നു. അധികമായി താമസിക്കുന്ന ദിവസത്തേക്ക് അധികൃതര്‍ സ്‍പോണ്‍സറില്‍ നിന്നാണ് പിഴ ഈടാക്കുന്നത്. ഈ പിഴത്തുക ട്രാവല്‍ ഏജന്‍സികള്‍ സന്ദര്‍ശകരില്‍ നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്.
പിഴ അടയ്ക്കേണ്ടി വരുന്നത് മാത്രമല്ല, തങ്ങളുടെ സ്‍പോണ്‍സര്‍ഷിപ്പിലുള്ളവര്‍ യഥാസമയം രാജ്യം വിട്ടു പോയില്ലെങ്കില്‍ തങ്ങള്‍ക്ക് പിന്നീട് വിസാ അപേക്ഷകള്‍ നല്‍കുന്നതിന് പോര്‍ട്ടലില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമായ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ തങ്ങള്‍ സന്ദര്‍ശകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ വിശദീകരിക്കുന്നു.
🛫പ്രവാസികളെ കുഴയ്ക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് മറികടക്കാന്‍ ബജറ്റില്‍ പുതിയ നിര്‍ദേശം.
✒️തിരുവനന്തപുരം: കേരളത്തിലെ പ്രവാസി സമൂഹത്തെ, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലുള്ളവരെ അലട്ടുന്ന പ്രധാന പ്രശ്നമായ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് പ്രതിരോധിക്കാന്‍ പുതിയ നിര്‍ദേശവുമായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം. വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യേണ്ടിവരുമ്പോള്‍ നല്‍കേണ്ടിവരുന്ന ഉയര്‍ന്ന വിമാന യാത്രാ ചെലവ് നിയന്ത്രിക്കാന്‍ ആഭ്യന്തര, വിദേശ എയര്‍ലൈന്‍ കമ്പനികളുമായും പ്രവാസി സംഘടനകളുമായും ഇതിനോടകം നടത്തിയ ചര്‍ച്ചകളെക്കുറിച്ചും ബജറ്റില്‍ പ്രതിപാദിച്ചു.
പ്രവാസികളുടെ യാത്രാ ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് വഴി ഒരു പ്രത്യേക പോര്‍ട്ടല്‍ നടപ്പാക്കാനാണ് ബജറ്റിലെ നിര്‍ദേശം. യാത്രാക്കാരുടെ ആവശ്യം പരിഗണിച്ച് അതിനനുസരിച്ച് ആവശ്യമായ സെക്ടറുകളില്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്താമെന്നതാണ് ലക്ഷ്യം.
വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ സീറ്റ് അടിസ്ഥാനത്തിലുള്ള നിരക്ക് വിമാനക്കമ്പനികളില്‍ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങിയ ശേഷം പരമാവധി നിരക്ക് കുറച്ച് ചാര്‍ട്ടര്‍ വിമാനങ്ങള്‍ സജ്ജീകരിക്കാനാവുമെന്നതാണ് പ്രതീക്ഷ. സീസണില്‍ പത്തിരട്ടിയോളവും അതിലധികവുമൊക്കെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കും. ഇതിലൂടെ യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന പരിധിയിക്കുള്ള ടിക്കറ്റ് നിലനിര്‍ത്താന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി പങ്കുവെച്ചു.
പ്രാഥമികമായി 15 കോടിയുടെ ഒരു കോര്‍പസ് ഫണ്ട് ഈ പദ്ധതിക്കായി രൂപീകരിക്കാനാണ് ബജറ്റിലെ നിര്‍ദേശം. ഏതെങ്കിലും ഒരു വിമാനത്താവളം പദ്ധതിയില്‍ പങ്കാളിയാവാന്‍ ആഗ്രഹം പ്രകടിപ്പിക്കുമെങ്കില്‍ അതിനുള്ള അണ്ടര്‍റൈറ്റിങ് ഫണ്ടായും ഈ പണം ഉപയോഗിക്കാമെന്ന് സംസ്ഥാന ബജറ്റ് പറയുന്നു.
🛬മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് വര്‍ഷത്തില്‍ 100 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.
✒️വിദേശത്തു നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് അസിസ്റ്റഡ് മൊബിലൈസ്‍ഡ് എംപ്ലോയ്‍മെന്റ് (NAME) എന്ന പേരില്‍ ബജറ്റില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഒരോ പ്രവാസി തൊഴിലാളിക്കും വര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന കണക്കില്‍ ഒരു ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. ഈ പദ്ധതിക്കായി അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് നിലനില്‍പ്പിന് ആവശ്യമായ പുതിയ നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്‍കരിച്ച് നടപ്പാക്കുന്നതിനും വേണ്ടി 84.60 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വലിയ ശ്രദ്ധയാണ് നല്‍കുന്നതെന്ന് ബജറ്റ് പ്രസംഗം അവകാശപ്പെടുന്നു. പ്രവാസികള്‍ക്ക് ബിസിനസുകള്‍ തുടങ്ങാനും മറ്റ് പദ്ധതികള്‍ക്കുമായി നോര്‍ക്ക വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് (NDPREM) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 25 കോടി വകയിരുത്തിയിട്ടുണ്ട്. വായ്‍പകള്‍ക്ക് മൂലധന സബ്‍സിഡിയും പലിശ സബ്‍സിഡിയും നല്‍കുന്ന പദ്ധതിയാണിത്.
മടങ്ങിയെത്തിയ പ്രവാസികളുടെ ക്ഷേമത്തിനായി ആകെ 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് കുടുംബശ്രീ മിഷന് കീഴില്‍ രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്‍പ നല്‍കുന്ന പ്രവാസി ഭദ്രത പദ്ധതി (PEARL), ബാങ്കുകള്‍ വഴി അഞ്ച് ലക്ഷം രൂപ വായ്‍പ നല്‍കുകയും ഇതിന് പരമാവധി 25 ശതമാനം മൂലധന സബ്‍സിഡിയും മൂന്ന് ശതമാനം പലിശ സബ്‍സിഡിയും നല്‍കുന്ന പ്രവാസി ഭദ്രത മൈക്രോ പദ്ധതി, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കെഎസ്ഐഡിസി വഴി അഞ്ച് ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ വായ്‍പ നല്‍കുന്ന പ്രവാസി ഭദ്രത - മെഗാ (MEGA) എന്നീ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
മടങ്ങിയെത്തിയ പ്രവാസികള്‍ക്കും മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്കും സമയബന്ധിതമായി ധനസഹായം നല്‍കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള 'സാന്ത്വന' പദ്ധതിക്ക് 33 കോടിയാണ് ബജറ്റില്‍ നീക്കിവെച്ചത്. നോണ്‍ റെസിഡന്റ് കേരളൈറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് മുഖേനയുള്ള ക്ഷേമ പദ്ധതികള്‍ക്കായി 15 കോടിയും വകയിരുത്തി. എയര്‍പോര്‍ട്ടുകളില്‍ ലഭ്യമായ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സേവനത്തിന് 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ലോക കേരള സഭയുടെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കാനും ലോകകേരള സഭയുടെ പ്രാദേശിക യോഗങ്ങള്‍ നടത്താനും ലോക കേരള സഭാ സെക്രട്ടേറിയറ്റിന്റെ ഓഫീസ് ചെലവുകള്‍ വഹിക്കുന്നതിനും വേണ്ടി 2.50 കോടി വകയിരുത്തി. മാവേലിക്കരയില്‍ നോര്‍ക്കയുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കല്‍ സ്ഥലത്ത് ലോകകേരള കേന്ദ്രം സ്ഥാപിക്കാന്‍ ഒരു കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്.
വിദേശത്ത് പോകുന്നവര്‍ക്കുള്ള യോഗ്യതാ പരീക്ഷകളായ ഐഇഎല്‍ടിഎസ്, ഒഇടി തുടങ്ങിയ പരീക്ഷകളുടെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായമായി കുറഞ്ഞ പലിശ നിരക്കില്‍ വായ്‍ല ലഭ്യമാക്കുന്ന നോര്‍ക്ക ശുഭയാത്ര എന്ന പദ്ധതിക്ക് വേണ്ടി രണ്ട് കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ലളിതമായ നടപടിക്രമങ്ങളിലൂടെ ലഭ്യമാക്കാവുന്ന വായ്‍പകളായിരിക്കും ഇത്.
ഇതിന് പുറമെയാണ് വിദേശത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിലെ വര്‍ദ്ധനവ് മറികടക്കുന്നതിനുള്ള പുതിയ നിര്‍ദേശം.
🇰🇼625 തസ്‍തികകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു.
✒️കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 625 തസ്‍തികകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന വിലക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ പിന്‍വലിച്ചു. ഈ തസ്‍തികകളിലേക്ക് നിയമനം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സിവില്‍ സര്‍വീസ് മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചതായി അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.
77 ഡോക്ടര്‍മാര്‍, 485 സ്റ്റാഫ് നഴ്സുമാര്‍, 52 ടെക്നീഷ്യന്മാര്‍, 11 ഫാര്‍മസിസ്റ്റുകള്‍ എന്നിവരുടെ ഒഴിവുകളിലാണ് പ്രവാസികളെ നിയമിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഈ തസ്‍തികകളില്‍ നേരത്തെ ജോലി ചെയ്‍തിരുന്നവരുടെ സേവന കാലാവധി അവസാനിച്ച ശേഷം അവരുടെ ആനുകൂല്യങ്ങള്‍ കൊടുത്തുതീര്‍ക്കുന്നതിനുള്ള നിയമപരമായ കാലവധി അവസാനിക്കുന്നത് വരെ നിയമനം വേണ്ടെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. ഇതിന് പുറമെ ആരോഗ്യ മന്ത്രാലയത്തിന് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് അനുവദിച്ചിരിക്കുന്ന ബജറ്റ് സംബന്ധമായ വിവരങ്ങള്‍ ലഭ്യമായ ശേഷം ഈ തസ്‍തികകള്‍ തുടരാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയാണ് പ്രവാസികളുടെ നിയമനത്തിന് അനുമതി നല്‍കിയത്.
🇸🇦സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ: സന്ദർശകർ സൗദി അറേബ്യയിലേക്ക് പ്രവേശിച്ച് തുടങ്ങിയതായി ജനറൽ പാസ്സ്പോർട്ട്സ് വകുപ്പ്.
✒️സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നവർക്ക് അനുവദിക്കുന്ന നാല് ദിവസത്തെ എൻട്രി പെർമിറ്റ് ഉപയോഗിച്ച് കൊണ്ട് സന്ദർശകർ സൗദി അറേബ്യയിലേക്ക് പ്രവേശിച്ച് തുടങ്ങിയതായി ജനറൽ പാസ്സ്പോർട്ട്സ് വകുപ്പ് അറിയിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട് എന്നീ വിമാനത്താവളങ്ങളിലെ ജനറൽ പാസ്സ്പോർട്ട്സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
2023 ഫെബ്രുവരി 3-ന് പുലർച്ചെയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യോമയാത്രികരായുള്ള ട്രാൻസിറ്റ് യാത്രികർക്ക് അനുവദിച്ചിട്ടുള്ള ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ ആദ്യ ബാച്ച് സന്ദർശകർ ജിദ്ദ, റിയാദ്, മദീന എയർപോർട്ടുകളിലൂടെ പ്രവേശിച്ചതായി അധികൃതർ വ്യക്തമാക്കി.
ഇത്തരം യാത്രികരെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സൗദി അറേബ്യയിലെ മുഴുവൻ വിമാനത്താവളങ്ങളിലും നടപ്പിലാക്കിയതായും ജനറൽ പാസ്സ്പോർട്ട്സ് വകുപ്പ് കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിലൂടെ സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നവർക്ക് എൻട്രി വിസ നേടുന്നതിനുള്ള ഒരു ഇ-സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം 2023 ജനുവരി 30-ന് അറിയിച്ചിരുന്നു.
ഇത്തരം വിസകൾ ഉപയോഗിച്ച് കൊണ്ട് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികർക്ക് നാല് ദിവസം വരെ സൗദി അറേബ്യയിൽ താമസിക്കാൻ അനുമതി ലഭിക്കുന്നതാണ്. ഇത്തരം വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും, സൗദി അറേബ്യയിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനും, ഉംറ അനുഷ്ഠിക്കുന്നതിനും അനുമതിയുണ്ടായിരിക്കുന്നതാണ്.
സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വ്യക്തമാക്കിക്കൊണ്ട് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് (ജവാസത്) പിന്നീട് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിരുന്നു.
ഇത്തരം സന്ദർശകർക്ക് രാജ്യത്ത് ഡ്രൈവ് ചെയ്യാൻ അനുമതി ലഭിക്കുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി പിന്നീട് വ്യക്തമാക്കിയിരുന്നു.
0 Comments