Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയെ ഒമാനുമായി ബന്ധിപ്പിക്കുന്ന റോഡ് താമസിയാതെ യാത്രികർക്കായി തുറന്ന് കൊടുക്കും.

🇴🇲ഒമാൻ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനവിലക്ക് തുടരും.

🇸🇦സൗദി: മുപ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാഴ്ച്ചയ്ക്കകം രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭ്യമാക്കും.

🇦🇪യു എ ഇ: ഓഗസ്റ്റ് 1 മുതൽ സർക്കാർ വകുപ്പുകളിലും, മന്ത്രാലയങ്ങളിലും പ്രവേശിക്കുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു.

🇶🇦ഖത്തർ: COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ മൂന്നാം ഘട്ടം ജൂലൈ 9 മുതൽ നടപ്പിലാക്കും.

🇸🇦സൗദി: ഓരോ സ്വകാര്യ സ്ഥാപനങ്ങളിലും അനുവദിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ ജീവനക്കാരുടെ പരമാവധി എണ്ണം 40 ശതമാനമാക്കി നിജപ്പെടുത്തി.

🇶🇦ജൂലൈ 12 മുതല്‍ ഖത്തറിലേക്ക് സന്ദര്‍ശക വിസകള്‍ അനുവദിക്കും; വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട.

🇸🇦സൗദിയില്‍ മലയാളിയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.

🇸🇦സൗദിയിൽ ഇന്ന് 1,484 പേർക്ക് കൊവിഡ് രോഗമുക്തി; പുതിയ രോഗികള്‍ 1257.

🇸🇦സൗദി അറേബ്യയിൽ അനധികൃതമായി ടെലികോം ഉപകരണങ്ങൾ വിറ്റാൽ വൻ പിഴ.

🇸🇦കൊവിഡ് ഡെൽറ്റ വകഭേദം തടയാൻ വാക്സിനുകൾ ഫലപ്രദമെന്ന് സൗദി.

🇰🇼ജോലി മാറ്റം; 14,600 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി.

🇰🇼കുവൈത്ത് വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാരുടെ പരിധി 5,000 ആയി ഉയര്‍ത്തി.

🇴🇲ഒമാനില്‍ 1453 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 15 മരണം.

🇦🇪യുഎഇയില്‍ 1,539 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.

വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയെ ഒമാനുമായി ബന്ധിപ്പിക്കുന്ന റോഡ് താമസിയാതെ യാത്രികർക്കായി തുറന്ന് കൊടുക്കും.

✒️സൗദി അറേബ്യയെയും, ഒമാനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് താമസിയാതെ യാത്രികർക്കായി തുറന്ന് കൊടുക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി ചെലവുകൾ കുറയ്ക്കുന്നതിനും, കടത്ത്‌കൂലി കുറയ്ക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനും സഹായകമാണ്.

ജൂലൈ 7-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അണ്ടർസെക്രട്ടറി സലേം മുഹമ്മദ് അൽ നുഐമിയാണ് ഇക്കാര്യം അറിയിച്ചത്. ഒമാൻ ടി വിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“സൗദി അറേബ്യയെയും, ഒമാനെയും കരമാർഗം ബന്ധിപ്പിക്കുന്ന ഈ ഹൈവേ യാത്രകൾ കൂടുതൽ സുഗമമാക്കുന്നതാണ്. ഈ പാത ഉടൻ തന്നെ തുറന്ന് കൊടുക്കുന്നതാണ്. ഈ ഹൈവേയുടെ നിർമ്മാണം ഭൂരിഭാഗവും പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്.”, അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. ഏതാണ്ട് 800 കിലോമീറ്റർ നീളത്തിലാണ് ഈ ഹൈവേ പണിതീർക്കുന്നത്.

ലോകത്ത് തന്നെ ഏറ്റവും ദുഷ്കരമായ ഏതാനം ഭൂപ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്ന് പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമികളിലൊന്നായ റുബഉൽ ഖാലി മരുഭൂമിയിലൂടെ കടന്ന് പോകുന്ന ഈ ഹൈവേയുടെ 580 കിലോമീറ്റർ സൗദി അറേബ്യയിലും, 160 കിലോമീറ്റർ ഒമാനിലും സ്ഥിതി ചെയ്യുന്നു.

ഒമാനിലെ ഇബ്രി പട്ടണത്തിൽ നിന്ന് ആരംഭിച്ച് സൗദിയിലെ അൽ അഹ്‌സ പട്ടണത്തിൽ അവസാനിക്കുന്ന രീതിയിലാണ് ഈ പാത നിർമ്മിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ കരമാർഗ്ഗമുള്ള യാത്രാ സമയത്തിൽ 16 മണിക്കൂർ ലഭിക്കുന്നതിന് ഈ പുതിയ ഹൈവേ സഹായകമാകും.

🇴🇲ഒമാൻ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനവിലക്ക് തുടരും.

✒️ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2021 ജൂലൈ 8-ന് രാവിലെയാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ തീരുമാന പ്രകാരം, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, സുഡാൻ, ഫിലിപ്പീൻസ്, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, സിയറ ലിയോൺ, എത്യോപ്യ, തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന മുഴുവൻ യാത്രികർക്കും, ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപുള്ള 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്.

ഒമാൻ: ജൂലൈ 9 മുതൽ ഒമ്പത് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനം

ഇതിന് പുറമെ, ജൂലൈ 9 മുതൽ സിംഗപ്പൂർ, ഇന്തോനേഷ്യ, ഇറാഖ്, ഇറാൻ, ടുണീഷ്യ, ലിബിയ, അർജന്റീന, കൊളംബിയ, ബ്രൂണൈ എന്നിവിടങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഒമാനിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും വിലക്ക് ബാധകമാണ്. ഈജിപ്തിൽ നിന്നുള്ള യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ പിൻവലിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ഒമാൻ: രാത്രികാല നിയന്ത്രണങ്ങൾ ജൂലൈ 31 വരെ നീട്ടി; ജൂലൈ 16 മുതൽ സമയക്രമത്തിൽ മാറ്റം; ഈദുൽ അദ്ഹ വേളയിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ

രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 31 വരെ തുടരാനും, ഈദുൽ അദ്ഹ വേളയിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്താനും കഴിഞ്ഞ ദിവസം ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു.

🇸🇦സൗദി: മുപ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാഴ്ച്ചയ്ക്കകം രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭ്യമാക്കും.

✒️രാജ്യത്തെ മുപ്പത് മുതൽ നാല്പത് വയസ്സ് വരെ പ്രായമുള്ള വിഭാഗങ്ങളിലുള്ളവർക്ക് രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ അടുത്ത രണ്ടാഴ്ച്ചയ്ക്കകം ആരംഭിക്കുമെന്ന് സൗദി ആരോഗ്യമേഖലയിലെ അധികൃതർ അറിയിച്ചു. സൗദി സർക്കാർ ടി വി ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കൂടുതൽ വിഭാഗങ്ങളിലേക്ക് വാക്സിൻ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച രാജ്യത്തെ നാല്പത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് ജൂലൈ 4-ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

സൗദി: നാല്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

ഈ വിഭാഗങ്ങളിലുള്ളവർക്ക് ‘Sehhaty’ ആപ്പിലൂടെ രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള മുൻ‌കൂർ ബുക്കിങ്ങ് പൂർത്തിയാക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

🇦🇪യു എ ഇ: ഓഗസ്റ്റ് 1 മുതൽ സർക്കാർ വകുപ്പുകളിലും, മന്ത്രാലയങ്ങളിലും പ്രവേശിക്കുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു.

✒️2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ സർക്കാർ വകുപ്പുകളിലും, മന്ത്രാലയങ്ങളിലും പ്രവേശിക്കുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. ജൂലൈ 8-നാണ് FAHR ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, COVID-19 വാക്സിനിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചവർ, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഉള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് മാത്രമാണ് ഓഗസ്റ്റ് 1 മുതൽ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, ഇത്തരം സ്ഥാപനങ്ങളുടെ കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാൻ അനുമതി ഉണ്ടായിരിക്കുക എന്ന് FAHR സ്ഥിരീകരിച്ചിട്ടുണ്ട്.

“2021 ഓഗസ്റ്റ് 1, ഞായറാഴ്ച്ച മുതൽ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, ഇത്തരം സ്ഥാപനങ്ങളുടെ കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക്, ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ ഒഴികെയുള്ള, ഉപഭോക്താക്കൾ, സന്ദർശകർ, കരാറടിസ്ഥാനത്തിൽ സേവനം നൽകുന്ന ജീവനക്കാർ, മറ്റുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. താഴെ പറയുന്ന മൂന്ന് വിഭാഗങ്ങൾക്ക് ഈ പ്രവേശന വിലക്കിൽ ഇളവ് അനുവദിക്കുന്നതാണ്.”, FAHR പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

രാജ്യത്ത് അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുള്ളവർ, അല്ലെങ്കിൽ ഇത്തരം സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കുന്നവർ എന്നീ വിഭാഗങ്ങളിലുള്ള സന്ദർശകർ, ഉപഭോക്താക്കൾ എന്നിവർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
വാക്സിനെടുക്കാത്തവർക്ക് രാജ്യത്തെ ആരോഗ്യ അധികൃതരിൽ നിന്നുള്ള പ്രത്യേക അനുമതിയോടെ, ഇത്തരം സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് ഉപയോഗിച്ച് സന്ദർശനം അനുവദിക്കുന്നതാണ്.
പതിനാറ് വയസിന് താഴെ പ്രായമുള്ളവർക്ക് ഈ വിലക്ക് ബാധകമല്ല.
വാക്സിനേഷൻ, PCR സ്റ്റാറ്റസ് തെളിയിക്കുന്നതിനായി Al Hosn ആപ്പ് ഉപയോഗിക്കാവുന്നതാണ്.

🇶🇦ഖത്തർ: COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ മൂന്നാം ഘട്ടം ജൂലൈ 9 മുതൽ നടപ്പിലാക്കും.

✒️രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ മൂന്നാം ഘട്ടം 2021 ജൂലൈ 9, വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കാനുള്ള തീരുമാനത്തിന് ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകി. ഈ ഇളവുകൾ അനുവദിക്കുന്നതിന്റെ ആദ്യ ഘട്ടം 2021 മെയ് 28 മുതലും, രണ്ടാം ഘട്ടം ജൂൺ 18 മുതലും ഖത്തർ നടപ്പിലാക്കിയിരുന്നു.

ഖത്തർ പ്രധാന മന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ ജൂലൈ 7-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇളവുകളുടെ മൂന്നാം ഘട്ടം ജൂലൈ 9 മുതൽ നടപ്പിലാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. ഇതിന്റെ ഭാഗമായി, ജൂലൈ 9 മുതൽ കുട്ടികൾക്ക് സിനിമാശാലകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനും, മാളുകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കുന്നവരുടെ എണ്ണം ഉയർത്തുന്നതിനും, വിവാഹമുൾപ്പടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഉയർത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

2021 ജൂലൈ 9 മുതൽ COVID-19 നിയന്ത്രണങ്ങളിൽ താഴെ പറയുന്ന ഇളവുകളാണ് ഖത്തറിൽ നടപ്പിലാക്കുന്നത്:

പൊതുവായ നിർദേശങ്ങൾ, സാമൂഹിക ഒത്ത്ചേരലുകൾക്കുള്ള ഇളവുകൾ എന്നിവ:

വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. വാഹനങ്ങളിൽ തനിയെ യാത്ര ചെയ്യുന്ന അവസരത്തിലും, ഒരേ കുടുംബങ്ങളിൽ നിന്നുള്ളവർ മാത്രമായി വാഹനത്തിൽ യാത്ര ചെയ്യുന്ന അവസരത്തിലും മാത്രമാണ് മാസ്ക് ഉപയോഗിക്കുന്നതിന് ഇളവ് നൽകിയിട്ടുള്ളത്.
വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിർബന്ധമായും ‘EHTERAZ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, ഈ ആപ്പ് പ്രയോഗക്ഷമമാക്കേണ്ടതുമാണ്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 15 പേർക്ക് ഇൻഡോർ ഇടങ്ങളിൽ ഒത്ത്ചേരാം. രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിക്കാത്തവർ ഈ ഒത്ത് ചേരലുകളിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ പരമാവധി 5 പേർക്കാണ് ഇൻഡോറിൽ അനുമതി.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 30 പേർക്ക് ഔട്ട്ഡോറിൽ ഒത്ത്ചേരാം. വാക്സിൻ സ്വീകരിക്കാത്തവരും, രണ്ട് ഡോസ് പൂർത്തിയാകാത്തവരുമായ പരമാവധി 10 പേർക്കാണ് ഔട്ട്ഡോറിൽ ഒത്ത്ചേരാൻ അനുമതി.
പള്ളികളിൽ ദിവസ പ്രാർത്ഥനകളും, വെള്ളിയാഴ്ച്ച പ്രാർത്ഥനകളും തുടരും. 7 വയസിന് താഴെയുളള കുട്ടികളെ പള്ളികളിൽ പ്രവേശിപ്പിക്കില്ല. പള്ളികളിലെ ശുചിമുറികൾ തുറക്കില്ല.
വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഹോട്ടലുകൾ, ഹാളുകൾ തുടങ്ങിയ ഇടങ്ങളിൽ പരമാവധി 80 പേർക്ക് ഈ ചടങ്ങിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന 75 ശതമാനം പേർ വാക്സിനെടുത്തവരായിരിക്കണം.
ഒരേ കുടുംബങ്ങളിൽ നിന്നുള്ള പരമാവധി 15 പേരടങ്ങുന്ന സംഘങ്ങൾക്ക് പാർക്ക്, ബീച്ച്, കോർണിഷ് എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കും. കളിയിടങ്ങൾ, പാർക്കുകളിലെ സ്പോർട്സ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുമതി നൽകും.

തൊഴിൽ മേഖലയിലെ ഇളവുകൾ:

സർക്കാർ മേഖലയിലെ തൊഴിലിടങ്ങളിൽ പരമാവധി 80 ശതമാനം ജീവനക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നത് തുടരും.
സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ പരമാവധി 80 ശതമാനം ജീവനക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നത് തുടരും.
സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിൽ ബിസിനസ് മീറ്റിംഗുകളിൽ, വാക്സിൻ സ്വീകരിച്ചിട്ടുള്ള, പരമാവധി 15 പേർക്ക് വരെ പങ്കെടുക്കാമെന്ന തീരുമാനം തുടരും. ഇതിൽ കൂടുതൽ പേർ പങ്കെടുക്കേണ്ടതായ മീറ്റിംഗുകൾക്ക് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്.
സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ളത് തുടരും. COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്തവർ (ഇത് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ റിപ്പോർട്ട് നിർബന്ധം) എന്നീ വിഭാഗങ്ങൾക്ക് ഈ പരിശോധന ഒഴിവാക്കിയിട്ടുണ്ട്.
തൊഴിലിടങ്ങളിലെ പ്രവർത്തനസമയങ്ങളിൽ പരമാവധി 80% ശേഷിയിൽ ശുചീകരണ സേവനങ്ങൾ നൽകാം. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ തൊഴിലാളികൾക്കാണ് ഈ അനുമതി.

വാണിജ്യ, വിനോദ മേഖലകളിലെ ഇളവുകൾ:

പരമ്പരാഗത മാർക്കറ്റുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം അനുവദിക്കും.
മൊത്തവ്യാപാര മാർക്കറ്റുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം അനുവദിക്കും.
പരമാവധി ശേഷിയുടെ 30 ശതമാനത്തിൽ പ്രവർത്തിക്കുന്നതിന് സിനിമാശാലകൾക്കും, തീയറ്ററുകൾക്കും അനുമതി നൽകിയിട്ടുള്ളത് തുടരും. സന്ദർശകരിൽ 75 ശതമാനം പേർ വാക്സിൻ സ്വീകരിച്ചിരിക്കണം. കുട്ടികൾക്ക് പ്രവേശനം അനുവദിക്കും. ഇവരെ വാക്സിനെടുക്കാത്ത 25 ശതമാനത്തിൽ ഉൾപ്പെടുത്തുന്നതാണ്.
ഏതാനം കോൺഫറൻസുകൾ, എക്സിബിഷനുകൾ മുതലായവയ്ക്ക് അനുമതി നൽകുന്നത് തുടരും. പരമാവധി 30 ശതമാനം ശേഷിയിലാണ് ഇവ അനുവദിക്കുക.
ഷോപ്പിംഗ് മാളുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാമെന്നത് തുടരും. ഇവയിലെ ഫുഡ് കോർട്ടുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം.എല്ലാ പ്രായത്തിലുള്ളവർക്കും മാളുകളിൽ പ്രവേശനം അനുവദിക്കും.
‘ക്ലീൻ ഖത്തർ’ പദ്ധതിയുടെ കീഴിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾ നൽകുന്നതിന് അനുമതി. ഇത്തരം സ്ഥാപനങ്ങൾക്ക് തുറന്ന ഇടങ്ങളിൽ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ സേവനം നൽകുന്നത്.
മറ്റു ഭക്ഷണശാലകളിൽ 15 ശതമാനം ശേഷിയിൽ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾക്ക് അനുമതി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ സേവനം നൽകുന്നത്.
ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 50 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാവുന്നതാണ്. മുഴുവൻ ജീവനക്കാരും, ഉപഭോക്താക്കളും വാക്സിൻ സ്വീകരിച്ചിരിക്കണം.
തീം പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഔട്ട്ഡോർ മേഖലകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ ഇടങ്ങളിൽ, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 30 ശതമാനം ശേഷിയിൽ പ്രവേശനം അനുവദിക്കാം. ഇതിൽ 75 ശതമാനം സന്ദർശകർ വാക്സിനെടുത്തവരായിരിക്കണം. കുട്ടികൾക്ക് പ്രവേശനം അനുവദിക്കും. ഇവരെ വാക്സിനെടുക്കാത്ത 25 ശതമാനത്തിൽ ഉൾപ്പെടുത്തുന്നതാണ്.
സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് 100 ശതമാനം ശേഷിയിൽ പ്രവർത്തനങ്ങൾ അനുവദിക്കുന്നതാണ്. എല്ലാ ജീവനക്കാർക്കും വാക്സിൻ നിർബന്ധമാണ്.
പ്രാദേശികവും, അന്താരാഷ്ട്ര തലത്തിലുള്ളതുമായ കായിക മത്സരങ്ങൾ 50 ശതമാനം കാണികളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കാൻ അനുമതി. കാണികളിൽ 75% പേർ വാക്സിൻ സ്വീകരിച്ചവരായിരിക്കണം.
ഹെൽത്ത് ക്ലബ്, ജിം, ഫിറ്റ്നസ് ക്ലബ്, സ്പാ തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഇടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 50 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാം. മുഴുവൻ ജീവനക്കാരും വാക്സിൻ സ്വീകരിച്ചിരിക്കണം.
ഔട്ട്ഡോർ സിമിങ്ങ് പൂളുകൾ, വാട്ടർ പാർക്ക് എന്നിവ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ സിമിങ്ങ് പൂളുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. 75 ശതമാനം സന്ദർശകർ വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. കുട്ടികൾക്ക് പ്രവേശനം അനുവദിക്കും. ഇവരെ വാക്സിനെടുക്കാത്ത 25 ശതമാനത്തിൽ ഉൾപ്പെടുത്തുന്നതാണ്.

പൊതുഗതാഗത മേഖലയിലെ ഇളവുകൾ:

മെട്രോ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ 50 ശതമാനം ശേഷിയിൽ തുടരും.
ബസുകളിൽ പരമാവധി ശേഷിയുടെ 30 ശതമാനം പേർക്ക് അനുമതി.
ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനശേഷി 50 ശതമാനത്തിലേക്ക് ഉയർത്തും. ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാണ്.
സ്വകാര്യ ബോട്ടുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. വിനോദ സഞ്ചാരത്തിനുള്ള ബോട്ടുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. പരമാവധി 20 പേർക്കാണ് ഇത്തരത്തിൽ അനുമതി. ഇതിൽ വാക്സിൻ സ്വീകരിക്കാത്ത പരമാവധി 3 പേർക്ക് വരെ സഞ്ചരിക്കാം. ഇത്തരം സേവനങ്ങൾ നൽകുന്ന മുഴുവൻ ജീവനക്കാർക്കും വാക്സിനേഷൻ നിർബന്ധമാണ്.

വിദ്യാഭ്യാസ മേഖലയിലെ ഇളവുകൾ:

ട്രെയിനിങ്ങ് കേന്ദ്രങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാവുന്നതാണ്. അധ്യാപകർക്ക് വാക്സിനേഷൻ നിർബന്ധമാണ്. സന്ദർശകരുടെ 75 ശതമാനം പേർക്ക് വാക്സിൻ നിർബന്ധമാണ്.
സമ്മിശ്ര പഠനരീതിയുടെ ശേഷി 50 ശതമാനത്തിലേക്ക് ഉയർത്തും.

🇸🇦സൗദി: ഓരോ സ്വകാര്യ സ്ഥാപനങ്ങളിലും അനുവദിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ ജീവനക്കാരുടെ പരമാവധി എണ്ണം 40 ശതമാനമാക്കി നിജപ്പെടുത്തി.

✒️രാജ്യത്തെ ഓരോ സ്വകാര്യ സ്ഥാപനങ്ങളിലും അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ പരമാവധി എണ്ണം സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പമെന്റ് തീരുമാനം കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത് പ്രകാരം, ഓരോ സ്വകാര്യ സ്ഥാപനങ്ങളിലും അനുവദിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ ജീവനക്കാരുടെ പരമാവധി എണ്ണം സ്ഥാപനത്തിലെ ആകെ ജീവനക്കാരുടെ 40 ശതമാനമാക്കി നിജപ്പെടുത്തിയതായാണ് വിവരം. ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികളുടെ പരമാവധി എണ്ണവും 40 ശതമാനമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. യെമനിൽ നിന്നുള്ള തൊഴിലാളികളുടെ പരമാവധി എണ്ണം 25 ശതമാനമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

ഇത് സംബന്ധിച്ച അറിയിപ്പ് വിവിധ സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന് കീഴിലെ ഓൺലൈൻ പോർട്ടലിൽ നിന്ന് ലഭിച്ചതായാണ് അറിയാൻ സാധിക്കുന്നത്. ഇത് സംബന്ധിച്ച നിയന്ത്രണങ്ങൾ മറികടക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് തടസങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ സൂചന നൽകിയിട്ടുണ്ട്.

🇶🇦ജൂലൈ 12 മുതല്‍ ഖത്തറിലേക്ക് സന്ദര്‍ശക വിസകള്‍ അനുവദിക്കും; വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട.

✒️ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ജൂലൈ 12 മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസം പകരുന്ന രീതിയിലാണ് പ്രഖ്യാപനം. ജൂലൈ 12 മുതല്‍ ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകളും അനുവദിച്ചു തുടങ്ങും. വിമാന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ലഭിച്ച ഇത് സംബന്ധമായ അറിയിപ്പിന്റെ കോപ്പി ഖത്തര്‍ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ ഗ്രീന്‍, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചും രോഗപ്രതിരോധം കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിഭാഗങ്ങളായി തിരിച്ചുമാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. ഇന്ത്യയെ റെഡ് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ യെല്ലോ കാറ്റഗറിയിലാണ്.

ഗ്രൂപ്പ് എ: ഖത്തരി പൗരന്മാരും റെസിഡന്റ് വിസയുള്ളവരും

– പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്കും ഖത്തറില്‍ നിന്ന് 9 മാസത്തിനിടെ കോവിഡ് വന്ന് ഭേദമായവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല. ഇതു പ്രകാരം വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്കും ക്വാറന്റീന്‍ ഇളവ് ലഭിക്കും. കൂടെ വരുന്ന 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കും ഇളവുണ്ട്.

-ഭാഗികമായി വാക്‌സിനെടുത്തവര്‍, വാക്‌സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കാത്തവര്‍, ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത വാക്‌സിനെടുത്തവര്‍, ഖത്തറിന് പുറത്ത് നിന്ന് 9 മാസത്തിനിടെ കോവിഡ് വന്ന് ഭേദമായവര്‍- ഗ്രീന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആണെങ്കില്‍ 5 ദിവസം ഹോം ക്വാറന്റീന്‍. യെല്ലോ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍. റെഡ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍. വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന വാക്‌സിനെടുക്കാത്ത 12 മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍ക്കും 10 ദിവസത്തെ ക്വീറന്റീന്‍ വേണം.

ഗ്രൂപ്പ് ബി: ഫാമിലി വിസിറ്റ്, ബിസിനസ്, ടൂറിസ് വിസ

-വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. 9 മാസത്തിനിടെ രോഗം വന്ന് ഭേദമായ ജിസിസി പൗരന്മാര്‍ക്കും ഇളവുണ്ട്. വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന 3 വയസ്സുവരെ പ്രായമുള്ളവര്‍ക്കും ഇളവുണ്ട്.

-വാക്‌സിനെടുക്കാത്തതോ ഭാഗികമായി വാക്‌സിനെടുത്തവരോ ആളുകള്‍ക്ക് വിസിറ്റ് വിസ അനുവദിക്കില്ല

യാത്രാ നിബന്ധനകള്‍

-എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
– റെഡ് കാറ്റഗറിയില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഖത്തറിലെത്തിയാല്‍ വീണ്ടും ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തണം.
-വാക്‌സിനെടുക്കാത്തവരും ഭാഗികമായി വാക്‌സിനെടുത്തവരും റെഡ് കാറ്റഗറിയില്‍പ്പെട്ടവരും വിവിധ ഇടവേളകളിലായി ആര്‍ടിപിസിആര്‍ പരിശോധന ആവര്‍ത്തിക്കേണ്ടി വരും. ഇതിനുള്ള ചെലവ് സ്വന്തമായി വഹിക്കണം.

-എല്ലാ യാത്രക്കാരും യാത്രയുടെ 12 മണിക്കൂര്‍ മുമ്പ് www.ehteraz.gov.qa എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം

കൂടുതല്‍ വാക്‌സിനുകള്‍ക്ക് അംഗീകാരം
ഫൈസര്‍ ബയോണ്‍ടെക്, മോഡേണ, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയ്ക്ക് പുറമേ സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ക്കും ഉപാധികളോടെ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. സിനോഫാം, സിനോവാക് വാക്‌സിന്‍ എടുത്തവര്‍ ഖത്തറിലെത്തിയാല്‍ ആന്റിബോഡി പരിശോധനയ്ക്ക് വിധേയരാകരണം. ആന്റിബോഡി പോസിറ്റീവ് ആയാല്‍ ക്വാറന്റീന്‍ ആവശ്യമില്ല. നെഗറ്റീവ് ആണെങ്കില്‍ വരുന്ന രാജ്യത്തിന് അനുസരിച്ചുള്ള ക്വാറന്റീന്‍ നിയമങ്ങള്‍ ബാധകമാണ്.

🇸🇦സൗദിയില്‍ മലയാളിയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.

✒️സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. പ്രമുഖ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളത്തൊട്ടി അമീറലിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

കമ്പനിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് അമീറലി കൊല്ലപ്പെട്ടത്. അമീറലിയുടെ പക്കലുള്ള പണം കവര്‍ച്ച ചെയ്ത പ്രതി മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. എന്നാല്‍ കൊലപാതക വിവരം പുറത്തുവന്ന ഉടന്‍ സുരക്ഷാവിഭാഗം നടത്തിയ അന്വേഷണത്തില്‍ അധികം വൈകാതെ പ്രതി പിടിയിലായി. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ പ്രതിയെ പോലീസ് ജിദ്ദ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.

കൊലപാതകം തെളിഞ്ഞതോടെ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീം ജുഡീഷ്യല്‍ കോര്‍ട്ടും കീഴ്ക്കോടതി വിധി ശരിവച്ചതോടെയാണ് പ്രതിയുടെ ശിക്ഷ നടപ്പാക്കിയതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

🇸🇦സൗദിയിൽ ഇന്ന് 1,484 പേർക്ക് കൊവിഡ് രോഗമുക്തി; പുതിയ രോഗികള്‍ 1257.

✒️സൗദി അറേബ്യയിൽ പുതുതായി 1,484 പേർക്ക് കൊവിഡ് ബാധയിൽ നിന്ന് മുക്തി നേടി. കുറഞ്ഞുനിന്ന രോഗമുക്തി നിരക്ക് ഇന്ന് പെട്ടെന്ന് കുത്തനെ ഉയരുകയായിരുന്നു. അതേസമയം 1,257 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രാജ്യമൊട്ടാകെ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേർ കൂടി കൊവിഡ് മൂലം മരിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,97,773 ആയി. ഇവരിൽ 4,78,127 പേർ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,933 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും 96 ശതമാനവും മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 319, കിഴക്കൻ പ്രവിശ്യ 277, മക്ക 252, ജീസാൻ 94, അസീർ 93, മദീന 59, നജ്റാൻ 45, ഹായിൽ 30, അൽഖസീം 26, തബൂക്ക് 21, അൽബാഹ 19, വടക്കൻ അതിർത്തി മേഖല 18, അൽജൗഫ് 4. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 19,084,840 ഡോസ് ആയി.

🇸🇦സൗദി അറേബ്യയിൽ അനധികൃതമായി ടെലികോം ഉപകരണങ്ങൾ വിറ്റാൽ വൻ പിഴ.

✒️സൗദി അറേബ്യയിൽ ടെലികോം ഉപകരണങ്ങൾ ലൈസൻസില്ലാതെ വിറ്റാൽ കടുത്ത നടപടി. ടെലികോം ഉപകരണങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചു. വ്യാപകമായ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. അനധികൃതവും വ്യാജവുമായ ഉത്പന്നങ്ങൾ തങ്ങൾ വിൽക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ഇത്തരം വാണിജ്യ സ്ഥാപനങ്ങൾക്ക് അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് പരിശോധന ആരംഭിച്ചത്. 

ടെലികോം ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ 60 ദിവസമായിരുന്നു സമയം അനുവദിച്ചിരുന്നത്. ജൂലൈ 5ന് ഈ സമയം അവസാനിച്ചതോടെ രാജ്യവ്യാപകമായി ശക്തമായ പരിശോധനകള്‍ ആരംഭിച്ചു. നിയമവിരുദ്ധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുകയും വിൽപ്പന നടത്തുകയും ചെയ്ത നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ അഥവാ സി.ഐ.ടി.സി യാണ് ഇക്കാര്യം അറിയിച്ചത്. 

ഗുണനിലവാരമില്ലാത്ത നെറ്റ് വർക്ക് ബൂസ്റ്റർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ, സമീപവാസികൾക്ക് ലഭിക്കുന്ന മൊബൈൽ കമ്മ്യൂണിക്കേഷൻ സേവന നിലവാരം മോശമാകും. അതിനാൽ ടെലികോം ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി സി.ഐ.ടി.സി വെബ്‍സൈറ്റ് വഴി ലൈസൻസ് നേടണമെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. ഇത് ലംഘിച്ച് വിൽപ്പന നടത്തിയ നിരവധി ഉപകരണങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. നിയമവിരുദ്ധ ഉപകരണങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്ക് രണ്ടര കോടി റിയാൽ വരെ പിഴ ചുമത്താൻ ടെലികോം നിയമം അനുശാസിക്കുന്നുണ്ട്.

🇸🇦കൊവിഡ് ഡെൽറ്റ വകഭേദം തടയാൻ വാക്സിനുകൾ ഫലപ്രദമെന്ന് സൗദി.

✒️കൊവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം തടയാൻ നിലവിലെ വാക്സിനുകൾ ഫലപ്രദമെന്ന് സൗദി ആരോഗ്യമന്ത്രാലയം. നിലവിൽ രാജ്യം അംഗീകരിച്ച ഫൈസർ ബയോഎന്‍ടെക്, മോഡേണ, ആസ്‍ട്രസെനിക വാക്സിനുകൾ രണ്ട് ഡോസും ജോൺസണ്‍ ആന്റ് ജോൺസണ്‍ ഒരു ഡോസും സ്വീകരിച്ചാൽ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തടയാനും നിയന്ത്രണവിധേയമാക്കാനും ഈ നാല് വാക്സിനുകൾക്കും സാധ്യമാണെന്ന് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽഅസീരി അറിയിച്ചു. പ്രതിരോധം ഈ നിലയിൽ ലഭ്യമാണെങ്കിൽ മൂന്നാം ഡോസ് കുത്തിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

🇰🇼ജോലി മാറ്റം; 14,600 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി.

✒️ജോലി മാറ്റം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് 14,600 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കിയതായി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇവരുടെ ലൈസന്‍സുകള്‍ ഉപയോഗിക്കാനോ പുതുക്കാനോ കഴിയില്ല. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ യോഗ്യതയുള്ള ജോലികള്‍ ചെയ്‍തിരുന്നവര്‍ ആ ജോലികളില്‍ നിന്ന് മാറുമ്പോഴാണ് ലൈസന്‍സുകള്‍ റദ്ദാക്കുന്നത്.

നിലവില്‍ 15,75,000 ഡ്രൈവിങ് ലൈസന്‍സ് ഉടമകളാണ് കുവൈത്തിലുള്ളത്. ഇവരില്‍ 6,70,000 പേര്‍ സ്വദേശികളും 8,50,000 പേര്‍ പ്രവാസികളുമാണ്. 30,000 ബിദൂനികള്‍ക്കും 25,000 ഗള്‍ഫ് പൗരന്മാര്‍ക്കും കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുണ്ട്. രാജ്യത്ത് മൂന്ന് ലക്ഷത്തോളം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്‍തിട്ടുള്ളത്.

ലൈസന്‍സ് അനുവദിക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇക്കാര്യത്തില്‍ ഒരു ഇളവും നല്‍കരുതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഹ് നിര്‍ദേശം നല്‍കി. ലൈസന്‍സ് അനുവദിക്കുന്നതിനുള്ള ഏതെങ്കിലുമൊരു നിബന്ധന പാലിക്കതെ വന്നാല്‍ അവ റദ്ദാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കുവൈത്തിലെ സര്‍വകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാറുണ്ട്. എന്നാല്‍ പഠനം അവസാനിച്ചാലും ഇവര്‍ ലൈസന്‍സുകള്‍ തിരിച്ചേല്‍പ്പിക്കാറില്ല. ഇത്തരക്കാരുടെ ലൈസന്‍സുകള്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഇവര്‍ പിടിയിലായാല്‍ രാജ്യത്തെ നിയമം ലംഘിച്ച കുറ്റത്തിന് നാടുകടത്തുമെന്നും അധികൃതര്‍‌ മുന്നറിയിപ്പ് നല്‍കി.

🇰🇼കുവൈത്ത് വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാരുടെ പരിധി 5,000 ആയി ഉയര്‍ത്തി.

✒️കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 5,000 ആയി ഉയര്‍ത്തി. നേരത്തെ ഇത് 3,500 ആയിരുന്നു. വ്യോമയാന വകുപ്പിന്റെ സര്‍ക്കുലര്‍ ബുധനാഴ്ച മുതല്‍ പ്രബല്യത്തിലുണ്ട്. 

ഒരു ദിവസം 67 വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ പറഞ്ഞു. ഓഗസ്റ്റ് ഒന്നുമുതലാണ് വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുക. സാധുവായ ഇഖാമ ഉള്ളവരും കുവൈത്ത് അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവരുമാകണം.

🇴🇲ഒമാനില്‍ 1453 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 15 മരണം.

✒️ഒമാനില്‍ 1453 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 2,81,688 പേര്‍ക്ക് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 2,50,564 പേരാണ് രോഗമുക്തരായത്. ആകെ 3371 പേര്‍ക്ക് ജീവന്‍ നഷ്‍ടമായി. 88.9 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 150 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1447 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 494 പേര്‍ തീവ്ര പരിചരണ വിഭാഗങ്ങളിലാണ്.

🇦🇪യുഎഇയില്‍ 1,539 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.

✒️യുഎഇയില്‍  1,539 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,525 പേര്‍ സുഖം പ്രാപിക്കുകയും രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,83,327 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,45,653 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,23,826 പേര്‍ രോഗമുക്തരാവുകയും 1,849 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,978 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Post a Comment

0 Comments