Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ പ്രധാന 10 വാർത്തകൾ...


*ഷഹറുഖ് സെയ്ഫി നോയിഡ സ്വദേശി, കോഴിക്കോട് താമസിച്ചിരുന്ന കെട്ടിട നിർ‍മ്മാണ ജോലിക്കാരൻ; കൂടുതൽ വിവരങ്ങൾ പുറത്ത്.*

രാജ്യത്തെ തന്നെ ഞെട്ടിച്ച കോഴിക്കോട് എലത്തൂർ ട്രെയിൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങളും പ്രതിയെ സംബന്ധിച്ച നിർണായക സൂചനകളും ലഭിച്ചതാണ് ഇന്നത്തെ പ്രധാന വാർത്ത. നോയിഡ സ്വദേശിയായ ഷെഹറുഖ് സെയ്ഫഫിയാണ് കോഴിക്കോട് ട്രെയിൻ ആക്രമണ കേസിലെ പ്രതിയെന്ന സൂചനയാണ് പൊലീസിന് ലഭിച്ചത്. ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടുള്ള അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇതിന് പിന്നാലെ ഇയാളെ കണ്ടെത്താനായുള്ള പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ പിടികൂടി ട്രെയിനിൽ ആക്രമണം നടത്തിയതിന്‍റെ കാരണമടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

*എലത്തൂർ ട്രെയിൻ ആക്രമണം; അന്വേഷണത്തിന് 18 അം​ഗ സംഘം, എഡിജിപി അജിത്കുമാർ നേതൃത്വം നൽകും.*

എലത്തൂരിലെ ട്രെയിനിൽ തീ വെച്ച സംഭവം 18 അം​ഗ സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ. ഇത് കൂടാതെ ക്രൈം ബ്രാഞ്ച് ലോക്കൽ പൊലീസ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയിൽ നിന്നും അന്വേഷണ മികവുള്ള ഉദ്യോ​ഗസ്ഥരെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജ്, താനൂർ ഡിവൈഎസ്പി ബെന്നി എന്നിവരാണ് സംഘത്തിലുള്ളത്. ഇത് കൂടാതെ റെയിൽവേ ഇൻസ്പെക്ടർമാർ, ലോക്കൽ സബ് ഇൻസ്പെക്ടർമാർ എന്നിവരെയെല്ലാം ഈ ടീമിൽ‌ ഉൾപ്പെടുത്തിയിട്ടുണ്ട്

*ട്രെയിനിലെ ആക്രമണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും, എൻഐഎ അന്വേഷണത്തിനും സാധ്യത.*

എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീ വെച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. എൻഐഎ അന്വേഷണത്തിനും സാധ്യത. ​ഗൗരവമുള്ള വിഷയമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ ആക്രമണം നടന്നത്. സംഭവത്തിലെ പ്രതി നോയിഡ സ്വദേശിയായ ഷഹറുഖ് സെയ്ഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പരസ്യപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് അറിയിച്ചിരുന്നു.

*കോഴിക്കോട് ട്രെയിൻ ആക്രമണം: മരിച്ച നൌഫീഖിനെ അവസാനമായി കാണാൻ നാട്, വയോജന വിശ്രമ കേന്ദ്രത്തിൽ പൊതുദർശനം.*

ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ മരിച്ച നൗഫീഖിന്റെ മൃതദേ​​ഹം വയോജന വിശ്രമ കേന്ദ്രത്തിൽ പൊതുദ‍ർശനത്തിനെത്തിച്ചു. നിരവധി പേരാണ് നൗഫീഖിനെ അവസാനമായി കാണാൻ വിശ്രമകേന്ദ്രത്തിലെത്തുന്നത്. പൊതുദർശനത്തിന് ശേഷം മൃതദേഹം കോടോളിപ്പുറത്തെ വീട്ടിൽ എത്തിക്കും. ശേഷം ഖബറടക്കം എടയന്നൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. ഭാര്യ ബുഷ്റയും മൂന്ന് കുട്ടികളുമാണ് നൗഫീഖിനുള്ളത്. ഇന്നലെ രാവിലെ മലപ്പുറം ആക്കോട്ട് നോമ്പുതുറ പരിപാടിക്ക് പോയതായിരുന്നു നൗഫീഖ്. നോമ്പുതുറന്നതിന് ശേഷം തിരിച്ച് വരികയായിരുന്നു. ഭാര്യാ സഹോദരനോട് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കാനും ആവശ്യപ്പെട്ടിരുന്നു. വൈകീട്ട് വീട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ രാത്രി വൈകിയും തിരിച്ചെത്താത്തതിനാൽ അന്വേഷിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് നൗഫീഖിന്റെ മരണവിവരം ബന്ധുക്കളും നാട്ടുകാരും അറിഞ്ഞത്.

*മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും*

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും. ഒരു വർഷത്തോളം കഴിഞ്ഞ് വാദം പൂർത്തിയാക്കിയ ശേഷം വന്നത് ഭിന്ന വിധിയായിരുന്നു. ഈ കേസ് അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ ഭിന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ഫുൾ ബെഞ്ചിന് വിട്ടത്. ഇപ്പോൾ മൂന്നം​ഗ ബെഞ്ചാണ് ഏപ്രിൽ 12ന് കേസ് പരി​ഗണിക്കുക. ഇതിനിടെ പരാതിക്കാരൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുമെന്ന് തീരുമാനിച്ചിരുന്നു. വാദം കേൾക്കുമെന്നതിന് മുമ്പ് ഹൈക്കോടതിയെ സമീപിക്കുമോ എന്ന് വ്യക്തമല്ല.

*രാഹുൽ ഗാന്ധിക്ക് സ്ഥിര ജാമ്യം അനുവദിച്ച് സൂറത്ത് സെഷന്‍സ് കോടതി; പത്താം നാൾ നിർണായകം.*

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സ്ഥിര ജാമ്യം അനുവദിച്ച് സൂറത്ത് സെഷന്‍സ് കോടതി. 'മോദി' പരാമർശത്തിലെ മാനനഷ്ടക്കേസിൽ ശിക്ഷിച്ച മജിസ്ട്രേറ്റ് കോടതി നേരത്തെ 30 ദിവസത്തേക്ക് ജാമ്യം അനുവദിച്ചിരുന്നു. അപ്പീൽ നൽകാനായിരുന്നു മജിസ്ട്രേറ്റ് കോടതി 30 ദിവസം ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ ഇന്ന് രാഹുൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയതോടെയാണ് സ്ഥിര ജാമ്യം ലഭിച്ചത്. ഏപ്രിൽ 13 ന് അപ്പീൽ പരിഗണിക്കുമെന്നും സൂറത്ത് സെഷൻസ് കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ കേസ് പരിഗണിക്കുന്ന 13 ാം തിയതി രാഹുലിന് ഏറെ നിർണായകമാകും.

*'നീതിയുടെ ബ്രാൻഡ് അംബാസിഡറാണ് സിബിഐ, വിശ്വാസ്യത കൂടുന്നു'; അഴിമതിയാണ് സിബിഐയുടെ ശത്രുവെന്ന് പ്രധാനമന്ത്രി.*

സിബിഐയുടെ വിശ്വാസ്യത കൂടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.നീതിയുടെ ബ്രാൻഡ് അംബാസിഡറാണ് സിബിഐ. അഴിമതി കാട്ടുന്നത് ഏത് ഉന്നതനായാലും വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് സിബിഐ നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സിബിഐയുടെ ഡയമണ്ട് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി സിബിഐയുടെ ശത്രുവാണ്. മുൻ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരുന്നു. എങ്ങിനെ അഴിമതി നടത്താമെന്നായിരുന്നു അവരുടെ ഗവേഷണം. എന്നാല്‍ 2014ന് ശേഷം രാജ്യത്ത് അഴിമതി ഇല്ലാതായെന്ന് പ്രധാനമന്ത്രി പറഞ്ഞു.

*ട്രാൻസ്പോ‍ർട്ട് ബസും ട്രക്കും കൂട്ടിയിടിച്ച് നടുക്കുന്ന അപകടം, 3 സ്ത്രീകൾ മരിച്ചു; നിരവധിപേർക്ക് പരിക്ക്*

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടുക്കുന്ന അപകടം. ശിവഗംഗയിലെ തിരുമഞ്ഞോലയ്ക്ക് സമീപം തമിഴ്നാട് സംസ്ഥാന ട്രാൻസ്പോർട്ട് ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശിവഗംഗയിലെ അപകടത്തിൽ മൂന്ന് സ്ത്രീകൾ മരിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടക്കുമ്പോൾ 47 പേരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി ശിവഗംഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.

*അഖിലയ്‌ക്കെതിരായ നടപടി പിന്‍വലിച്ചെന്ന് മന്ത്രി; 'പക്ഷെ, ബാഡ്ജിലെ കാര്യങ്ങള്‍ വസ്തുത വിരുദ്ധം'*

ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ഡ്യൂട്ടിക്കിടെ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ ഉത്തരവ് കെഎസ്ആര്‍ടിസി പിന്‍വലിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരുടെ സ്ഥലമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. വൈക്കത്ത് നിന്ന് പാലായിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. അതേസമയം, അഖില പ്രദര്‍ശിപ്പിച്ച ബാഡ്ജിലെ കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അഖിലയ്‌ക്കെതിരായ നടപടി സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി താഴേത്തട്ടിലോ മറ്റോ എടുത്തതാകാം. ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തുന്നതല്ല. സ്ഥലം മാറ്റത്തില്‍ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

*ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അന്തരിച്ചു.*

ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ (63) അന്തരിച്ചു. കാൻസർ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഹൈക്കോടതിയിൽ 12 വർഷം ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഛത്തീസ്ഗഡ്, തെലങ്കാന/ആന്ധ്ര ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസും, തെലങ്കാനയ്ക്കു പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോൾ ആദ്യ ചീഫ് ജസ്റ്റിസും ആയിരുന്നു. 1983 ൽ അഭിഭാഷകനായി. 2004 ഒക്ടോബർ 14 നാണ് കേരള ഹൈക്കോടതിയിൽ ജഡ്ജിയായത്. രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലും മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയ ഇടപെടൽ നടത്തിയിരുന്നു.


Post a Comment

0 Comments