Ticker

6/recent/ticker-posts

Header Ads Widget

സൗദി അറേബ്യ വാർത്തകൾ

🎙️സൗദി: ടൂറിസം പെർമിറ്റ്, ലൈസൻസ് എന്നിവയ്ക്കായുള്ള ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചതായി RCU.

✒️ടൂറിസം, വിനോദ പെർമിറ്റുകൾ, ലൈസൻസുകൾ എന്നിവ അനുവദിക്കുന്നതിനായുള്ള ഒരു ഓൺലൈൻ സംവിധാനം പ്രവർത്തനം ആരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ അൽ ഉല (RCU) അധികൃതർ അറിയിച്ചു. 2023 ഫെബ്രുവരി 19-നാണ് RCU ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അൽ ഉല മേഖലയിലെ വിവിധ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ പൊതുസമൂഹത്തിലേക്ക് ലഭ്യമാക്കുന്നതിനാണ് ഇത്തരം ഒരു സേവനം ആരംഭിച്ചിരിക്കുന്നത്. ടൂറിസം, റിക്രിയേഷണൽ മേഖലകളിലെ വിവിധ സേവനങ്ങൾ ഈ ഓൺലൈൻ സംവിധാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

https://www.rcu.gov.sa/en/eservices/ എന്ന വിലാസത്തിൽ ഈ ഓൺലൈൻ സേവനം ലഭ്യമാണ്. ഈ സംവിധാനത്തിലൂടെ ടൂറിസം മേഖലയിൽ നിരവധി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള അനുമതികൾ, പെർമിറ്റുകൾ തുടങ്ങിയവ ഈ പോർട്ടലിൽ നിന്ന് വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ലഭ്യമാണ്.

ഈ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള ടൂറിസം സേവനങ്ങൾ:
ഹോസ്പിറ്റാലിറ്റി ടൂറിസ്റ്റ് അക്കോമോഡേഷൻസ് ഫെസിലിറ്റി സർവീസ്.
പ്രൈവറ്റ് ഹോസ്പിറ്റാലിറ്റി ടൂറിസ്റ്റ് അക്കോമോഡേഷൻസ് ഫെസിലിറ്റി സർവീസ്.
ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി ബുക്കിംഗ് ഓഫീസ് ലൈസെൻസ്.
ടൂർ ഗൈഡ് ലൈസൻസ്.
ട്രാവൽ ഏജന്റ് ലൈസൻസ്.
ടൂർ ഓപ്പറേറ്റർ ലൈസൻസ്.
ഈ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള എന്റർടൈൻമെന്റ് സേവനങ്ങൾ:
അമ്യൂസ്മെന്റ് പാർക്ക് ലൈസൻസ്.
എന്റർടൈൻമെന്റ് ഷോ പെർമിറ്റ്.
റിക്രിയേഷണൽ ഫെസിലിറ്റീസ് ഓപ്പറേഷൻസ് ലൈസൻസ്.
ആർട്ടിസ്റ്റിക് ആൻഡ് എന്റർടൈൻമെന്റ് ടാലന്റ് മാനേജ്‌മന്റ് ലൈസൻസ്.
റസ്റ്ററാന്റ്റ്/ കഫേ ലൈവ് ഷോ പെർമിറ്റ്.
എന്റർടൈൻമെന്റ് ഇവന്റ് പെർമിറ്റ്.
എന്റർടൈൻമെന്റ് സെന്റർ ലൈസൻസ്.
ടിക്കറ്റ് പ്രൊവൈഡർ സർട്ടിഫിക്കറ്റ്.

🎙️സൗദി അറേബ്യ: രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നവർക്ക് ഒരു ദശലക്ഷം റിയാൽ പിഴ, 15 വർഷം തടവ്.

✒️രാജ്യത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2023 ഫെബ്രുവരി 18-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൗദി അറേബ്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്കും, സൗദി അതിർത്തികൾ ലംഘിക്കാൻ ശ്രമിക്കുന്നവർക്കും വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, താമസസൗകര്യങ്ങൾ നൽകുന്നതും, വിവിധ സേവനങ്ങൾ നൽകുന്നതും, രാജ്യത്ത് തൊഴിൽ നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്നും, ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് ചുരുങ്ങിയത് 5 വർഷത്തെ തടവും (പരമാവധി 15 വർഷം വരെ), ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ ശിക്ഷാനടപടികൾക്ക് പുറമെ, ഇത്തരത്തിൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ സഹായിക്കാനുപയോഗിച്ച വാഹനങ്ങൾ, ഇവർക്ക് താമസസൗകര്യങ്ങൾ ഒരുക്കിയ പാർപ്പിടങ്ങൾ എന്നിവ അധികൃതർ പിടിച്ചെടുക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നൈഫ് 2021 ജൂലൈ 3-ന് മുന്നറിയിപ്പ് നൽകിയിരുന്നു.

🎙️സൗദി അറേബ്യ: ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ജഗ്രതാ നിർദ്ദേശവുമായി CPA.

✒️രാജ്യത്ത് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് വിവിധ ഉത്പന്നങ്ങൾ വാങ്ങുന്നവർ ജഗ്രതാ പുലർത്തണമെന്നും, കഴിയുന്നതും ഈ പ്രവണത ഒഴിവാക്കണമെന്നും സൗദി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ (CPA) നിർദ്ദേശിച്ചു. 2023 ഫെബ്രുവരി 19-നാണ് CPA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെക്കുറിച്ചാണ് CPA-യ്ക്ക് ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കാറെന്നും അധികൃതർ വ്യക്തമാക്കി.

ഓൺലൈൻ സംവിധാനങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങിക്കുന്ന അവസരത്തിൽ അത്തരം സേവനദാതാക്കളുടെ ആധികാരികത ഉറപ്പ് വരുത്തണമെന്ന് CPA ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

🎙️സൗദിയിൽ കഴിഞ്ഞവർഷം തൊഴിൽ തർക്കങ്ങളിൽ 73 ശതമാനവും രമ്യമായി പരിഹരിച്ചു.

✒️കഴിഞ്ഞവർഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൊഴിൽ തർക്കങ്ങളിൽ 73 ശതമാനവും രമ്യമായി പരിഹരിച്ചതായി സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മന്ത്രാലയം ഏർപ്പെടുത്തിയ ‘വുദി’ (സൗഹൃദ) സംവിധാനത്തെക്കുറിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സൗഹൃദ സംവിധാനത്തിലൂടെ 2022-ലെ തൊഴിൽ തർക്കങ്ങളിൽ 73 ശതമാനത്തിനും പരിഹാരം കാണാൻ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിന്റെ ശരാശരി ദൈർഘ്യം 40 ദിവസത്തിൽനിന്ന് അഞ്ച് പ്രവൃത്തി ദിവസമായി കുറയ്ക്കുന്നതിനും സംവിധാനം സഹായിച്ചിട്ടുണ്ട്.

തൊഴിൽ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിന് സൗഹാർദ സെറ്റിൽമെന്റ് വകുപ്പാണ് പ്രവർത്തിക്കുന്നത്. രണ്ട് കക്ഷികൾക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് വകുപ്പ് വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ഒരുവശത്ത് എല്ലാ കക്ഷികളും തമ്മിലുള്ള ബന്ധത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും മറുവശത്ത് എല്ലാ സ്ഥാപനങ്ങളിലെയും തൊഴിൽ പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനും എല്ലാ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമാണ് സംവിധാനത്തിലൂടെ ശ്രമിക്കുന്നതെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.

തൊഴിൽ തർക്ക ക്ലെയിമുകൾ പരിഗണിക്കുന്നതിന്റെ ആദ്യ ഘട്ടമാണ് സൗഹാർദപരമായ ഒത്തുതീർപ്പ്. സാധ്യമെങ്കിൽ ഇരുകക്ഷികളെയും തൃപ്തിപ്പെടുത്തുന്ന സൗഹാർദപരമായ ഒരു പരിഹാരത്തിലെത്താൻ പ്രശ്നം പരിഹരിക്കാനും മധ്യസ്ഥത നടത്താനും ശ്രമിക്കും. അല്ലെങ്കിൽ ആദ്യ സെഷന്റെ തീയതി മുതൽ 21 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കേസ് ലേബർ കോടതിയിലേക്ക് റഫർ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗഹൃദ പരിഹാര സേവനങ്ങൾ 100 ശതമാനവും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്.

🎙️അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാരെ തൊഴിലുടമകൾ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിക്കണം.

✒️അവധിക്ക് നാട്ടിൽപോയി തിരിച്ചെത്തുന്ന വീട്ടുജോലിക്കാരെ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ സ്വീകരിക്കേണ്ട പൂർണ ഉത്തരവാദിത്തം തൊഴിലുടമകൾക്കാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള മുസ്‍നെദ് പ്ലാറ്റ്‌ഫോം അറിയിച്ചു. അവധി കഴിഞ്ഞെത്തുന്ന ഹൗസ് മെയ്ഡ് ഉൾപ്പടെയുള്ള ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാൻ രാജ്യത്തെ ഏഴ് അന്തർദേശീയ വിമാനത്താവളങ്ങളിൽ സൗകര്യമുണ്ട്.

റിയാദ് കിങ് ഖാലിദ് വിമാനത്താവളം, ദമ്മാം കിങ് ഫഹദ് വിമാനത്താവളം, ഖസീമിലെ അമീർ നാഇഫ് വിമാനത്താവളം, മദീനയിലെ അമീർ മുഹമ്മദ് വിമാനത്താവളം എന്നിവ കൂടാതെ ഹാഇൽ, അൽ-അഹ്സ, അബഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഈ സൗകര്യമുണ്ടെന്ന് മുസ്‍നെദ് വ്യക്തമാക്കി. ഗാർഹിക തൊഴിലാളികളെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സ്വീകരിക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്നും കൂടുതൽ വിവരങ്ങൾക്ക് 920002866 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും മുസ്‍നെദ് അറിയിച്ചു.


സൗദിയിലേക്ക് ആദ്യമായി വരുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടതും തൊഴിലുടമക്ക് കൈമാറേണ്ടതും റിക്രൂട്ടിങ് ഓഫീസുകളുടെ ഉത്തരവാദിത്തമാണെന്നും എക്‌സിറ്റ്-റീ എൻട്രി വിസയുമായി വരുന്നവരെ തൊഴിലുടമകൾ നേരിട്ട് സ്വീകരിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) നേരത്തെ അറിയിച്ചിരുന്നു.

🎙️സൗദി അറേബ്യയിൽ ഇന്നു കൂടി കൊടും തണുപ്പ്; ശീത തരംഗത്തില്‍ ജാഗ്രത.

✒️തിങ്കളാഴ്ച വരെ സൗദി അറേബ്യയിൽ കൊടും തണുപ്പായിരിക്കുമെന്നും എല്ലാവരും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി പറഞ്ഞു. ഇത് ദൈർഘ്യമുള്ള ശീത തരംഗമാണ്. ഈ വർഷത്തെ ഒമ്പതാമത്തെ ശീത തരംഗമാണിത്. 

വ്യാഴാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശീതക്കാറ്റ് അടിച്ചുവീശാൻ തുടങ്ങി. വെള്ളി, ശനി ദിവസങ്ങളിൽ അത് പാരമ്യതയിലെത്തി. തിങ്കളാഴ്ച വരെ തുടരും. പിന്നീട് ഘട്ടം ഘട്ടമായി താപനില ഉയരും. വടക്കൻ പ്രവിശ്യയിലും മധ്യപ്രവിശ്യയുടെ വടക്ക് ഭാഗത്തും മഞ്ഞു രൂപപ്പെടുന്നതിനാൽ താപനില ഒന്ന്, മൈനസ് ഒന്ന്, മധ്യപ്രവിശ്യയിലും ഹൈറേഞ്ചുകളിലും മൂന്നു മുതൽ ഒമ്പത്, കിഴക്കൻ പ്രവിശ്യയിലും മദീനയിലും അഞ്ചു മുതൽ 14, മക്കയിൽ 15 മുതൽ 20, ജിസാനിൽ 22 മുതൽ 24 വരെയുമായിരിക്കും താപനില.

Post a Comment

0 Comments