വിവാദങ്ങൾക്കിടെ ലക്ഷദ്വീപ് കലക്ടർ അസ്കർ അലിക്ക് സ്ഥലംമാറ്റം.
വിവാദത്തിനിടയാക്കിയ നിരവധി തീരുമാനങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിച്ച ലക്ഷദ്വീപ് കലക്ടർ അസ്കർ അലിയെ സ്ഥലംമാറ്റി. ദാദ്രനഗർഹവേലിയിലേക്കാണ് പുതിയ നിയമനം. ദാദ്രനഗർഹവേലിയിൽ നിന്നും സലോനി റായ്, രാകേഷ് മിൻഹാസ് എന്നീ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർ ലക്ഷദ്വീപിലെത്തും. ഇരുവരും അസ്കർ അലിയും 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്.
അസ്കർ അലിക്ക് പകരം ഇവരിൽ ആരായിരിക്കും കലക്ടർ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇവരെ കൂടാതെ മൂന്ന് ഐ.എ.എസ് ഓഫീസർമാർ ലക്ഷദ്വീപിൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ടിക്കുന്നുണ്ട്. നികത്തപ്പെടാത്ത രണ്ട് ഒഴിവുകളുമുണ്ട്.
ജനവിരുദ്ധ നയങ്ങൾ ലക്ഷദ്വീപ് ജനതക്കുമേൽ അടിച്ചേൽപ്പിക്കാനുള്ള അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ശ്രമങ്ങൾക്ക് കൂട്ട് നിന്നതോടെയാണ് അസ്ക്കർ അലി വിവാദങ്ങളിൽ ഇടംപിടിച്ചത്. എല്ലാ വിവാദങ്ങൾക്കുമിടയിൽ അഡ്മിനിസ്ട്രേറ്ററുടെ വലംകൈയായി നിന്ന ഓഫീസറായിരുന്നു അസ്കർ അലി. ലക്ഷദ്വീപ് വിവാദം രൂക്ഷമായ ഘട്ടത്തിൽ ഭരണകൂടത്തെ ന്യായീകരിച്ച് അസ്കർ അലി കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയത് ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
അസ്കർ അലിയുടെ ചില പരാമർശങ്ങൾ ദ്വീപ് ജനതയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ശക്തമായ പ്രതിഷേധമുയർന്നത്. കില്‍ത്താന്‍ ദ്വീപില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്നും ലഹരി ഉപയോഗം വര്‍ധിക്കുന്നതായും അസ്കർ അലി പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ജനങ്ങളെ നിയമവിരുദ്ധമായി കുടിയൊഴിപ്പിച്ച നടപടികളെയും അസ്കർ അലി ന്യായീകരിച്ചിരുന്നു. ലക്ഷദ്വീപിനെക്കുറിച്ച് പുറത്ത് വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും ദ്വീപിലെ അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചതെന്നുമാണ് വിശദീകരിച്ചത്.
ലക്ഷദ്വീപിലെ പ്രതിഷേധങ്ങൾ തടയാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചതടക്കം നടപടികളിൽ കലക്ടർ വിമർശനം നേരിട്ടു. ഏറ്റവുമൊടുവിൽ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ഭിന്നശേഷിക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ നടപടിയും വിവാദമായിരുന്നു. ദ്വീപിലെ ഐ.പി.എസ് ഓഫീസർമാരായ സച്ചിൻ ശർമ, അമിത് വർമ എന്നിവർക്ക് ഡൽഹിയിലേക്കും സ്ഥലംമാറ്റമുണ്ട്. പകരം ദാദ്രനഗർഹവേലിയിൽ നിന്നും വി.എസ്. ഹരേശ്വർ ലക്ഷദ്വീപിലെത്തും.
'അരങ്ങൊഴിയൽ ആരെയും വിശുദ്ധരാക്കില്ല; ലക്ഷദ്വീപിന്‍റെ ചരിത്രത്തിലെ എറ്റവും മോശം കലക്ടർ'.
സ്ഥലംമാറ്റം ലഭിച്ച ലക്ഷദ്വീപ് കലക്ടർ അസ്കർ അലി ദ്വീപിന്‍റെ ചരിത്രത്തിലെ ഏറ്റവും മോശം കലക്ടറാണെന്ന് സംവിധായിക ഐഷ സുൽത്താന. അരങ്ങൊഴിയൽ ആരെയും ഒരിക്കലും വിശുദ്ധരാക്കില്ലെന്ന് പറഞ്ഞ ഐഷ, അസ്കർ അലി കലക്ടറായിരുന്ന കാലത്ത് നടത്തിയ ജനവിരുദ്ധ നടപടികൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടി.
വിവാദത്തിനിടയാക്കിയ നിരവധി തീരുമാനങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിച്ച കലക്ടർ അസ്കർ അലിയെ ദാദ്രനഗർഹവേലിയിലാണ് പുതിയതായി നിയമിച്ചിരിക്കുന്നത്. ദാദ്രനഗർഹവേലിയിൽ നിന്നും സലോനി റായ്, രാകേഷ് മിൻഹാസ് എന്നീ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർ ലക്ഷദ്വീപിലെത്തും. അസ്കർ അലിക്ക് പകരം ഇവരിൽ ആരായിരിക്കും കലക്ടർ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ലക്ഷദ്വീപ് ജനതയുടെ ബുദ്ധിമുട്ടുകളിൽ പരിഹാരം കാണാനും നടപടി എടുക്കാനും ജനങ്ങളുടെ ഒപ്പം നിൽക്കാനും പുതിയതായി വരാൻ പോകുന്ന കലക്ടർക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നതായി ഐഷ സുൽത്താന ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
_ഐഷ സുൽത്താനയുടെ കുറിപ്പ് വായിക്കാം..._
Asker Ali IAS എന്ന ഡിസ്ട്രിക്റ്റ് കലക്ടർ ലക്ഷദ്വീപിൽ നിന്ന് അരങ്ങൊഴിയുകയാണ്...
_ലക്ഷദ്വീപ് കണ്ടതിൽ വെച്ച് എറ്റവും മോശം കലക്ടർ എന്ന് ഇദ്ദേഹത്തെ ലക്ഷദ്വീപിൻ്റെ ചരിത്രം രേഖപ്പെടുത്തും. മരണം പോലും ആരെയും വിശുദ്ധരാക്കുന്നില്ലാ, അപ്പോൾ അരങ്ങൊഴിയൽ ആരെയും ഒരിക്കലും വിശുദ്ധരാക്കില്ലാ..._
_സുപ്രീംകോടതിയുടെ നിർദേശ പ്രകാരം ഉണ്ടാക്കിയ ഐ.ഐ.എം.പി. ലക്ഷദ്വീപിലെ മത്സ്യ തൊഴിലാളികൾക്ക് ഉപയോഗിക്കാൻ ഉറപ്പ് നല്കിയ കോസ്റ്റൽ കോമണുകളിൽ ഇരിക്കുന്ന പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ ഷെഡും, വാഹനങ്ങളും, കോറോണ, 144 ൻ്റെ മറവിൽ കൂട്ടി ഇട്ട് കത്തിച്ച കലക്ടർ അസ്കർ അലി._
_താൻ ഭരിക്കുന്ന പ്രദേശത്താണ് എറ്റവും കൂടുതൽ ക്രൈം നടക്കുന്നത് എന്ന് വാദിച്ച ലോകത്തിലെ ആദ്യ കലക്ടർ അസ്കർ അലി._
_ഇൻ്റർനാഷണൽ ചാലിൽ നിന്ന് അതും ശ്രീലങ്കയുടെ പക്കൽ നിന്ന് പിടിച്ച മയക്കുമരുന്നും ആയുധങ്ങളും ലക്ഷദ്വീപുകാരുടെ പെടലിക്ക് വെച്ച് കെട്ടി, ദ്വീപ്കാരെ തീവ്രവാദി എന്ന് മുദ്ര കുത്താൻ ശ്രമിച്ച കലക്ടർ അസ്കർ അലി._
_ദ്വീപിൽ ഇല്ലാത്ത ഓക്സിജൻ പ്ലാൻ്റുകൾ ദ്വീപിൽ ഉണ്ടെന്ന് കല്ല് വെച്ച നുണ പറഞ്ഞ കലക്ടർ അസ്കർ അലി..._
_രോഗികൾക്ക് പോലും യാത്രാ സൗകര്യം വെട്ടിക്കുറച്ച കലക്ടർ അസ്കർ അലി... ആരോഗ്യമേഖലയെ പഴയതിനെക്കാളും കുത്തനെ താഴേക്ക് കൊണ്ടെത്തിച്ച കലക്ടർ അസ്കർ അലി..._
_ലക്ഷദ്വീപുകാർ പ്രതികരിച്ചാൽ 144 എന്ന വകുപ്പിട്ട് ഒതുക്കി പുറം ലോകം അറിയാതിരിക്കാൻ ജനങ്ങളെ അടിച്ചമർത്തി കൊണ്ടിരുന്ന കലക്ടർ അസ്കർ അലി..._
_അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഓർമകൾ ദ്വീപുകാരന് സമ്മാനിച്ച് കൊണ്ട് തന്നെയാണ് അദ്ദേഹം മടങ്ങി പോവുന്നത്..._
_ഇനി ഞങ്ങൾക്ക് പുതിയൊരു കലക്ടർ വരുന്നു എന്ന സന്തോഷമാണ്..._
_പുതിയതായി വരാൻ പോകുന്ന ഞങ്ങളുടെ കലക്ടരോട് ഒരു ദ്വീപുകാരി എന്ന നിലയിലും ഇതെന്‍റെ കടമയാണെന്ന വിശ്വാസത്തിലും ചിലത് അറിയിക്കാനുണ്ട്..._
_ഞങ്ങളിത് സാധാരണക്കാരുടെ ജീവിതമാണ്..._
_അറബിക്കടലുകളിലെ തുരുത്തുകളിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് സ്ഥിര താമസമാക്കിയ ലക്ഷദ്വീപ് ജനങ്ങൾക്ക് രാജ്യത്തോടും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളോടുമുള്ള വിശ്വാസമാണ് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്..._
_ആ വിശ്വാസത്തെ ഞങ്ങൾക്ക് തിരിച്ചു കൊണ്ട് തരണം..._
_നമ്മുടെ ദ്വീപിന്‍റെ ആരോഗ്യമേഖല മുമ്പത്തേക്കാളും വളരെ മോശം സ്ഥിതിയിലാണ് തുടരുന്നത്..._
_അത്യാവശ്യ മരുന്നുകൾ പോലും ഇവിടത്തെ ഹോസ്പിറ്റലുകളിൽ കിട്ടാനില്ല,_
_ചെറുതായിട്ട് എല്ലൊടിഞ്ഞാലും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന ദുരവസ്ഥയാണ് ഞങളുടേത്..._
_ഇതിന്‍റെ ഇടയിലാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കൂടി കൊണ്ടിരിക്കുന്നത്..._
_പെട്രോൾ വില 135 ലും 140 ലും എത്തി നിൽക്കുന്നു, മണ്ണെണ്ണ പോലും 65 ഇൽ എത്തി... ഇത് നമ്മുടെ മത്സ്യബന്ധന തൊഴിലാളികളെ വളരെ വലിയ തോതിൽ ബുദ്ധിമുട്ടിച്ചിരിക്കയാണ്..._
_യാത്രാ ക്ലേശം അതിരൂക്ഷമാണ്. നേരത്തെ ഉണ്ടായിരുന്ന 7 കപ്പലുകളിൽ രണ്ടണ്ണമേ സർവീസുള്ളൂ. ഈ പത്ത് ദ്വീപിലെയും ആളുകളും രോഗികളും വളരെയധികം ബുദ്ധിമുട്ടിൽപെട്ടിരിക്കയാണ്..._
_ഞാൻ വീണ്ടും ആവർത്തിക്കുന്നു ലക്ഷദ്വീപിനാവശ്യം അടിസ്ഥാന വികസനമാണ്..._
_1: നല്ല ചികിത്സ ഉറപ്പ് വരുത്തുക._
_2: യാത്ര ദുരിതം എത്രയും പെട്ടെന്ന് പരിഹരിക്കുക._
_3: പിരിച്ചു വിട്ടവരെ ഉടൻ തിരിച്ചെടുക്കാനുള്ള നടപടികൾ ആരംഭിക്കുക._
_4: തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നടപടികൾ ലക്ഷദ്വീപ് ഭരണകൂടം ഉടൻ കൈക്കൊള്ളുക._
_5: ജനാധിപത്യ രാജ്യത്ത് ജനങ്ങളാൽ തെരഞ്ഞെടുത്ത പ്രതിനിധികൾക്ക് ജനങ്ങളുടെ ഹിതം അനുസരിച്ചു കൊണ്ട് ഭരിക്കാനുള്ള സ്വാതന്ത്ര്യം നൽകുക..._
_ഞങ്ങളുടെ ഈ ബുദ്ധിമുട്ടുകളിൽ പരിഹാരം കാണാനും നടപടി എടുക്കാനും, ജനങളുടെ ഒപ്പം നിൽക്കാനും പുതിയതായി വരാൻ പോകുന്ന കലക്ടർക്ക് സാധിക്കും എന്ന് വിശ്വസിക്കുന്നു... ഒപ്പം ലക്ഷദ്വീപിലേക്ക് സ്വാഗതം._
0 Comments