Ticker

6/recent/ticker-posts

Header Ads Widget

നടൻ ഇന്നസെന്‍റ് അന്തരിച്ചു

മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് (75) അന്തരിച്ചു. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടാണ് അന്ത്യം.

നിർമാതാവ് എന്ന നിലയിൽ സിനിമയിൽ എത്തിയ അദ്ദേഹം പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ നേടുകയായിരുന്നു. സവിശേഷമായ ശരീരഭാഷയും പ്രത്യേക ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മലയാള സിനിമയിൽ ശ്രദ്ധേയനാക്കി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എം.പിയുമായി.

1948 മാർച്ച് നാലിന് തെക്കേത്തല വറീതിന്റെയും മാർഗരീത്തയുടെയും മകനായി തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലായിരുന്നു ജനനം. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ, എൻ.എസ്.എസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠനം നിർത്തിയ ശേഷം മദ്രാസിലേക്ക് പോകുകയും അവിടെ സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി കുറച്ചുകാലം പ്രവർത്തിക്കുകയും ചെയ്തു.

'നൃത്തശാല' എന്ന ചിത്രത്തിലൂടെ 1972 - ൽ വെള്ളിത്തിരയിൽ എത്തിയ ഇന്നസെന്‍റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. 'ഗജകേസരിയോഗം', 'റാംജിറാവു സ്‍പീക്കിംഗ്', 'ഡോക്ടർ പശുപതി', 'മാന്നാർ മത്തായി സ്‍പീക്കിംഗ്‌', 'കാബൂളിവാല', 'ദേവാസുരം', 'പത്താംനിലയിലെ തീവണ്ടി' തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാൻ സാധിച്ചു.

ക്യാൻസറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. 2022 ൽ പുറത്തിറങ്ങിയ 'മകൾ', 'കടുവ' തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‍തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.

Post a Comment

0 Comments