Ticker

6/recent/ticker-posts

Header Ads Widget

GULF NEWS TODAY

റമദാനിൽ ഒരു ഉംറക്ക്​ മാത്രം അനുമതി

റമദാനിൽ ഒരോ വ്യക്തിക്കും ഒരുതവണ മാത്രമേ ഉംറക്ക്​ അനുവാദം നൽകൂവെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ ആവർത്തിക്കാൻ​ അനുവദിക്കില്ല. എല്ലാവർക്കും ഉംറ നിർവഹിക്കാൻ അവസരം നൽകാനാണ്​ ഈ നടപടിയെന്നും മ​ന്ത്രാലയം വ്യക്തമാക്കി. റമദാനിൽ ഒരു ഉംറ നിർവഹിക്കുന്നതിൽ എല്ലാവരും തൃപ്​തരായാൽ മറ്റുള്ളവർക്ക്​ അവരുടെ ഉംറ കർമങ്ങൾ സമാധാനത്തോടെയും അനായാസമായും നിർവഹിക്കുന്നതിന്​ വലിയ സഹായമാകും.

ഉംറ നിർവഹിക്കുന്നതിന് ‘നുസ്‌ക്’ ആപ്ലിക്കേഷനിൽ നിന്ന്​ അനുമതി നേടേണ്ടതുണ്ട്​. ഉംറ നിർവഹണത്തിന്​ നിർദ്ദിഷ്​ട സമയം പാലിക്കണം. സമയത്തിൽ മാറ്റം വരുത്താൻ കഴിയില്ല. എന്നാൽ പെർമിറ്റിനുള്ള സമയം ആരംഭിക്കുന്നതിന് മുമ്പ് നുസ്​ക്​ ആപ്ലിക്കേഷൻ വഴി ബുക്കിങ്​ റദ്ദാക്കാവുന്നതാണ്. പിന്നീട്​ പുതിയ അനുമതിപത്രം അപേക്ഷിച്ച്​ നേടാം. തീയതികൾ അപ്ഡേറ്റ് ചെയ്യപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ബുക്കിങ്​ തീയതി കണ്ടെത്താനാകാത്ത സാഹചര്യത്തിൽ വീണ്ടും തീയതി കണ്ടെത്താനുള്ള ശ്രമം ആവർത്തിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

🎙️ഖത്തറിലെ കെട്ടിട ദുരന്തം: മരിച്ചവരിൽ രണ്ടു മലയാളികൾ കൂടി.

✒️ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ച മലയാളികൾ മൂന്നായി . മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിൽ (44), കാസർകോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് (38) എന്നിവരുടെ മൃതദേഹങ്ങൾ ആണ് ശനിയാഴ്ച തിരിച്ചറിഞ്ഞത് .

ഇതോടെ, ബുധനാഴ്ച നടന്ന അപകടത്തിൽ മൂന്നു മലയാളികളക്കം മരിച്ചവരുടെ എണ്ണം അഞ്ചായി. മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായിയുടെ (48) മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കണ്ടെത്തിയിരുന്നു. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ബിൽശിയാണ് നൗഷാദിന്റെ ഭാര്യ. മുഹമ്മദ് റസൽ, റൈസ എന്നിവർ മക്കളാണ്. കാസർഗോഡ് പുളിക്കൂർ സ്വദേശിയായ അഷ്‌റഫ് ഒരു മാസം മുമ്പാണ് ഖത്തറിൽ എത്തിയത്. ഭാര്യ ഇർഫാന. ഒരുവയസ്സിൽ താഴെ പ്രായമുള്ള ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്.

ബുധനാഴ്ച രാവിലെ കെട്ടിടം തകർന്നതിനു പിന്നാലെ ഫൈസലിനെയും നൗഷാദിനെയും കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നു. ഒടുവിലാണ്, കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഗായകനും ചിത്രകാരനുമായ ഫൈസൽ ദോഹയിലെ വേദികളിൽ നിറസാന്നിധ്യമായിരുന്നു. ദീർഘകാലം സൗദിയിലായിരുന്ന ഇദ്ദേഹം മൂന്നു വർഷം മുമ്പാണ് ഖത്തറിലെത്തിയത്. പാറപ്പുറവൻ അബ്ദുസമദാണ് ഫൈസലിന്റെ പിതാവ്. മാതാവ് ഖദീജ. റബീനയാണ് ഭാര്യ. ​വിദ്യാർഥികളായ ​റന , നദ, മുഹമ്മദ് ഫെബിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഹാരിസ്, ഹസീന. ഫൈസലിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

ബുധനാഴ്ച രാവിലെ 8.30ഓടെയാണ് അൽ മൻസൂറയിലെ ബിൻ ദിർഹമിൽ നാലു നില കെട്ടിടം തകർന്നു വീണത്. ഇവിടെ നിന്നും ഏഴു പേരെ രക്ഷാ സംഘം ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. വ്യാഴാഴ്ച​യോടെ രണ്ട് സ്ത്രീകളെയും പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതർ സുരക്ഷിതമായി മാറ്റിയിരുന്നു.

🎙️മലയാളികള്‍ ഉള്‍പ്പെടെ 24 പ്രവാസികളെ നാടുകടത്തി.

✒️സൗദി തെക്കൻ പ്രവിശ്യയായ അസീറിലെ അബഹ നാടുകടത്തൽ കേന്ദ്രത്തിലുണ്ടായിരുന്ന 24 ഇന്ത്യാക്കാരെ നാടുകടത്തി. നിയമ ലംഘകരായി സൗദിയിൽ താമസിച്ചു ജോലി ചെയ്തിരുന്നവരും, ഹുറൂബാക്കപ്പെട്ടവരുമായ ആളുകളെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. അസീർ മേഖലയിലെ വിവിധ ഗവർണറേറ്റ് പരിധികളിൽ നിന്നും കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പോലീസ് പരിശോധയിൽ പിടിക്കപ്പെട്ട ഇന്ത്യാക്കാർക്കാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്നു നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്. 

മതിയായ താമസ രേഖകളോ ജോലിയോ താമസസ്ഥലമോ ഇല്ലാതെ ഖമീസ് മുശൈത്തിലെ തെരുവുകളിലും, വൃത്തിഹീനമായ പൊളിഞ്ഞ കെട്ടിടങ്ങളിലും താമസിച്ചിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികളുടെ വിവരങ്ങൾ ഒരു മാസം മുമ്പ് വാർത്താ മാധ്യമങ്ങളിൽ ഇടംപിടിക്കുകയും ഇന്ത്യൻ സമൂഹത്തിനിടയിൽ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. വാർത്തയെതുടർന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം കോൺസുലേറ്റിലെ പ്രധാന ഉദ്യോഗസ്ഥനായ കോൺസുൽ ദീപക് യാദവിനെ അബഹയിലേക്ക് നേരിട്ട് അയച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയായിരുന്നു. 

തമിഴ്‌നാട് സ്വദേശികളെക്കൂടാതെ നാല് മലയാളികളും, യു.പി, പശ്ചിമ ബംഗാൾ, ബീഹാർ, കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരുമാണ് സംഘാംഗങ്ങൾ. ഇവരെ അബഹയിൽ നിന്നും ബസ് മാർഗം ജിദ്ദ വിമാനത്താവളത്തിൽ എത്തിച്ച് ജിദ്ദയിൽ നിന്നും സൗദി എയർലെൻസ് വിമാനം വഴി ഡൽഹിയിലേക്കാണ് കയറ്റി അയച്ചത്. കോൺസുലേറ്റ് ഉദ്യോഗസ്ഥനോടൊപ്പം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്നായി കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം പ്രതിനിധികളായ ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖലാ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചലും, ബിജു കെ. നായരും രംഗത്തുണ്ടായിരുന്നു. കോൺസുൽ ദീപക് യാദവും സംഘവും ഖമീസ് മുശൈത്ത് സെന്‍ട്രൽ ജയിലും അബഹ വി.എഫ്.എസ് കേന്ദ്രവും സന്ദർശിച്ചു. വി.എഫ്.എസ് കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ സന്ദർശകരോട് കേന്ദ്രത്തിന്റെ സേവനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു.

🎙️രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ബഹ്റൈനില്‍ പ്രവാസികളുടെ പ്രതിഷേധ ജ്വാല.

✒️രാഹുൽ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധിച്ച് ബഹ്‌റൈൻ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല നടത്തി. ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കല്‍പിക്കാത്ത ഭരണാധികാരികളാണ് രാജ്യം ഭരിക്കുന്നതെന്നും ഒഐസിസി നേതാക്കള്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഭരണാധികാരികൾക്ക് ഒത്താശ ചെയ്യുന്ന നിയമസംവിധാനം ജനാധിപത്യമൂല്യങ്ങളെ എല്ലാം തകർക്കുന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്തി, ഏകാധിപത്യ പ്രവണതകളിലേക്ക് രാജ്യം കടന്നു പോകുന്നതായി ആരെങ്കിലും സംശയിച്ചാൽ അങ്ങനെയുള്ള ആളുകളെ കുറ്റപ്പെടുത്താൻ സാധിക്കില്ല എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, ജോയ് എം. ഡി, ജില്ലാ പ്രസിഡന്റ്‌മാരായ നസിം തൊടിയൂർ, ഷമീം കെ. സി, ഷിബു എബ്രഹാം, നിസാർ കുന്നംകുളത്തിങ്കൽ,സുനിൽ കെ. ചെറിയാൻ, ജേക്കബ് തേക്ക്തോട്, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി റോയ്, ജില്ലാ സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, സുരേഷ് പുണ്ടൂർ എന്നിവർ പ്രസംഗിച്ചു. ഒഐസിസി നേതാക്കളായ, ജോൺസൻ ടി ജോൺ,സൈദ് മുഹമ്മദ്‌, ജെയിംസ് കോഴഞ്ചേരി,രജിത് മൊട്ടപ്പാറ,നിജിൽ രമേശ്‌, അലക്സ്‌ മഠത്തിൽ, ഷിബു ബഷീർ, സുനിത നിസാർ, ആനി അനു, രവിത വിബിൻ, സുനു, റോയ് മാത്യു,റെജി ചെറിയാൻ, അസീസ് ടി. പി, അനുരാജ് എന്നിവർ നേതൃത്വം നൽകി.

🎙️സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്; തടവുകാർക്ക് മോചനം.

✒️റിയാദ്: റമദാനിൽ സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. സൽമാൻ രാജാവാണ് പൊതുമാപ്പ് നൽകാൻ ഉത്തരവിട്ടത്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരിൽ പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തി മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജയിൽ ജനറൽ ഡയറക്ടറേറ്റ് നടപ്പാക്കാൻ തുടങ്ങി.

വരും ദിവസങ്ങളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ജയിലുകളിൽ കഴിയുന്നവരിൽ പൊതുമാപ്പിന് അർഹതയുള്ളവരെ കണ്ടെത്തി മോചിതരാക്കും. എല്ലാവർഷവും റമദാനിൽ ഇത്തരത്തില്‍ നിരവധി പേർ ജയിൽമോചിതരാകുന്നത് പതിവാണ്. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും അതിന്റെ ഗുണഭോക്താക്കളുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് നിർദേശിച്ചതായി ജയിൽ മേധാവി പറഞ്ഞു.

🎙️സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് അടുത്ത മാസം മുതല്‍ വിഎഫ്എസ് വഴി മാത്രം

✒️ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിസാ സ്റ്റാമ്പിങ് ഇനി വിസ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി മാത്രമായിരിക്കും. തൊഴില്‍ വിസകള്‍ ഒഴികെ ടൂറിസ്റ്റ് വിസകള്‍, റസിഡന്‍സ് വിസകള്‍, പേഴ്‍സണല്‍ വിസിറ്റ് വിസകള്‍, സ്റ്റുഡന്റ് വിസകള്‍ തുടങ്ങിയവയ്ക്കാണ് ഇത് ബാധകമാവുന്നത്. ഏപ്രില്‍ നാല് മുതല്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരും.

വിസ സ്റ്റാമ്പിങില്‍ വരുന്ന മാറ്റം സംബന്ധിച്ച് കോണ്‍സുലേറ്റ് ട്രാവല്‍ ഏജന്റുമാരെ അറിയിച്ചിട്ടുണ്ട്. നിലവില്‍ ട്രാവല്‍ ഏജന്റുമാരുടെ കൈവശമുള്ള പാസ്‍പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വേണ്ടി ഏപ്രില്‍ 19ന് മുമ്പ് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിസ സ്റ്റാമ്പിങ് വിഎഫ്എസ് വഴിയാണ് നടക്കുന്നത്. സൗദി അറേബ്യയും ഈ രീതിയിലേക്ക് മാറുകയാണ്.

🎙️റമദാന്റെ ഭാഗമായി തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ.

✒️റമദാന്റെ ഭാഗമായി തടവുകാർക്ക് പൊതു മാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീർ ശൈഖ് അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍താനി. വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് പുതുജീവിതം ആരംഭിക്കാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് റമദാൻ മാസത്തിൽ അമീറിന്റെ ഉത്തരവ് പ്രകാരം പൊതുമാപ്പ് നൽകുന്നത്. എന്നാൽ എത്ര തടവുകാർക്കാണ് പൊതുമാപ്പ് നൽകിയതെന്ന് പുറത്തുവിട്ടിട്ടില്ല.

Post a Comment

0 Comments