1 ഷാറൂഖ് കുറ്റം സമ്മതിച്ചു, കേരള പൊലീസിന് കൈമാറി, കൂടുതൽ പേരിലേക്ക് അന്വേഷണം; ചിലരെ ചോദ്യം ചെയ്യുന്നു.
കോഴിക്കോട് എലത്തൂർ ട്രെയിൻ കത്തിക്കൽ കേസിൽ പ്രതിയായ ഷാറുഖ് സെയ്ഫി പിടിയിലായതും കുറ്റം സമ്മതിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. പ്രതി കുറ്റം സമ്മതിച്ചു എന്നത് മഹാരാഷ്ട്ര എ ടി എസാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോൾ മോട്ടോറോളാ കമ്പനിയുടെ ഫോൺ , ആധാർ കാർഡ് , പാൻകാർഡ് , കൊടാക് ബാങ്ക് എ ടി എം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എ ടി എസ് വിശദീകരിച്ചു.
2 ട്രെയിന്‍ ആക്രമണക്കേസ് പ്രതിയുടെ രേഖാ ചിത്രത്തിന് വിമര്‍ശനം; മറുപടിയുമായി കേരളാ പൊലീസ്
എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ് പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേരളാ പൊലീസ്. പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നതെന്ന് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മറുപടി നല്‍കി. കമന്റ് ബോക്‌സിലൂടെയാണ് പൊലീസിന്റെ വിശദീകരണം. ''പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നത്. പറഞ്ഞുകിട്ടുന്ന ഫീച്ചേഴ്‌സ് എപ്പോഴും ശരിയാവണം എന്നില്ല. ശരിയായിട്ടുള്ള നിരവധി കേസുകളും ഉണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയില്‍, ദൃക്സാക്ഷികള്‍ കുറ്റവാളികളെ കൃത്യമായി ഓര്‍ത്തെടുക്കാന്‍ തക്ക മാനസികാവസ്ഥയില്‍ ആകണമെന്നും ഇല്ല.''-കേരളാ പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ ഷാറൂഖ് സെയ്ഫിയും രേഖാചിത്രവും തമ്മില്‍ സാമ്യമില്ലെന്ന വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. ഇതിനാണ് പൊലീസിന്റെ മറുപടി.
3 'മകന്‍റേതു തന്നെ'; തീവെപ്പ് നടന്ന സ്ഥലത്ത് നിന്ന് കണ്ട ടീ ഷർട്ട് മകന്‍റേതെന്ന് സ്ഥീരികരിച്ച് ഷാറൂഖിന്‍റെ പിതാവ്
ട്രെയിൻ തീവെപ്പ് നടന്ന സ്ഥലത്ത് നിന്ന് കണ്ട ടീ ഷർട്ട് മകൻ്റേതെന്ന് സ്ഥീരികരിച്ച് ഷാറൂഖിൻ്റെ പിതാവ് ഫക്രൂദ്ദീൻ. ടീ ഷർട്ട് മകൻ വീട്ടിൽ ഉപയോഗിക്കുന്നതാണ്. തൻ്റെ കുടുംബം നോയിഡയിൽ നിന്ന് ഷഹീൻ ബാഗിൽ 15 വർഷമായി താമസിക്കുകയാണെന്നും ഫക്രൂദ്ദീൻ പറഞ്ഞു. മകൻ ഇതുവരെ കേരളത്തിൽ പോയിട്ടില്ലെന്നും ഫക്രൂദ്ദീൻ പറഞ്ഞു. മകൻ ഇതുവരെ കേരളത്തിൽ പോയിട്ടില്ല. താനും മകനും ആശാരിപ്പണി ചെയ്യുന്നവരാണ്. തനിക്കൊപ്പം തന്നെയാണ് ജോലി ചെയ്തിരുന്നത്. പൊലീസ് കാണിച്ച ഫോട്ടോ മകന്‍റെയാണ്. മകനെ പന്ത്രണ്ടാം ക്ലാസ് വരെ പഠിപ്പിച്ചു. അത്യാവശ്യം ഇംഗ്ലീഷ് കൈകാര്യം ചെയ്യും. വീട്ടിൽ നിന്നും പുസ്തകങ്ങൾ മറ്റും കൊണ്ടുപോയിരുന്നു. മകനെ കാണാതായത് മാർച്ച് 31നായിരുന്നു. പൊലീസിൽ പരാതി നൽകിയത് എപ്രിൽ രണ്ടിനാണെന്നും പിതാവ് പറഞ്ഞു.
4 മധുവിന് നീതി; 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് കോടതി, കൂറുമാറിയവർക്കെതിരെ നടപടിക്ക് നിർദ്ദേശം
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് മണ്ണാർക്കാട് എസ് സി / എസ് ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈൻ 1,05,000 രൂപയും മറ്റു പ്രതികൾ 1,18, 000 രൂപയും പിഴ അടയ്ക്കണം. പിഴത്തുക പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി. പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റും. 16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇയാൾക്കെതിരെ ബലപ്രയോഗം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികളുടേതിന് സമാനമായി നരഹത്യ കുറ്റം ഇയാൾക്കെതിരെ ചുമത്തിയിരുന്നില്ല. ഇത്രയും നാൾ കേസിൽ മുനീർ ജയിലിൽ ആയിരുന്നു. അതിനാൽ അഞ്ഞൂറ് രൂപ പിഴ അടച്ച് ഇയാൾക്ക് പോകാം. കൂറ് മാറിയ സാക്ഷികൾക്ക് എതിരെ നടപടിക്കും കോടതി നിർദേശം നൽകി.
5 കോടതി വിധിയിൽ നീതികിട്ടിയില്ലെന്ന് മധുവിന്റെ കുടുംബം, മേൽക്കോടതിയെ സമീപിക്കും
അട്ടപ്പാടിയിൽ മധു കൊല്ലപ്പെട്ട കേസിന്റെ വിധിയിൽ തൃപ്തിയില്ലെന്ന് മധുവിന്റെ കുടുംബം. മണ്ണാർക്കാട് മജിസ്ട്രേറ്റ് എസ് എസി/ എസ് ടി കോടതി വിധിയിൽ മധുവിന് നീതി കിട്ടിയില്ലെന്ന് സഹോദരി സരസു പറഞ്ഞു. കോടതിക്ക് നടന്നതൊന്നും മനസ്സിലായില്ല. ശിക്ഷ കുറഞ്ഞതിൽ മേൽക്കോടതിയെ സമീപിക്കും. ആദിവാസികൾക്കു വേണ്ടിയുള്ള കോടതി തങ്ങൾക്ക് നീതി നൽകിയില്ലെന്നും വിചാരണ വൈകിയത് പ്രതികൾക്ക് അനുകൂലമായെന്നും സരസു പറഞ്ഞു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിക്കാത്ത കോടതി വാദികൾക്കൊപ്പമായിരുന്നില്ലെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. കേസിനെ പ്രതികൾ അട്ടിമറിച്ചു. നാല് വർഷം ആരും ഒപ്പമുണ്ടായിരുന്നില്ല. ആ സമയം പ്രതികൾക്ക് അനുകൂലമായ രീതിയിൽ സാക്ഷികളെ സ്വാദീനിക്കാനടക്കം സാധിച്ചുവെന്നും നീതി തേടി മേൽക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
6 അരിക്കൊമ്പൻ ദൗത്യം ഈസ്റ്ററിന് ശേഷം മതിയെന്ന് ധാരണ, പറമ്പിക്കുളത്ത് പ്രതിഷേധം
അരിക്കൊമ്പൻ ദൗത്യം ഈസ്റ്ററിന് ശേഷം മതിയെന്ന് ധാരണ. അന്തിമ തീരുമാനം വിധിപ്പകർപ്പ് ലഭിച്ചതിന് ശേഷമെന്നും വനംവകുപ്പിന്റെ തീരുമാനം. ആധുനിക സംവിധാനമുള്ള റേഡിയോ കോളർ നിലവിൽ വനംവകുപ്പിന്റെ കൈവശമില്ല. ആസാമിൽ നിന്നും റേഡിയോ കോളർ എത്താൻ താമസമുണ്ടാകും. പൊതു അവധി ദിനങ്ങളിൽ ആനയെ പിടികൂടണ്ടെന്നുമാണ് നിലവിലെ ധാരണ. പിടികൂടുന്നത് തിങ്കളാഴ്ചക്ക് ശേഷമായിരിക്കും. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ സ്ഥലത്ത് പ്രതിഷേധം ശക്തമാകുകയാണ്. കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് നെന്മാറ എംഎൽഎ കെ ബാബു അടക്കമുള്ളവർ രംഗത്തെത്തി. അദ്ദേഹം സംസ്ഥാന സർക്കാരിന് ഈ ആവശ്യം ഉന്നയിച്ച് കത്ത് നൽകി. മുഖ്യമന്ത്രി പിണറായി വിജയനും വനം മന്ത്രി എകെ ശശീന്ദ്രനുമാണ് കത്ത് നൽകിയത്. നാളെ പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനമുണ്ട്.
7 ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മറ്റി ഏറ്റെടുത്തു; തണൽ അഭയകേന്ദ്രത്തിലേക്ക് മാറ്റും
ആറൻമുള കോട്ടയിൽ ബക്കറ്റിൽ ഉപക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ പത്തനംതിട്ട ജില്ലാ സി ഡബ്ലു സി ഏറ്റെടുത്തു. ആരോഗ്യനില മെച്ചപ്പെട്ട ശേഷം കുട്ടിയെ തണൽ അഭയകേന്ദ്രത്തിലേക്ക് മാറ്റും. കുട്ടിയെ അമ്മ മനപൂർവ്വം ഉപേക്ഷിച്ചതാണെന്നാണ് നിഗമനമെന്ന് സിഡബ്ലിയുസി ചെയർമാൻ രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ''അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ താമസിപ്പിക്കേണ്ടത് തണൽ എന്ന സ്ഥാപനത്തിലാണ്. തണലിലെ അഡ്മിനിസ്ട്രേഷന് നിർദ്ദേശം കൊടുത്ത് കുട്ടിയുടെ താത്ക്കാലിക സംരക്ഷണം അവരേറ്റെടുത്തിട്ടുണ്ട്. കുട്ടിയുടെ ഭാവി സംരക്ഷണം തണലിലായിരിക്കും ഉണ്ടാകുക. ഒരു കിലോ 300 ഗ്രാം തൂക്കമേയുള്ളൂ. കുട്ടികളുടെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യം ഭേദപ്പെടുന്ന മുറക്ക് ഡിസ്ചാർജ് ആയി വരികയും തുടർന്നുള്ള ദിവസങ്ങളിൽ തണലിൽ തന്നെ സംരക്ഷിക്കുക. പേരിടുക തുടങ്ങി അങ്ങോട്ടുള്ള കാര്യങ്ങൾക്കെല്ലാം തണലായിരിക്കും ആശ്രയം.'' എൻ രാജീവ് പറഞ്ഞു.
8 'അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ കടക്കരുത്'; കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി താരീഖ് അൻവർ
കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് താരീഖ് അൻവറിന്റെ മുന്നറിയിപ്പ്. കോൺഗ്രസ് അഭിപ്രായസ്വാതന്ത്ര്യം മാനിക്കുന്നു. എന്നാൽ അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ കടക്കാൻ പാടില്ല. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു. എംപിമാരുമായി ആശയവിനിമയം നടത്തും. മൽസരിക്കില്ലെന്ന് എംപിമാർ ആരും അറിയിച്ചിട്ടില്ല. മൽസരിക്കാനില്ലെങ്കിൽ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു.
9 ഇടുക്കിയും പത്തനംതിട്ടയും കൂടി വേണം; കൂടുതല്‍ സീറ്റിന് അവകാശവാദം ഉന്നയിക്കാനൊരുങ്ങി കേരള കോൺഗ്രസ് (എം) വിഭാഗം
ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിന് അവകാശവാദം ഉന്നയിക്കാനൊരുങ്ങി കേരള കോൺഗ്രസ് മാണി വിഭാഗം. കോട്ടയത്തിന് പുറമെ വിജയ സാധ്യതയുള്ള രണ്ട് സീറ്റുകൾ കൂടി വേണമെന്നാണ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ ആവശ്യം. പത്തനംതിട്ടയും ഇടുക്കിയും കൂടി വേണമെന്ന് കേരള കോൺഗ്രസ് (എം) വിഭാഗം ആവശ്യപ്പെടുന്നത്. രാഷ്ട്രീയ കാലാവസ്ഥയും ഇടപെടലുകളും അനുകൂലമാക്കി ഇടത് മുന്നണിക്ക് മുന്നിൽ അവകാശവാദം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേരള കോൺഗ്രസ്. വര്‍ഷങ്ങളായി ആന്റോ ആന്റണി ജയിച്ച് വരുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ റാന്നി, തിരുവല്ല, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി തുടങ്ങി ശക്തികേന്ദ്രങ്ങളിലെ സ്വാധീനം ചൂണ്ടിക്കാട്ടിയാണ് മാണി വിഭാഗത്തിന്‍റെ അവകാശവാദം.
10 'പ്രത്യേക മാർഗരേഖ ഇറക്കാനാവില്ല'; കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ഹർജി കോടതി തള്ളി
കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. രാഷ്ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പിൻവലിച്ചു. ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നു എന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിലെ വാദം. ഇപ്പോൾ ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ ഭൂരിപക്ഷത്തിലും പ്രതിപക്ഷ നേതാക്കളാണ് പ്രതികൾ. സർച്ച്, അറസ്റ്റ്, റിമാൻഡ് തുടങ്ങിയവയ്ക്ക് കോടതി ഇടപെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കണമെന്നും കോൺഗ്രസ്, സിപിഎം, ഡിഎംകെ, രാഷ്ട്രീയ ജനതാദൾ, ഭാരതീയ രാഷ്ട്രീയ സമിതി, തൃണമൂൽ കോൺഗ്രസ് തുടങ്ങി 14 പാർട്ടികൾ സംയുക്തമായി നല്‍കിയ ഹർജിയിൽ ആരോപിച്ചിരുന്നു.
0 Comments