2023 ഏപ്രിലില്‍ പേമെന്റ് ഗേറ്റ്‌വേ അക്കൗണ്ട് ഹാക്കുചെയ്ത് 25 കോടി തട്ടിയെടുത്തതായി ഒരു കമ്ബനി താനെ ശ്രീനഗര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വൻതട്ടിപ്പ് നടക്കുന്ന വിവരം വ്യക്തമായതെന്ന് നാവ്പാഡ പോലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തില്‍ 16,180 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
പേമെന്റ് ഗേറ്റ്‌വേയിലൂടെ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട്, പാസ്‌വേഡ് വിവരങ്ങള്‍ ചോര്‍ത്തി വിവിധയിടങ്ങളില്‍നിന്ന് പണം മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുന്ന രീതിയാണ് തട്ടിപ്പുകാര്‍ സ്വീകരിക്കുന്നത്. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന വൻസംഘമാണ് തട്ടിപ്പിനുപിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് സിങ്, അമോല്‍ അന്ധാലെ, അമൻ, കേദാര്‍, സമീര്‍ ഡിഗെ, ജിതേന്ദ്ര പാണ്ഡെ എന്നിവരടക്കം ഏഴ് ആളുകളുടെപേരില്‍ കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളിലൊരാളായ ജിതേന്ദ്ര പാണ്ഡെ എട്ടുമുതല്‍ പത്തുവര്‍ഷംവരെ ബാങ്കുകളില്‍ റിലേഷൻഷിപ്പ് ആൻഡ് സെയില്‍സ് മാനേജരായി ജോലിചെയ്തിട്ടുണ്ട്. ഈ സംഘത്തില്‍ ഇനിയും ഒട്ടേറെപ്പേര്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
ഒട്ടേറെ കമ്ബനികളെയും വ്യക്തികളെയും ബാധിക്കുന്ന വിവരങ്ങള്‍ ഈ സംഘം ചോര്‍ത്തിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റും പണം മറ്റു അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുള്ളതായി പോലീസ് പറഞ്ഞു. പ്രതികളില്‍നിന്ന് ഒട്ടേറെ വ്യാജരേഖകള്‍ അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും പോലീസ് വ്യക്തമാക്കി.
0 Comments