Ticker

6/recent/ticker-posts

Header Ads Widget

ഇന്ധനം ടാങ്ക് നിറച്ചടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകും: പേടിപ്പിക്കാന്‍ വീണ്ടും വ്യാജ സന്ദേശം

കണ്ണൂര്‍: ടാങ്ക് നിറയെ എണ്ണയടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകുമെന്ന് ഇന്ത്യന്‍ ഓയിലിന്റെ പേരില്‍ വ്യാജ സന്ദേശം. കണ്ണൂരില്‍ കാര്‍ കത്തിയ സമയത്ത് വീണ്ടും വ്യാജസന്ദേശം ഇറങ്ങിയതില്‍ വാഹന ഉടമകള്‍ പേടിയിലാണ്. 

സാമൂഹികമാധ്യമങ്ങളിലെ സന്ദേശം വീടുതൊട്ട് പെട്രോള്‍പമ്പുവരെ ചര്‍ച്ചചെയ്യപ്പെടുകയാണ്.
ഇത് വ്യാജ സന്ദേശമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. 

വരുംദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വാഹന ടാങ്കില്‍ പൂര്‍ണമായി പെട്രോള്‍ നിറയ്ക്കരുതെന്നുമാണ് സന്ദേശം. പകുതി ടാങ്ക് ഇന്ധനം നിറച്ച് വായുവിന് ഇടംനല്‍കുക. പരമാവധി പെട്രോള്‍ നിറച്ചതിനാല്‍ ഈയാഴ്ച അഞ്ച് സ്‌ഫോടന അപകടങ്ങള്‍ സംഭവിച്ചെന്നും സന്ദേശത്തില്‍ പറയുന്നു.

പെട്രോള്‍ ടാങ്ക് ദിവസത്തില്‍ ഒരിക്കല്‍ തുറന്ന് അകത്ത് കെട്ടിക്കിടക്കുന്ന വാതകം പുറത്തേക്ക് വിടണം. ഇതിനൊപ്പം ഈ സന്ദേശം മറ്റുള്ളവര്‍ക്ക് അയക്കാനും നിര്‍ദേശിക്കുന്നു. ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശം പ്രചരിപ്പിക്കപ്പെടുന്നു.

വ്യാജസന്ദേശം -ഐ.ഒ.സി.എല്‍. ഇംഗ്ലീഷും മലയാളവും ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ പങ്കുവെയ്ക്കുന്നത് വ്യാജ സന്ദേശമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വീണ്ടും ട്വീറ്റിലൂടെ അറിയിച്ചു. വാഹന നിര്‍മാതാക്കള്‍ നിശ്ചയിച്ച പൂര്‍ണപരിധിവരെ ഇന്ധനം നിറയ്ക്കാം.

വേനലിലോ മഴക്കാലത്തോ ഒന്നും സംഭവിക്കില്ല. ഇത് അടിസ്ഥാനരഹിത പ്രചരണമാണെന്ന് വാഹന വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇന്‍ലെറ്റ് പൈപ്പില്‍ (നെക്ക്) വരെ ഇന്ധനം അടിക്കുന്ന പ്രവണത ഒഴിവാക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു.

നെക്കില്‍ കുറച്ച് സ്ഥലം (സ്‌പേസ്) ഒഴിച്ചിട്ടാല്‍ വായു ബാഷ്പീകരിക്കുന്നത് തടയും. വായു പോകാത്തവിധം നിറഞ്ഞാല്‍ അതില്‍ ചൂടുള്ള സമയം മര്‍ദം കൂടി ടാങ്കിന് തകരാര്‍ വരും. ഫുള്‍ ടാങ്ക് അടിക്കുന്നതിന് പകരം അല്‍പ്പം സ്ഥലം വിട്ട് (ബ്രീത്തിങ്) അടിക്കുന്നത് എപ്പോഴും നല്ലതാണെന്ന് മെക്കാനിക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഏത് വാഹനത്തിലും ഫുള്‍ടാങ്ക് ശേഷിയുടെ കുറച്ച് അധികം അടിച്ചാലും ഒരു കുഴപ്പവും വരില്ലെന്നാണ് ഇന്ധന ഏജന്‍സികളുടെ അഭിപ്രായം. 30 ലിറ്റര്‍ ഫുള്‍ടാങ്ക് ശേഷിയുള്ള കാറില്‍ ശരിക്കും 35 ലിറ്റര്‍ വരെ കൊള്ളും. ബാഷ്പീകരണസാധ്യതകൂടി കണക്കാക്കിയാണ് വാഹനത്തിന്റെ ഫുള്‍ടാങ്ക് ശേഷി തീരുമാനിക്കുന്നതെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് ടോമി തോമസ് പറഞ്ഞു.

Post a Comment

0 Comments