Ticker

6/recent/ticker-posts

Header Ads Widget

വിദേശ വാർത്തകൾ

പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുന്നതായി അറിയിച്ച് വിമാന കമ്പനി.

ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കുന്നതായി ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. അടുത്ത മാസം ഒന്ന് മുതലാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തി വെക്കുന്നത്. 

വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിങ് സൗകര്യം നീക്കിയിട്ടുണ്ട്. ബുക്കിങ് പണം തിരികെ നല്‍കും. നിലവില്‍ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്ക് സലാം എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ്. ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിയതായി വിമാന കമ്പനി അറിയിച്ചതായി ട്രാവല്‍ ഏജന്‍സികളും സ്ഥിരീകരിച്ചു. ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ് പുതിയ തീരുമാനം. മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരം, ലഖ്‌നൗ, ജയ്പൂര്‍ സെക്ടറുകളിലേക്കും സലാലയില്‍ നിന്ന് കോഴിക്കോടേക്കുമാണ് നിലവില്‍ സലാം എയറിന്റെ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍.

നേരത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും സര്‍വീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ട് നല്‍കും. റീഫണ്ട് ലഭിക്കുന്നതിനായി സലാം എയറിനെയോ ടിക്കറ്റ് വാങ്ങിയ അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെടാവുന്നതാണ്. എത്ര നാളത്തേക്കാണ് സര്‍വീസ് നിര്‍ത്തുന്നതെന്ന കാര്യത്തില്‍ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല.

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 9,576 പ്രവാസികളെ നാടുകടത്തി.

സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘനങ്ങൾക്ക് നിയ മനടപടി നേരിട്ട 9,576 വിദേശികളെ നാടുകടത്തിയെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴു മുതൽ സെപ്റ്റംബർ 13 വരെയുള്ള ഒരാഴ്ചക്കുള്ളിലാണ് ഇത്രയും പേര്‍ക്കെതിരായ നടപടി ഉണ്ടായത്. ഇതേ കാലയളവിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 15,812ഓളം വിദേശികളെ നിയമ ലംഘനങ്ങൾക്ക് പുതിയതായി പിടികൂടിയിട്ടുണ്ടെന്നും സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ പിടിയിലായ 15,812 പേരില്‍ 9,801 പേർ സൗദി അറേബ്യയിലെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 3,804 പേരും തൊഴിൽ നിയമ ലംഘകരായ 2,207 പേരും രാജ്യാതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 827 പേരെയും അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരില്‍ 61 ശതമാനം പേര്‍ യമനികളും 18 ശതമാനം പേര്‍ എത്യോപ്യക്കാരും 21 ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്. 

45 പേർ സൗദി അറേബ്യയിൽ നിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയും പിടിക്കപ്പെട്ടു. താമസ, തൊഴിൽ നിയമ ലംഘകരെ കടത്തിക്കൊണ്ടു വരികയും നിയമ ലംഘകര്‍ക്ക് അഭയം നൽകുകയും ചെയ്തുവന്ന 15 പേരും അറസ്റ്റിലായിട്ടുണ്ട്.

44,016 നിയമലംഘകർ നിലവിൽ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 36,701 പുരുഷന്മാരും 7,315 സ്ത്രീകളുമാണ്. ഇതിൽ 37,221പേരുടെ യാത്രാരേഖകൾ ശരിയാക്കുന്നതിന് അവരവരുടെ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ടു വരികയാണ്. 2,017 പേരുടെ യാത്രാനടപടികൾ പൂർത്തിയായി വരുന്നു.

സൗദി അറേബ്യയിലെ ഇത്തരം തൊഴില്‍, താമസ, അതിര്‍ത്തി നിയമ ലംഘകർക്ക് ഗതാഗത, പാർപ്പിട സൗകര്യങ്ങൾ നൽകുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയുമാണ് ഇങ്ങനെ പിടിക്കപ്പെട്ടാല്‍ കിട്ടുന്ന ശിക്ഷ. മാത്രമല്ല, വാഹനങ്ങളും താമസ സൗകര്യം ഒരുക്കിയ കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് നൽകി.

യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷം സാങ്കേതിക തകരാർ; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു.

എയർ ഇന്ത്യ എക്സ്പ്രസിൻറെ വിമാനം വൈകുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കൊച്ചി- ദോഹ വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

തകരാര്‍ പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു. വൈകിട്ട് 6.45 പോകേണ്ട വിമാനമാണ് വൈകുന്നത്. യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷമാണ് സാങ്കേതിക തകരാർ ഉണ്ടായത്. യാത്രക്കാർ വിമാനത്തിനുള്ളിൽ തുടരുകയാണ്.

പ്രവാസി തൊഴിലാളികളുടെ യോഗ്യത പരിശോധിക്കാൻ ഇനി 'പ്രൊഫഷനൽ വെരിഫിക്കേഷൻ’

സൗദി അറേബ്യയിലുള്ള വിദേശ തൊഴിലാളികളുടെ യോഗ്യത പരിശോധിക്കുന്ന ‘െപ്രാഫഷനൽ വെരിഫിക്കേഷൻ’ സേവനം മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രൊഫഷനൽ വെരിഫിക്കേഷൻ’ സേവനം തുടങ്ങിയത്. ഓൺലൈൻ സംവിധാനം വഴി 62 രാജ്യങ്ങളിൽ ഈ സേവനം ക്രമേണ നടപ്പാക്കും.

സൗദി തൊഴിൽ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടിയാണിത്. തൊഴിൽ വിപണി ആകർഷകമാക്കുക, തൊഴിൽ അന്തരീക്ഷം മികച്ചതാക്കുക എന്നീ ലക്ഷ്യങ്ങൾ ഇതിനുണ്ട്. സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദേശ തൊഴിലാളിക്ക് രേഖാമൂലമുള്ള അക്കാദമിക് യോഗ്യതകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ചെയ്യുന്നത്. വിദ്യാഭ്യാസപരമായ യോഗ്യതക്ക് അനുസൃതമായ ജോലിയിലേക്കാണോ റിക്രൂട്ട് ചെയ്യപ്പെട്ടത് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തും.

ജോലിക്കാവശ്യമായ വിദ്യാഭ്യാസ യോഗ്യത, അനുഭവ പരിജ്ഞാനം എന്നിവയാണ് പരിശോധിക്കുന്നത്. പ്രൊഫഷനൽ വെരിഫിക്കേഷൻ സേവനം രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ നിലവാരം ഉയർത്താൻ സഹായിക്കും. അക്കാദമിക യോഗ്യതയില്ലാത്ത തൊഴിലാളികൾ തൊഴിൽ വിപണിയിലേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്താനും ആളുകളുടെ അനുഭവങ്ങളും കഴിവുകളും പരിഗണിക്കാനും ഇതിലൂടെ സാധിക്കും. തൊഴിൽ വിപണിയെ നിയന്ത്രിക്കാനും തൊഴിലിെൻറ ഗുണനിലവാരം മെച്ചപ്പെടുത്താനും നൽകുന്ന െപ്രാഫഷനൽ സേവനങ്ങളുടെ നിലവാരം ഉയർത്താനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുടെ തുടർച്ചയാണ് ‘െപ്രാഫഷനൽ അക്രഡിറ്റേഷൻ’ പ്രോഗ്രം.

Post a Comment

0 Comments