സുഹൃത്തിന് 2000 രൂപ അയച്ചതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടില്‍ 753 കോടി രൂപ. ചെന്നൈയിലാണ് സംഭവം. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ഇദ്രിസ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലാണ് അപ്രതീക്ഷിതമായി ഇത്രയും വലിയ തുക എത്തിയത്.
തന്റെ പേരിലുള്ള കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടില്‍ 753 കോടി രൂപ നിക്ഷേപിച്ചതായി യുവാവിന് ഫോണില്‍ സന്ദേശം ലഭിക്കുകയായിരുന്നു. എന്നാല്‍ ഇത്രയും തുക അക്കൗണ്ടില്‍ എത്തിയത് കണ്ട് അമ്ബരന്ന് ഇയാള്‍ തന്നെ ബാങ്കിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ഉടൻ തന്നെ മരവിപ്പിച്ചു. എന്നാല്‍ ഇത് സാങ്കേതിക തകരാര്‍ മൂലം ബാങ്കിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവാണെന്ന് പിന്നീട് വ്യക്തമായി.
മുഹമ്മദ് ഇദ്രിസ് തിരുനെല്‍വേലി ജില്ലയില്‍ നിന്ന് ജോലിക്കായാണ് ചെന്നൈയിലെത്തിയത്. കഴിഞ്ഞ 10 വര്‍ഷമായി ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. ശനിയാഴ്ചയാണ് ഇദ്രിസിന് 753.48 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായുള്ള സന്ദേശം ലഭിച്ചത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ആകെ 3000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ 2000 രൂപ തന്റെ സുഹൃത്തിന് ഇദ്രിസ് കൈമാറി. പിന്നാലെ ആണ് ഈ സന്ദേശം ലഭിച്ചത്. ഉടൻ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് ഇക്കാര്യം അദ്ദേഹം അറിയിച്ചു.
ശേഷം അക്കൗണ്ട് വിവരങ്ങള്‍ വാങ്ങി മിനിറ്റുകള്‍ക്കകം തന്നെ ഇദ്രിസിന്റെ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. അതേസമയം തമിഴ്നാട്ടില്‍ ബാങ്ക് തന്നെ അബദ്ധത്തില്‍ പണം കൈമാറിയ മൂന്നാമത്തെ സംഭവം കൂടിയാണ് ഇത്. നേരത്തെ ഗണേശൻ എന്ന ആളുടെ കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലും ഇത്തരത്തില്‍ 756 കോടി രൂപ ആളുമാറി നിക്ഷേപിച്ചിരുന്നു. ഈ തുക ഇയാള്‍ തന്നെ ബാങ്കിന് തിരിച്ചു കൈമാറുകയും ചെയ്തു.
0 Comments