🇸🇦സൗദി അറേബ്യ: മോഡേണ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകി.
🇶🇦ഖത്തർ: പതിനെട്ട് വയസിന് താഴെ പ്രായമുള്ളവരുടെ ക്വാറന്റീൻ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
🇸🇦സൗദി: ഹജ്ജ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയായി; തീർത്ഥാടകർ ജൂലൈ 17, 18 തീയതികളിൽ എത്തുമെന്ന് മന്ത്രാലയം.
🇴🇲ഈദുൽ അദ്ഹ വേളയിൽ ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ COVID-19 രോഗവ്യാപനം തടയുന്നതിനാണെന്ന് റോയൽ ഒമാൻ പോലീസ്.
🇸🇦സൗദി: ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; ഈദുൽ അദ്ഹ ജൂലൈ 20-ന്.
🇦🇪അബുദാബി: മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്ത പത്തൊമ്പതിനായിരത്തിലധികം വാഹനങ്ങൾക്ക് പിഴ ചുമത്തി.
🇶🇦ഖത്തറിന് പുറത്ത് 6 മാസം തികയാത്തവര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് വേണ്ട.
🇸🇦സൗദിയില്‍ ഇന്ധനവിലയ്ക്ക് പരിധി നിര്‍ണയിച്ചു; അധികവില സര്‍ക്കാര്‍ വഹിക്കും.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 100ല്‍ താഴെ; ഒരു മരണം കൂടി.
🇦🇪യുഎഇയില്‍ 1,520 പേര്‍ക്ക് കൂടി കൊവിഡ്, ഏഴ് മരണം.
🇸🇦സൗദിയില്‍ അഞ്ച് ലക്ഷം കവിഞ്ഞു കൊവിഡ് കേസുകള്‍.
🇰🇼കുവൈത്ത് കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ 'ഓക്സ്ഫോർഡ് - ആസ്ട്രസെനക' എന്ന് രേഖപ്പെടുത്തി തുടങ്ങി.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യ: മോഡേണ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകി.
✒️രാജ്യത്തെ വാക്സിനേഷൻ നടപടികളുടെ ഭാഗമായി മോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി (SFDA) നൽകി. ജൂലൈ 9, വെള്ളിയാഴ്ച്ചയാണ് SFDA ഈ വാക്‌സിന് അംഗീകാരം നൽകിയത്.
സൗദി ഇത്തരത്തിൽ അംഗീകാരം നൽകുന്ന നാലാമത്തെ COVID-19 വാക്സിനാണ് മോഡേണ. നേരത്തെ ആസ്ട്രസെനക, ഫൈസർ ബയോഎൻടെക്, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾക്കും സൗദി അനുമതി നൽകിയിരുന്നു.
മോഡേണ വാക്സിനിന്റെ സഫലത സംബന്ധിച്ച് കണിശമായ വിലയിരുത്തലുകൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അംഗീകാരം നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. ഈ വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരോഗ്യ വകുപ്പുകൾ കൈക്കൊള്ളുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
🇶🇦ഖത്തർ: പതിനെട്ട് വയസിന് താഴെ പ്രായമുള്ളവരുടെ ക്വാറന്റീൻ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
✒️COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ രക്ഷിതാക്കളോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന പതിനെട്ട് വയസിന് താഴെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി നൽകുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2021 ജൂലൈ 12 മുതൽ രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ യാത്രാ മാനദണ്ഡങ്ങളിൽ വ്യക്തത നൽകി കൊണ്ടാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ജൂലൈ 9-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ മാനദണ്ഡങ്ങളിലും, തിരികെയെത്തുന്നതിനുള്ള നിബന്ധനകളും 2021 ജൂലൈ 12 മുതൽ മാറ്റം വരുത്താനുള്ള ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂലൈ 8-ലെ തീരുമാനം അടിസ്ഥാനമാക്കിയാണ് ആരോഗ്യ മന്ത്രാലയം രാജ്യത്തേക്ക് പ്രവേശിക്കുന്ന ഏതാനം വിഭാഗങ്ങൾക്ക് ഹോട്ടൽ ക്വാറന്റീൻ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം ജൂലൈ 12 മുതൽ ഖത്തറിലേക്ക് പ്രവേശിക്കുന്ന താഴെ പറയുന്ന വിഭാഗങ്ങൾക്ക് ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്:
പതിനെട്ട് വയസിന് താഴെയുള്ള വാക്സിനെടുക്കാത്ത കുട്ടികൾ ഖത്തറിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ (തനിച്ചോ, രക്ഷിതാക്കൾക്കൊപ്പമോ) ഇവരുടെ രക്ഷിതാക്കൾ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരാണെങ്കിൽ, ഇത്തരം കുട്ടികൾക്ക് ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കുന്നതും, പകരം 7 ദിവസത്തെ ഹോം ക്വാറന്റീൻ ഏർപ്പെടുത്തുന്നതുമാണ്.
ഖത്തറിൽ നിന്ന് രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കാത്തവർ, വിദേശയാത്രയ്ക്ക് ശേഷം തിരികെയെത്തുന്ന സാഹചര്യത്തിൽ ഇവർക്ക് 7 ദിവസം, അല്ലെങ്കിൽ രണ്ടാം ഡോസെടുത്ത് 14 ദിവസം തികയാനുള്ള അത്രയും ദിവസം, ഇവയിലേതാണോ ചെറുത്, അത്രയും ദിനം ഹോം ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്.
75 വയസിന് മുകളിൽ പ്രായമുള്ള വാക്സിനെടുക്കാത്തവർക്ക് ഹോം ക്വാറന്റീൻ ഏർപ്പെടുത്തും. ഇതേ കുടുംബത്തിലെ ഒരു സഹയാത്രികനും ഇത്തരത്തിൽ ഹോം ക്വാറന്റീൻ അനുവദിക്കുന്നതാണ്.
വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ഭർത്താവിനോടോപ്പമോ, അതെ കുടുംബത്തിലെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ മറ്റൊരു ബന്ധുവിനൊപ്പമോ തിരികെയെത്തുന്ന ഗർഭിണികൾക്ക്.
വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ഭർത്താവിനോടോപ്പമോ, അതെ കുടുംബത്തിലെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ മറ്റൊരു ബന്ധുവിനൊപ്പമോ തിരികെയെത്തുന്ന മുലയൂട്ടുന്ന അമ്മമാർ, 2 വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ എന്നിവർക്ക് ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കും.
ഖത്തർ സർക്കാർ ചെലവിൽ വിദേശത്ത് നിന്ന് ചികിത്സകൾ കഴിഞ്ഞ് തിരികെയെത്തുന്നവർക്ക്. ഇതേ കുടുംബത്തിലെ ഒരു സഹയാത്രികനും ഇത്തരത്തിൽ ഹോം ക്വാറന്റീൻ അനുവദിക്കുന്നതാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് ഈ ഇളവ്.
മേല്പറഞ്ഞ വിഭാഗങ്ങളിൽ പെടുന്നവർ ഹോം ക്വാറന്റീൻ നടപടികൾ വീഴ്ച്ച കൂടാതെ പാലിക്കുമെന്ന് സത്യവാങ്ങ്മൂലം നൽകേണ്ടതാണ്. പതിനെട്ട് വയസിന് താഴെ പ്രായമുള്ളവർക്ക് വേണ്ടി സത്യവാങ്ങ്മൂലം രക്ഷിതാക്കൾക്ക് ഒപ്പിട്ട് നൽകാവുന്നതാണ്.
🇸🇦സൗദി: ഹജ്ജ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയായി; തീർത്ഥാടകർ ജൂലൈ 17, 18 തീയതികളിൽ എത്തുമെന്ന് മന്ത്രാലയം.
✒️ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരെ 2021 ജൂലൈ 17, 18 തീയതികളിൽ നാല് കേന്ദ്രങ്ങളിലായി സ്വീകരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നാല് കേന്ദ്രങ്ങളിലായി സ്വീകരിക്കുന്ന തീർത്ഥാടകരെ, ബസുകളിൽ ഗ്രാൻഡ് മോസ്കിലേക്കും, തുടർന്ന് മറ്റു പുണ്യസ്ഥാനങ്ങളിലേക്കും ആനയിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ വർഷത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ജൂലൈ 9-ന് അറിയിച്ചിരുന്നു.
പൂർണമായും ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയായിരുന്നു ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ. 150 രാജ്യങ്ങളിൽ നിന്നുള്ള 60000 ആഭ്യന്തര തീർത്ഥാടകരെ ഇപ്രകാരം തിരഞ്ഞെടുത്തതായി മന്ത്രാലയം കൂട്ടിച്ചേർത്തു. ഇവർക്ക് ഹജ്ജ് പെർമിറ്റുകൾ അനുവദിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് പെർമിറ്റുകൾ ലഭിച്ചവർ രണ്ടാം ഡോസ് COVID-19 വാക്സിൻ സ്വീകരിക്കുന്ന നടപടികൾ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
2021 ജൂലൈ 5 മുതൽ പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, പരിസരങ്ങളിലേക്കും, ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട മറ്റു പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 5 മുതൽ ഹജ്ജ് തീർത്ഥാടനം അവസാനിക്കുന്നതുവരെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്.
🇴🇲ഈദുൽ അദ്ഹ വേളയിൽ ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ COVID-19 രോഗവ്യാപനം തടയുന്നതിനാണെന്ന് റോയൽ ഒമാൻ പോലീസ്.
✒️ഈദുൽ അദ്ഹ വേളയിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌണുമായി പൂർണ്ണമായും സഹകരിക്കാൻ പൊതുജനങ്ങളോട് റോയൽ ഒമാൻ പോലീസ് (ROP) ആഹ്വാനം ചെയ്തു. ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ ഈ ലോക്ക്ഡൌൺ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിവരുന്നതായും ROP വ്യക്തമാക്കി.
ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട 3 ദിവസങ്ങളിൽ (ദുൽ ഹജ്ജ് 10 മുതൽ 12 വരെ) രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണെന്ന് ജൂലൈ 6-ന് സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. ഈ ലോക്ക്ഡൌൺ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 16 മുതൽ രാജ്യത്ത് പ്രത്യേക ഓപ്പറേഷൻസ് സെന്റർ പ്രവർത്തനമാരംഭിക്കുമെന്നും, ഈ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുന്നതാണെന്നും പോലീസ് ആൻഡ് കസ്റ്റംസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല ബിൻ അലി ബിൻ ഹമദ് അൽ ഹർത്തി വ്യക്തമാക്കി.
ഈദുൽ അദ്ഹ വേളയിൽ ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ COVID-19 രോഗവ്യാപനം തടയുന്നതിനാണെന്നും, ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനല്ലെന്നും അൽ ഹർത്തി കൂട്ടിച്ചേർത്തു. “സുപ്രീം കമ്മിറ്റിയുടെ നിയന്ത്രണങ്ങൾ രാജ്യത്തെ COVID-19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ്. ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ ഞങ്ങൾ കൈക്കൊള്ളുന്നതാണ്.”, അദ്ദേഹം വ്യക്തമാക്കി.
ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട 3 ദിവസങ്ങളിൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണെന്ന് മേജർ ജനറൽ അബ്ദുല്ല ബിൻ അലി ബിൻ ഹമദ് അൽ ഹർത്തി വ്യക്തമാക്കി. ഈ മൂന്ന് ദിവസങ്ങളിൽ മുഴുവൻ സമയങ്ങളിലും വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്. ഈ സമയങ്ങളിൽ രോഗികൾ, മനുഷ്യത്വപരമായ ഇളവുകൾ ആവശ്യമുള്ള മറ്റു കേസുകൾ എന്നിവർക്ക് ഇളവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണസാധനങ്ങൾ, ആവശ്യവസ്തുക്കൾ എന്നിവയുടെ വില്പന തടസപ്പെട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അവശ്യ സർവീസുകളായ വൈദ്യുതി വിതരണം, കുടിവെള്ള വിതരണം, മെഡിക്കൽ സേവനങ്ങൾ മുതലായവയ്ക്ക് ഇളവ് അനുവദിക്കുന്നതാണ്.
വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവർക്കും, ഇവർക്ക് എയർപോർട്ടുകളിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്കും, ലോക്ക്ഡൌൺ വേളയിൽ സഞ്ചരിക്കുന്നതിന് അനുമതി നൽകുന്നതാണ്. ഇതിനായി ഇത്തരം യാത്രികർ തങ്ങളുടെ കൈവശം വിമാന ടിക്കറ്റിന്റെ കോപ്പി, മറ്റു രേഖകൾ എന്നിവ കരുതേണ്ടതാണ്.
🇸🇦സൗദി: ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; ഈദുൽ അദ്ഹ ജൂലൈ 20-ന്.
✒️മാസപ്പിറവി ദൃശ്യമാകാത്തതിനാൽ, 2021 ജൂലൈ 11, ഞായറാഴ്ച്ചയായിരിക്കും ദുൽ ഹജ്ജിലെ ആദ്യ ദിവസമെന്ന് സൗദി അറേബ്യയിലെ സുപ്രീം കോർട്ട് അറിയിച്ചു. ഇതിനാൽ 2021-ലെ ഈദുൽ അദ്ഹ ജൂലൈ 20-നായിരിക്കുമെന്നും സുപ്രീം കോർട്ട് കൂട്ടിച്ചേർത്തു.
ജൂലൈ 9-ന് രാത്രിയാണ് സൗദി അധികൃതർ ഇക്കാര്യം അറിയിച്ചത്. ദുൽ ഹജ്ജ് പത്തിനാണ് ഈദുൽ അദ്ഹ അഥവാ ബലിപെരുന്നാൾ ആചരിക്കുന്നത്.
2021 ജൂലൈ 19-നായിരിക്കും അറഫ ദിനമെന്നും അധികൃതർ വ്യക്തമാക്കി.
🇦🇪അബുദാബി: മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്ത പത്തൊമ്പതിനായിരത്തിലധികം വാഹനങ്ങൾക്ക് പിഴ ചുമത്തി.
✒️എമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്തതിന് പത്തൊമ്പതിനായിരത്തിലധികം വാഹനങ്ങൾക്ക് 2021 ആദ്യ പകുതിയിൽ പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു. ഇത്തരത്തിൽ 19327 വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്.
മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്നത് അപകടങ്ങളിലേക്ക് നയിക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം അപകടങ്ങൾ മരണങ്ങൾക്ക് വരെ കരണമാകാമെന്നും, അതിനാൽ ഇത്തരം പ്രവർത്തികൾ ഒഴിവാക്കാനും, എമിറേറ്റിലെ റോഡ് നിയമങ്ങൾ കർശനമായി പാലിക്കാനും അബുദാബി ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
എമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്നവർക്ക് 400 ദിർഹം പിഴചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ, ഇത്തരം വീഴ്ച്ചകൾ വരുത്തുന്ന ഡ്രൈവർമാർക്ക് 4 ബ്ലാക്ക് പോയിന്റുകൾ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
🇶🇦ഖത്തറിന് പുറത്ത് 6 മാസം തികയാത്തവര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് വേണ്ട.
✒️വര്‍ക്ക് വിസയുള്ളവര്‍ ജൂലൈ 12 മുതല്‍ ഖത്തറിലേക്ക് പ്രവേശിക്കുമ്പോള്‍ എക്‌സപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് ആവശ്യമില്ല. സാധുവായ വിസയുള്ളവരും രാജ്യത്തിന് പുറത്ത് 6 മാസം തികഞ്ഞിട്ടില്ലാത്തവരുമായ ആളുകള്‍ക്കാണ് എക്‌സ്പ്ഷനല്‍ പെര്‍മിറ്റ് ഇല്ലാതെ പ്രവേശിക്കാനാവുകയെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് വിഭാഗം മേധാവി മേജര്‍ അബ്ദുല്ല അല്‍ ജാസ്മി പറഞ്ഞു.
ഖത്തറിന് പുറത്ത് ഏതെങ്കിലും കാരണത്താല്‍ ആറ് മാസത്തില്‍ കൂടുതല്‍ കഴിയുകയോ വിസ എക്‌സ്പയര്‍ ആവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഹുക്കൂമി വെബ്‌സൈറ്റ് അല്ലെങ്കില്‍ മെത്രാഷ് 2 വഴി ആവശ്യമായ ഫീസ് അടച്ച് മടങ്ങി വരാവുന്നതാണ്.
ആറ് മാസം തികയാത്തവര്‍ക്ക് യാത്രയുടെ 12 മണിക്കൂര്‍ മുമ്പ് ഇഹ്തിറാസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മടങ്ങി വരാവുന്നതാണ്.
🇸🇦സൗദിയില്‍ ഇന്ധനവിലയ്ക്ക് പരിധി നിര്‍ണയിച്ചു; അധികവില സര്‍ക്കാര്‍ വഹിക്കും.
✒️സൗദി അറേബ്യയില്‍ പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്ക് വിലപരിധി നിശ്ചയിച്ചു. ജൂണ്‍ മാസത്തെ വിലയായിരിക്കും ഇനി മുതല്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരിക. ഇന്നു മുതല്‍ 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമായിരിക്കും.
ഓരോ മാസവും ജൂണ്‍ വിലയേക്കാള്‍ ഉണ്ടാകുന്ന വില വര്‍ധന സര്‍ക്കാര്‍ വഹിക്കും. രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും ജീവിത ചെലവ് കുറക്കുന്നതിനും സാമ്പത്തിക വളര്‍ച്ചക്ക് പിന്തുണ നല്‍കുന്നതിനുമാണിത്. ജൂലൈ മാസം പെട്രോള്‍ 91 ന് 2.28 റിയാലും 95ന് 2.44 റിയാലുമാണ്. എങ്കിലും ജൂണ്‍ വിലയായിരിക്കും പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുക.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 100ല്‍ താഴെ; ഒരു മരണം കൂടി.
✒️ഖത്തറില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 133 പേരാണ് രോഗമുക്തി നേടിയത്. 60 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 37 പേര്‍. 1,513 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 599. രാജ്യത്ത് ഇതുവരെ 2,21,160 പേര്‍ രോഗമുക്തി നേടി. ഇന്ന് 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 88 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 6,519 ഡോസ് വാക്സിന്‍ നല്‍കി. ആകെ വാക്സിന്‍ ഡോസുകളുടെ എണ്ണം 33,90,306 ആയി. വാക്സിനേഷന് യോഗ്യരായ 77.8 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്സിന്‍ ലഭിച്ചു.
🇦🇪യുഎഇയില്‍ 1,520 പേര്‍ക്ക് കൂടി കൊവിഡ്, ഏഴ് മരണം.
✒️യുഎഇയില്‍ 1,520 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,468 പേര്‍ സുഖം പ്രാപിക്കുകയും ഏഴുപേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,99,363 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,48,702 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,26,800 പേര്‍ രോഗമുക്തരാവുകയും 1,860 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,042 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇸🇦സൗദിയില്‍ അഞ്ച് ലക്ഷം കവിഞ്ഞു കൊവിഡ് കേസുകള്‍.
✒️സൗദി അറേബ്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. ഇന്ന് പുതുതായി 1,177 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 500,083 ആയി ഉയര്‍ന്നു. ഇന്ന് സുഖം പ്രാപിച്ച 1,516 പേരുടെ എണ്ണം കൂടി ചേര്‍ന്നതോടെ ഇതുവരെ ആകെ രോഗമുക്തരുടെ എണ്ണം 481,225 ആയി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 7,963 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,895 ആയി കുറഞ്ഞു.
ഇതില്‍ 1,395 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 305, മക്ക 297, കിഴക്കന്‍ പ്രവിശ്യ 178, അസീര്‍ 96, മദീന 59, ജീസാന്‍ 56, ഹായില്‍ 48, അല്‍ഖസീം 43, നജ്‌റാന്‍ 41, വടക്കന്‍ അതിര്‍ത്തി മേഖല 18, അല്‍ബാഹ 17, തബൂക്ക് 14, അല്‍ജൗഫ് 5. രാജ്യത്തെ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് 19,423,184 ഡോസ് ആയി.
🇰🇼കുവൈത്ത് കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ 'ഓക്സ്ഫോർഡ് - ആസ്ട്രസെനക' എന്ന് രേഖപ്പെടുത്തി തുടങ്ങി.
✒️കുവൈത്തിൽ നിന്ന് ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ 'ഓക്സ്ഫോർഡ് ആസ്ട്ര സെനക' എന്ന് രേഖപ്പെടുത്തിത്തുടങ്ങി. ഓക്സ്ഫോർഡ് വാക്സിനെടുത്തവർക്കു വാക്സിനേഷൻ പോർട്ടലിൽ നിന്നു ഭേദഗതിയോട് കൂടിയ പുതിയ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് ആരോഗ്യമന്ത്രലയം അറിയിച്ചു.
ചിലരാജ്യങ്ങൾ 'ഓക്സ്ഫോർഡ്' എന്ന് മാത്രം ഉള്ള സർട്ടിഫിക്കറ്റ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഓക്സ്ഫോർഡ് എന്നതിനൊപ്പം 'ആസ്ട്രാസെനെക' എന്നുകൂടെ രേഖപ്പെടുത്താൻ തുടങ്ങിയത്. നേരത്തെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് വാക്സിനേഷൻ പോർട്ടലിൽ നിന്ന് ഭേദഗതി വരുത്തിയ സർട്ട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.
ചില രാജ്യങ്ങളിൽ 'ആസ്ട്രസെനക' എന്ന പേരിലാണ് വാക്സിൻ അംഗീകാരമുള്ളത്. ഇതുമൂലം ഉണ്ടാകാനിടയുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് സർട്ടിഫിക്കറ്റിൽ രണ്ടു പേരുകളും ചേർക്കുന്നത്.

0 Comments